ഇടുക്കി: കനത്ത ചൂടില്‍ നിന്ന് അൽപം ആശ്വാസം തേടി ഇടുക്കിയിലേക്ക് എത്തുന്നവര്‍ നിരവധിയാണ്. കൺകുളിർപ്പിക്കുന്ന കാഴ്‌ചകള്‍ക്കൊപ്പം വൈകുന്നേരങ്ങളില്‍ വീശിയടിക്കുന്ന കാറ്റും മൂടികെട്ടിയ അന്തരീക്ഷവുമൊക്കെ പൊള്ളുന്ന ചൂടിൽ സഞ്ചാരികള്‍ക്ക് ആശ്വാസം പകരുന്നു. ചൂടിൽ നിന്നും ആശ്വാസം തേടി ഇടുക്കിയിലെ പരുന്തുംപാറയിലേക്ക് ഒഴുകിയെത്തുകയാണ് സഞ്ചാരികൾ.
മുന്‍പെങ്ങും അനുഭവിക്കാത്ത വേനലിന്‍റെ പിടിയിലാണ് ഇടുക്കിയും. എന്നാൽ ഇതര ജില്ലകളിൽ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്നവർക്ക് ഇടുക്കി തണലാവുന്നു. പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ കൂടാതെ പരുന്തുംപാറ അടക്കമുള്ള പ്രദേശങ്ങളിലും ഇപ്പോൾ വന്‍ തിരക്കാണ് അനുഭവപെടുന്നത്. പീരുമേടിനടുത്തായി സ്ഥിതി ചെയ്യുന്ന, പ്രകൃതി സൗന്ദര്യത്തിന് പേരുകേട്ട പരുന്തുംപാറയിലെ തണുത്ത, ശക്തമായ കാറ്റ് കാഴ്‌ചകൾക്കൊപ്പം ഇവിടുത്തെ പ്രധാന ആകർഷമാണ്.
പരുന്തുംപാറയിലെ കാറ്റിനോട് മത്സരിക്കാൻ പട്ടവുമായി എത്തുന്നവരും നിരവധി. ശക്തമായ കാറ്റിനെ അതിജീവിച്ച് പട്ടം പറത്താതെ പരുന്തുംപാറയില്‍ നിന്നും ആരും മടങ്ങാറില്ല. സ്വന്തം നാട്ടിലെ വേനല്‍ ചൂടില്‍ നിന്ന് മനസും ശരീരവും തണുപ്പിക്കാൻ കുടുംബവുമൊത്ത് പരുന്തുംപാറ കയറുന്നവര്‍ നിരവധിയാണ്. പകല്‍ ചൂടുണ്ടെങ്കിലും വൈകുന്നേരങ്ങളില്‍ പരുന്തുംപാറയിലേക്ക് തണുപ്പൊഴുകിയെത്തും. മൂടികെട്ടിയ അന്തരീക്ഷവും അപ്രതീക്ഷമായി വീണു കിട്ടുന്ന ചാറ്റല്‍ മഴയും വേനല്‍ ചൂടിന് അൽപമെങ്കിലും കുളിര് പകരുന്നു.