ഇടുക്കി: മൂന്നാറിലെത്തുന്ന സഞ്ചാരികളുടെ ഇഷ്‌ട കേന്ദ്രമാണ് രണ്ടാംമൈല്‍ വ്യൂപോയിന്‍റും പരിസര പ്രദേശങ്ങളും. മലനിരകളെ പുല്‍കിയിറങ്ങുന്ന കോടമഞ്ഞും തേയിലച്ചെടികളാല്‍ പച്ചവിരിച്ച മലഞ്ചെരുവുമാണ് രണ്ടാംമൈലിനെ സഞ്ചാരികളുടെ ഇഷ്‌ട കേന്ദ്രമാക്കുന്നത്. മൂന്നാറിലേക്കുള്ള യാത്രയില്‍ രണ്ടാംമൈലില്‍ ഇറങ്ങി വിശ്രമിച്ചും ചിത്രങ്ങള്‍ പകര്‍ത്തിയുമൊക്കെയാണ് സഞ്ചാരികള്‍ യാത്ര തുടരാറ്.
മൂന്നാറിന്‍റെ പ്രവേശന കവാടമാണ് രണ്ടാംമൈല്‍. മൂന്നാര്‍ തൊട്ടരികെയെന്ന് സഞ്ചാരികളെ വിളിച്ചറിയിക്കുന്ന ഭൂപ്രകൃതി. സഥാ വീശിയടിക്കുന്ന തണുത്ത കാറ്റ്. പച്ചപ്പാര്‍ന്ന തേയില കാടുകളെ ഈറനണിയിക്കാനായി ഇടക്കിടെ പെയ്‌തൊഴിയുന്ന ചാറ്റല്‍ മഴ. മഴയ്‌ക്ക് പിന്നാലെ മേഘപാളികള്‍ക്കിടയില്‍ നിന്നും താണിറങ്ങുന്ന കോട. ഇതാണ് മഴയും കോടയും കുളിരുമുണ്ടാകുമ്പോഴുള്ള രണ്ടാം മൈലിന്‍റെ മനോഹാരിത.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
എന്നാല്‍ തെളിഞ്ഞ കാലാവസ്ഥയാണെങ്കിലും കാഴ്‌ചകള്‍ക്ക് യാതൊരു കുറവുമില്ല ഇവിടെ. വ്യൂപോയിന്‍റിലെത്തിയാല്‍ പച്ചപ്പകിട്ട് അണിഞ്ഞ് സുന്ദരിയായ പ്രകൃതി ഭംഗി. കണ്ണെത്താ ദൂരത്തോളം അതങ്ങനെ പരന്ന് കിടക്കും. പച്ചപ്പിനിടെ വളഞ്ഞ് പുളഞ്ഞ് പോകുന്ന പാതയും അതിനിടെയുള്ള ചെറിയ കെട്ടിടങ്ങളും കാണാം. അങ്ങ് അകലെ വെള്ളി വര പോലെ ഒലിച്ചിറങ്ങുന്ന വെള്ളച്ചാട്ടവും ആസ്വദിക്കാം.
മഴ കാലം വിടവാങ്ങുന്നതോടെയാണ് മൂന്നാറില്‍ യാത്രക്കാരുടെ തിരക്കേറുക. നവംബര്‍, ഡിസംബര്‍ മാസത്തിലെ തണുപ്പും പ്രകൃതി മനോഹാരിതയും ആസ്വദിക്കാനെത്തുന്നവരായിരിക്കും അധികവും. മൂന്നാറിലേക്കുള്ള യാത്രക്കാരുടെ ഒഴുക്ക് വര്‍ധിക്കുന്നതോടെ രണ്ടാംമൈലും സഞ്ചാരികളുടെ തിരക്കിലമരും. കോടമഞ്ഞ് പുല്‍കുന്ന രണ്ടാംമൈലിന്‍റെ മനോഹര കാഴ്‌ച സഞ്ചാരികള്‍ക്കെത്ര ആസ്വദിച്ചാലും മതിയാവാറില്ല.