തിരുവനന്തപുരം: കിളിമാനൂർ കൊട്ടാര വളപ്പിന് മുന്നിലെ പച്ച പുതച്ച ഭൂമികയിൽ പ്രകൃതി ഭംഗി ആസ്വദിച്ച്, കളകളമൊഴുകുന്ന ചെറു തോടിൻ്റെ ഇരുമ്പലും കേട്ട് മോഹൻലാൽ ചുട്ട ദോശ കഴിക്കാം എന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ ?. അതെ രാജീവേട്ടൻ്റെ ഉടമസ്ഥതയിലുള്ള ചേക്ക്‌സ് എന്ന തട്ടുകടയിൽ മോഹൻലാലും ജഗതി ശ്രീകുമാറും, നാരായണൻകുട്ടിയും, തിലകനും, ബാലചന്ദ്രമേനോനും ഒക്കെയാണ് ജീവനക്കാർ.
രൂപം കൊണ്ട് കാണാനായില്ലെങ്കിലും ശബ്‌ദം കൊണ്ട് എല്ലാവരും ഇവിടെയുണ്ട്. കിളിമാനൂർ ഗുരുകുൽ ഐടിഐയുടെ മുന്നിൽ നിന്നും 500 മീറ്റർ സഞ്ചരിച്ചാൽ കിളിമാനൂർ കൊട്ടാരത്തിൻ്റെ മുന്നിലുള്ള അതിമനോഹരമായ ഭൂമികയിലെത്താം. അവിടെയാണ് രാജീവിൻ്റെ ചെറിയ 'ചേക്ക്‌സ്' എന്ന തട്ടുകട. മിമിക്രി കലാകാരനായ രാജീവ്, കടയിൽ ഭക്ഷണം കഴിക്കാൻ എത്തുന്നവർക്ക് മുന്നിൽ താരങ്ങളുടെ ശബ്‌ദത്തിലാണ് സംസാരിക്കുക.
രാജീവിൻ്റെ മിമിക്രി കാണാൻ എത്തുന്നവർ തന്നെ ഏറെയാണ്. ഭക്ഷണത്തിന് ഓർഡർ എടുക്കുന്നത് പൊതുവേ ജഗതി ശ്രീകുമാറിൻ്റെ ശബ്‌ദത്തിൽ ആയിരിക്കും. ദോശ ചുടുമ്പോൾ സൂര്യ ഗായത്രിയിലെ മോഹൻലാൽ അല്ലാതെ വേറെ ഓപ്ഷൻ ഇല്ല. ചിക്കൻ ഫ്രൈ ഉണ്ടാക്കാൻ തിലകൻ റെഡി. മെനു വിസ്‌തരിക്കാൻ നാരായണൻകുട്ടി. മോഹൻലാലിനെ വെട്ടിച്ച് ദോശ മറിച്ചിടാൻ ചിലപ്പോൾ ബാലചന്ദ്രമേനോനും കൂടും.
രാജീവിൻ്റെ അച്ഛനായിട്ട് തുടങ്ങിയ തട്ടുകട നവീകരിച്ച് ഭക്ഷണവും കലയും ചേർത്ത് വിളമ്പുകയാണ് രാജീവും കുടുംബവും ഇപ്പോൾ. ആരപ്പാളയം എന്ന പ്രത്യേക മധുരൈ സ്റ്റൈൽ ചിക്കൻ ഫ്രൈ ആണ് ഇവിടത്തെ പ്രധാന വിഭവം. റെസിപ്പി പുറത്ത് വിടാൻ രാജീവ് തയ്യാറല്ല. കച്ചവടം കുഴപ്പത്തിലാകും എന്നാണ് നാരായണൻകുട്ടിയുടെ ശബ്‌ദത്തിൽ രാജീവിൻ്റെ മറുപടി.
ദോശ, ചമ്മന്തി തിരുവനന്തപുരത്തിൻ്റെ സ്വന്തം രസവട, കൊത്തു പൊറോട്ട, പൊറോട്ട തുടങ്ങി പത്തിലധികം വിഭവങ്ങൾ രാജീവ് വിളമ്പുന്നുണ്ട്. ഉച്ചയ്ക്ക് പൊതിച്ചോറ് കിട്ടും. പൊതിച്ചോറ് പൊതിയാൻ രാജീവിൻ്റെ അഭിപ്രായത്തിൽ ബാലചന്ദ്ര മേനോൻ തന്നെ മിടുക്കൻ. വൈകുന്നേരം 5:30 മുതലാണ് തട്ടുകടയിലെ പ്രത്യേക വിഭവങ്ങൾ ലഭിച്ചു തുടങ്ങുക.
ഒരു ചായ കിട്ടിയാൽ തട്ടുകടയ്ക്ക് മുന്നിലെ പ്രകൃതി ഭംഗി ആസ്വദിച്ച് കുടിക്കുകയും ആവാം. ഒപ്പം ഭാഗ്യമുണ്ടെങ്കിൽ രാജീവിൻ്റെ നാടൻപാട്ടും കേൾക്കാം. ആയിരത്തോളം വേദികളിൽ മിമിക്രി കലാകാരനായി പ്രകടനം കാഴ്‌ച വച്ചിട്ടുള്ള രാജീവിൻ്റെ ഭക്ഷണ രുചി അറിയണമെങ്കിൽ കിളിമാനൂരിലെ ചെക്‌സ് തട്ടുകടയിൽ തന്നെ എത്തണം.
Also Read: കൊച്ചിൻ തട്ടുകടയിലെ 'അരിക്കടുക്ക', ഹിറ്റാണ് മലബാറുകാരുടെ ഈ പലഹാരം