കണ്ണൂര്‍: മലനിരകളും വെള്ളച്ചാട്ടങ്ങളും കൊണ്ട് സമ്പന്നമായ നാടാണ് കുടക്. കേരളത്തിലെ കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളുമായി അതിര്‍ത്തി പങ്കിടുന്ന കുടകില്‍ പ്രധാനമായും ആറ് വെള്ളച്ചാട്ടങ്ങളാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. മടിക്കേരിക്കടുത്ത അബ്ബി ഫാള്‍സും കോട്ടെ അബ്ബിഫാള്‍സും കുമാരധാരാ അരുവിയില്‍ നിന്നും ഉത്ഭവിക്കുന്ന മല്ലള്ളി ഫാള്‍സ്, ചെയ്യന്‍റനെ ഗ്രാമത്തിലെ ചെലാവരഫാള്‍സ്, ബ്രഹ്മഗിരി മലനിരകളില്‍ നിന്നും ഉത്ഭവിക്കുന്ന ലക്ഷ്‌മണതീര്‍ത്ഥ എന്ന ഇരുപ്പൂ ഫാള്‍സുമാണ്.
സാധാരണ ഗതിയില്‍ ജൂലൈ മുതല്‍ ജനുവരിവരെയാണ് വെള്ളച്ചാട്ടങ്ങള്‍ കാണാന്‍ സഞ്ചാരികളെത്തുക. മഴക്കാലവും വിനോദസഞ്ചാരത്തിന് ഇടവേളകളില്ല എന്ന് തെളിയിച്ചു കൊണ്ട് ഇത്തവണ മണ്‍സൂണ്‍ ആരംഭത്തില്‍ തന്നെ സഞ്ചാരികള്‍ വെളളച്ചാട്ടങ്ങള്‍ കാണാന്‍ എത്തിത്തുടങ്ങി. കുടകിന്‍റെ സമൃദ്ധമായ പച്ചപ്പിനിടയില്‍ കുതിച്ചെത്തുന്ന വെളളച്ചാട്ടമാണ് ഇരുപ്പൂഫാള്‍സ് എന്ന ലക്ഷ്‌മണ തീര്‍ത്ഥം.
ബ്രഹ്മഗിരി മലനിരകളില്‍ നിന്നും ഉത്ഭവിക്കുന്ന ഇരുപ്പൂ വെള്ളച്ചാട്ടം പ്രകൃതി സ്‌നേഹികളുടേയും വിനോദസഞ്ചാരികളുടേയും ആശാ കേന്ദ്രമാണ്. മരങ്ങളാല്‍ ചുറ്റപ്പെട്ട പാതയിലൂടെ വേണം നടന്നു കയറാന്‍. അഞ്ഞൂറു മീറ്ററോളം നടന്നാല്‍ വെളളച്ചാട്ടത്തിന്‍റെ താഴത്തെ നിരയിലെത്താം. അടുത്ത ഘട്ടം വഴുവഴുപ്പുള്ള വഴിയാണ്. പാറകളില്‍ ചവിട്ടി വേണം കയറാന്‍. ഈ ഘട്ടത്തിലെ നടത്തത്തില്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്.
വഴുതി വീഴാനുളള സാധ്യത ഏറെയാണ്. ഇവിടെയെത്തിയാല്‍ സഞ്ചാരികളെ അതിശയിപ്പിക്കുന്ന കാഴ്‌ചയാണ്. ആകാശം തൊടാന്‍ വെമ്പുന്ന വന്‍മരങ്ങള്‍. പറന്നു നടക്കുന്ന മഞ്ഞു കൂട്ടങ്ങള്‍. ഒപ്പം വെളളച്ചാട്ടത്തിന്‍റെ സംഗീത സാന്ദ്രമായ ശബ്‌ദം. സഞ്ചാരികളെ തീര്‍ച്ചയായും അനുഭൂതിയുടെ ലഹരിയിലെത്തിക്കും. എന്നാല്‍ കുടകിന്‍റെ കുളിര്‍ പൂര്‍ണ്ണമായും അനുഭവിക്കണെങ്കില്‍ ഇവിടെ കുളിക്കണം.
ഒപ്പം മനോഹരമായ കാഴ്‌ചകള്‍ നമ്മെ പ്രകൃതിയുമായി കൂടുതല്‍ അടുപ്പിക്കുന്നു. 170 അടി ഉയരത്തില്‍ നിന്നും താഴേക്കു പതിക്കുന്ന ജലപ്രവാഹത്തിന്‍റെ സൗന്ദര്യം പൂര്‍ണ്ണമായും ആസ്വദിക്കാം. സൗന്ദര്യത്തിനും പ്രകൃതി ഭംഗിക്കും പുറമേ മതപരമായ പ്രാധാന്യവും ഈ വെള്ളച്ചാട്ടത്തിനുണ്ട്. ആ കഥ ഇങ്ങിനെ. ശ്രീരാമനും ലക്ഷ്‌മണനും സീതയോടൊപ്പം ഈ വനത്തില്‍ കഴിയുന്ന കാലം. ജേഷ്‌ഠനുമായി വഴക്കടിച്ച് കുറ്റബോധം കൊണ്ട് അമ്പെയ്‌ത് പാറയില്‍ തീയുണ്ടാക്കി ലക്ഷ്‌മണന്‍ ആത്ഹത്യക്ക് ശ്രമിച്ചു.
അനുജന്‍റെ ജീവഹാനി തടയാന്‍ രാമന്‍ അമ്പെയ്‌തു ഉണ്ടാക്കിയതാണ് ഈ വെളളച്ചാട്ടമെന്നാണ് സങ്കല്‍പ്പം. അതിനാല്‍ തന്നെ പാപപരിഹാരത്തിനായി വിശ്വാസികള്‍ ഈ വെളളത്തില്‍ കുളിക്കുന്നു. ആത്മീയ അനുഭൂതിക്കും പ്രകൃതിയെ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇരുപ്പൂ വെള്ളച്ചാട്ടവും ബ്രഹ്മഗിരി മലനിരയും നല്ലൊരു അനുഭവമായിരിക്കും. 50 രൂപ ടിക്കറ്റെടുത്ത് വനത്തിലൂടെ യാത്ര ചെയ്‌താല്‍ ഈ വെള്ളച്ചാട്ടത്തിലെത്താം. വയനാട് നിന്നും കുട്ട വഴിയും വീരാജ്‌പേട്ടയില്‍ നിന്നും ഈ വെളളച്ചാട്ടത്തിലെത്താം.
ALSO READ: ആര്‍ത്തലച്ച് പതഞ്ഞൊഴുകി അതിരപ്പിള്ളി വെള്ളച്ചാട്ടം: മനം കുളിര്‍ത്ത് സഞ്ചാരികള്‍