തിരുവനന്തപുരം : കാടിനുള്ളില്‍ മറഞ്ഞിരിക്കുന്ന വ്യൂ പോയിന്‍റുകള്‍ എന്നും സാഹസികരായ സഞ്ചാരികളെ ഹരം പിടിപ്പിക്കുന്നവയാണ്. ഇത്തരം സ്ഥലങ്ങളില്‍ പതിയിരിക്കുന്ന അപകടങ്ങളെ വകവയ്‌ക്കാതെ സാഹസിക യാത്രയ്ക്ക് പുറപ്പെട്ട് അപകടത്തില്‍പ്പെട്ടവരുടെ വാര്‍ത്തകളും നാം ധാരാളം കേട്ടിട്ടുണ്ട്. എന്നാല്‍ ഇനി കാടിന്‍റെ കുളിര്‍മയും വെല്ലുവിളികളും അനുഭവിച്ചറിയാന്‍ നിയമവിരുദ്ധമായ സാഹസങ്ങളിലേക്ക് കടന്നു ചെല്ലേണ്ടതില്ല.
വനം വകുപ്പ് തന്നെ സംസ്ഥാനത്തെ വന്യ ജീവി സങ്കേതങ്ങളില്‍ ട്രക്കിങ് പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. കാടിനെ തൊട്ടറിഞ്ഞു ശാസ്ത്രീയമായ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ ട്രക്കിങ് വഴികളിലൂടെ വനം വകുപ്പിന്‍റെ ഗൈഡുമാരുടെ സഹായത്തോടെ സുരക്ഷിതമായ ട്രക്കിങ് സാധ്യമാണെന്ന് പറയുകയാണ് തിരുവനന്തപുരം വനം വകുപ്പ് ആസ്ഥാനത്തെ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സാബു. വിവിധ വന്യ ജീവി സങ്കേതങ്ങളില്‍ ഇത്തരം ട്രക്കിങ്ങുകളുണ്ടെന്നത് പൊതുജനത്തിന് പൊതുവേ അറിയാത്ത കാര്യമാണ്.
കാട്ടിലേക്ക് അതിക്രമിച്ചു കയറി കാഴ്‌ച കാണാന്‍ പോയാല്‍ പലപ്പോഴും വനത്തിന്‍റെ സൗന്ദര്യം വ്യക്തമാകണമെന്നില്ല. ഇതു പലപ്പോഴും അപകടങ്ങളില്‍ ചെന്നവസാനിക്കാറാണ് പതിവ്. വനം വകുപ്പിന്‍റെ ട്രക്കിങ്ങുകളിലൂടെ കാണാക്കാഴ്‌ചകളും വന്യജീവികളെയും കൃത്യമായി കാണാനും നിരീക്ഷിക്കാനുമുള്ള സംവിധാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിവിധ വന്യ ജീവി സങ്കേതങ്ങളില്‍ സ്ഥിരമായുള്ള ട്രക്കിങ് പരിപാടികള്‍
- നെയ്യാര്‍ വന്യജീവി സങ്കേതം
വരയാടുംമൊട്ട : സമുദ്ര നിരപ്പില്‍ നിന്നും 1100 മീറ്റര്‍ ഉയരത്തിലുള്ള ട്രക്കിങ് പോയിന്‍റ്. പൊന്മുടി ചെക്ക് പോസ്റ്റിന് സമീപത്തുള്ള ഗോള്‍ഡന്‍ വാലിയില്‍ നിന്നും ആരംഭിക്കും. അപൂര്‍വയിനത്തില്‍പെട്ട വരയാടുകളെ ഈ ട്രക്കിങ് പാതയില്‍ കാണാനാകും. 18 കിലോമീറ്റര്‍ ദൂരത്തില്‍ ഒരു ദിവസം നീണ്ടു നില്‍ക്കുന്ന ട്രക്കിങ് രാവിലെ 7 മണിക്ക് ആരംഭിക്കും. 12 മണിക്കൂര്‍ നീണ്ട ട്രക്കിങ് നവംബര്‍ മുതല്‍ മെയ് മാസം വരെയാണ്. അഞ്ചുപേരടങ്ങുന്ന സംഘത്തിനാണ് അനുമതി. ഒരാള്‍ക്ക് 1500 രൂപയാണ് ഫീസ്. ട്രക്കിങ് സംഘത്തെ രണ്ടു ഗൈഡുകള്‍ അനുഗമിക്കും. ബന്ധപ്പെടേണ്ട നമ്പര്‍- 9447979082
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
സീതാതീര്‍ഥം : പൊന്മുടി ചെക്ക് പോസ്റ്റിന് സമീപത്തുള്ള ഗോള്‍ഡന്‍ വാലി ബേസ് ക്യാമ്പില്‍ നിന്നും 4 കിലോമീറ്റര്‍ വനപാതയിലൂടെയുള്ള ട്രക്കിങ്ങാണ് സീതാതീര്‍ഥം ട്രക്കിങ്. പുരാതന ക്ഷേത്രത്തിന്‍റെ അവശിഷ്‌ടങ്ങള്‍ ഈ ട്രക്കിങ്ങില്‍ കാണാം. 10 പേരടങ്ങുന്ന സംഘത്തിനാണ് അനുമതി. ഒരു സംഘത്തിന് 500 രൂപയാണ് ഫീസ്. കൂടുതല്‍ പേരുണ്ടെങ്കില്‍ ഒരാള്‍ക്ക് 60 രൂപ വീതമാകും. ആവശ്യക്കാര്‍ ഉണ്ടെങ്കില്‍ മാത്രമാണ് സീതാതീര്‍ഥം ട്രക്കിങ് വനം വകുപ്പ് നടത്തുക. ബന്ധപ്പെടേണ്ട നമ്പര്‍- 9447979082
മണചാല : പൊന്മുടി ചെക്ക് പോസ്റ്റിന് സമീപത്തുള്ള ഗോള്‍ഡന്‍ വാലി ബേസ് ക്യാമ്പില്‍ നിന്നും 6 കിലോമീറ്റര്‍ വനപാതയിലൂടെ സഞ്ചരിക്കാം. ഗൈഡ് ഒപ്പമുണ്ടാകും. 10 പേരടങ്ങുന്ന സംഘത്തിന് 500 രൂപയാണ് ഫീസ്. കൂടുതല്‍ പേരുണ്ടെങ്കില്‍ ഒരാള്‍ക്ക് 60 രൂപ വീതമാകും. ബന്ധപ്പെടേണ്ട നമ്പര്‍- 9447979082
മരുത്വാമല ഓഫ് സീസണ്‍ ട്രെക്കിങ് : വേനലില്‍ നടക്കുന്ന മരുത്വാമല ട്രക്കിങ് രാവിലെ 7.30 ക്ക് പൊന്മുടി ചെക്ക് പോസ്റ്റിന് സമീപത്തുള്ള ഗോള്‍ഡന്‍ വാലി ബേസ് ക്യാമ്പില്‍ നിന്നും ആരംഭിക്കും. 10 പേരടങ്ങുന്ന സംഘത്തിന് 500 രൂപയാണ് ഫീസ്. കൂടുതല്‍ പേരുണ്ടെങ്കില്‍ ഒരാള്‍ക്ക് 60 രൂപ വീതമാകും. ബന്ധപ്പെടേണ്ട നമ്പര്‍- 9447979082. തിരുവനന്തപുരത്തു നിന്നു നെടുമങ്ങാടെത്തിയാണ് പൊന്‍മുടിയിലേക്കു പോകേണ്ടത്.
- ശെന്തുരുണി വന്യജീവി സങ്കേതത്തിലെ ട്രക്കിങ് കേന്ദ്രങ്ങള്‍
കാട്ടിലപ്പാറ-നെടുവണ്ണൂര്‍ക്കടവ് : കൊല്ലം ജില്ലയിലെ കാട്ടിലപ്പാറയിലെ ബേസ് ക്യാമ്പില്‍ നിന്നും ആരംഭിക്കുന്ന 4 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ട്രക്കിങ്ങില്‍ വന്യ ജീവികളെ അടുത്തു കാണാനുള്ള അവസരമുണ്ടാകും. ഒരാള്‍ക്ക് 2000 രൂപയാണ് ഫീസ്. വനം വകുപ്പ് ഗൈഡുമാരും ഒപ്പമുണ്ടാകും. കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയിലെത്തിയാണ് കാട്ടിലപ്പാറയിലേക്കു പോകേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് - 8547602931
തെന്മല : തെന്മല ഡാം ബേസ് ക്യാമ്പില്‍ നിന്നും ആരംഭിക്കുന്ന ട്രക്കിങ് ഡാമിനോട് ചേര്‍ന്നുള്ള വനമേഖലയെ സഞ്ചാരികള്‍ക്ക് പരിചയപ്പെടുത്തും. തെന്മല ഡാമില്‍ നിന്നും ആരംഭിച്ച് ഏണിപ്പാറ വഴി മണ്ണന്തരയില്‍ അവസാനിക്കുന്ന രീതിയിലാണ് ട്രക്കിങ്. 10 പേരടങ്ങുന്ന സംഘത്തില്‍ ഒരാള്‍ക്ക് 2000 രൂപയാണ് ഫീസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ല വൈല്‍ഡ് ലൈഫ് വാര്‍ഡന്‍റെ 9447979081 എന്ന നമ്പറില്‍ ബന്ധപ്പെടാം.
തെന്മല റിസര്‍വോയര്‍ ട്രക്കിങ് : തെന്മല റിസര്‍വോയറിന്‍റെ ദൃശ്യഭംഗി ആസ്വദിച്ചുള്ള ഈ ട്രക്കിങ് തെന്മലയില്‍ നിന്നും ആരംഭിച്ച് റോസ്‌മല, പള്ളിവാസല്‍ വഴി തിരികെയെത്തും. രാവിലെ 8 മണി മുതല്‍ 10.30 വരെ, 10.30 മുതല്‍ ഉച്ചക്ക് 1 മണി വരെ, ഉച്ചയ്ക്ക് 2 മണി മുതല്‍ 4.30 വരെയുമാണ് ഈ ട്രക്കിങ്. ഒരാള്‍ക്ക് 500 രൂപ വീതമാണ് ഫീസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 8547602930, 8547602931 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
ശെന്തുരുണി ട്രക്കിങ് : ശെന്തുരുണി വന്യജീവി സങ്കേതത്തിനുള്ളിലൂടെ 18 കിലോമീറ്റര്‍ ദൂരം 8 മണിക്കൂര്‍ നീണ്ട ട്രക്കിങ്. 5 പേരടങ്ങുന്ന സംഘത്തേടൊപ്പം രണ്ടു ഗൈഡുമാരും ഒരു ഫോറസ്റ്റ് ഗാര്‍ഡുമുണ്ടാകും. രാവിലെ 8 മുതല്‍ വൈകിട്ട് 4 വരെയാണ് ട്രക്കിങ് സമയം. മുതിര്‍ന്നവര്‍ക്ക് 400 രൂപയും കുട്ടികള്‍ക്ക് 250 രൂപയുമാണ് ഫീസ്. ജില്ല വൈല്‍ഡ് ലൈഫ് വാര്‍ഡന്‍റെ 9447979081 എന്ന നമ്പറില്‍ ബന്ധപ്പെടാം.
റോസ്‌മല-പള്ളിവാസല്‍ ട്രക്കിങ് : വനത്തിലെ വെള്ളച്ചാട്ടം, പക്ഷിനിരീക്ഷണം, ക്യാമ്പിങ് എന്നിവ ഉള്‍പ്പെട്ട ട്രക്കിങ്ങില്‍ രണ്ടു പേരടങ്ങുന്ന സംഘത്തിന് 7500 രൂപയാണ് ഫീസ്. കൂടുതല്‍ പേരുണ്ടെങ്കില്‍ ഒരാള്‍ക്ക് 1500 രൂപ വീതം ഫീസ് നല്‍കണം. ജില്ല വൈല്‍ഡ് ലൈഫ് വാര്‍ഡന്‍റെ 9447979081 എന്ന നമ്പറില്‍ ബന്ധപ്പെടാം.
പെരിയാര്‍ വന്യജീവി സങ്കേതം : പെരിയാര്‍ വന്യ ജീവി സങ്കേതത്തിലെ പുല്‍മേടുകളും കൊടുംങ്കാടും കടന്ന് രണ്ടര മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ട്രക്കിങ്. ബുക്കിങ് അനുസരിച്ചാകും റൂട്ട് നിശ്ചയിക്കുക. 5 കിലോമീറ്റര്‍ നീണ്ട ട്രക്കിങ്ങില്‍ ഗൈഡ് ഒപ്പമുണ്ടാകും. സംഘത്തില്‍ കുറഞ്ഞത് നാല് പേര്‍ ഉണ്ടായിരിക്കണം. പരമാവധി ആറുപേര്‍വരെ ആകാം. ആകെ ഫീസ് 8400 രൂപ. ട്രക്കിങ് ആരംഭിക്കുന്ന സമയം: 7 AM, 7.30 AM, 10 AM, 10.30 AM, 2 PM, 2.30 PM. ട്രക്കിങ് ബുക്കിങ്ങിന് അസിസ്റ്റന്‍റ് ഫീല്‍ഡ് ഡയറക്‌ടറുടെ 9447979097 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
പെരിയാര്‍ വന്യ ജീവി സങ്കേതത്തിലെ സംരക്ഷിത ചന്ദനമരങ്ങള്‍ കണ്ട് 3 മണിക്കൂര്‍ നീണ്ടു നില്‍കുന്ന 5 കിലോമീറ്റര്‍ ദൂരമുള്ള ട്രക്കിങ്. രാവിലെ 7 മുതല്‍ 3 വരെ നടക്കുന്ന ട്രക്കിങ്ങിന് കുറഞ്ഞത് നാല് പേര്‍ വേണം. പരാമവധി ആറുപേര്‍വരെ ആകാം. 1800 രൂപയാണ് ആകെ ഫീസ്. 6 പേരടങ്ങുന്ന സംഘത്തിന് 300 രൂപ വീതമാണ് ഫീസ്. കൂടുതല്‍ പേരുണ്ടെങ്കില്‍ ഒരാള്‍ക്ക് 1400 രൂപ വീതം നല്‍കണം. ട്രക്കിങ് ആരംഭിക്കുന്ന സമയം 7 AM, 7.30 AM, 10 AM, 10.30 AM, 2 PM, 2.30 PM.
പെരിയാര്‍ വന്യജീവി സങ്കേത്തില്‍ ഏറ്റവും സാഹസികമായ രാത്രികാല ട്രക്കിങ് രാത്രി 7 മണിക്കാണ് ആരംഭിക്കുക. പുലര്‍ച്ചെ 4 വരെയുള്ള ട്രക്കിങ്ങിന് ഒരാള്‍ക്ക് 1200 രൂപ വീതമാണ് ഫീസ്. ആയുധങ്ങളുമായാകും ഗൈഡുമാര്‍ ട്രക്കിങ് സംഘത്തെ അനുഗമിക്കുക.
പെരിയാര്‍ വന്യജീവി സങ്കേത്തിലൂടെ ഒരു ദിവസം നീണ്ടു നില്‍ക്കുന്ന ട്രക്കിങ്. 1300 മീറ്റര്‍ ഉയരത്തിലേക്ക് നടന്നു കയറണം. 10 പേരടങ്ങുന്ന രണ്ടു സംഘങ്ങളായുള്ള ട്രക്കിങ് രാവിലെ 8 ന് തുടങ്ങി വൈകിട്ട് അവസാനിക്കും. ഭക്ഷണവും ഉള്‍പ്പെട്ടിട്ടണ്ട്. ആറ് പേരടങ്ങുന്ന രണ്ടു സംഘത്തിന് 1800 രൂപ വീതമാണ് ഫീസ്.
പെരിയാര്‍ വന്യ ജീവി സങ്കേതത്തിലെ ട്രക്കിങ്ങുകള്‍ ബുക്ക് ചെയ്യാന്‍ അസിസ്റ്റന്‍റ് ഫീല്‍ഡ് ഡയറക്‌ടറുടെ 9447979097 എന്ന നമ്പറില്‍ ബന്ധപ്പെടാം.
- പീച്ചി വന്യജീവി സങ്കേതം
മൂടല്‍മല ട്രക്കിങ് : പീച്ചി ഡാമിന് സമീപത്തു നിന്നും രാവിലെ 8 മണിക്ക് മൂടല്‍മല ട്രക്കിങ് ആരംഭിക്കും. പ്രവേശന ഫീസ് - മുതിര്‍ന്നവര്‍ക്ക് 20 രൂപയും വിദ്യാര്‍ഥികള്‍ക്ക് 15 രൂപയുമാണ്. ട്രക്കിങ്ങിന് ഒരാള്‍ക്ക് 500 രൂപ വീതമാകും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8547603470, 8547603473
- പറമ്പിക്കുളം വന്യജീവി സങ്കേതം
ആനപ്പാടി ട്രക്കിങ് : 8 കിലോമീറ്റര്‍ നീണ്ടു നില്‍ക്കുന്ന ട്രക്കിങ് ആനപ്പാടിയില്‍ നിന്നും തുടങ്ങി, നാലയിറം വഴി തിരിച്ചെത്തും. രണ്ടു ഗൈഡുമാരും ഒപ്പമുണ്ടാകും. കുറഞ്ഞത് അഞ്ചു പേര്‍ മുതല്‍ 10 പേരടങ്ങുന്ന സംഘത്തിന് 300 രൂപ വീതമാണ് പ്രവൃത്തി ദിവസങ്ങളിലെ ഫീസ്. അവധി ദിവസങ്ങളില്‍ 380 രൂപ വീതം നല്‍കണം. ട്രക്കിങ്ങിന് രാവിലെ 9 മണിക്ക് മലപ്പുറം ജില്ലയിലെ ആനപ്പാടിയിലെത്തണം. ഉച്ചയ്ക്ക് 1 മണിക്ക് ട്രക്കിങ് അവസാനിക്കും.
പേരുവരി ട്രക്കിങ് : 12 കിലോമീറ്റര്‍ നീണ്ടു നില്‍ക്കുന്ന ട്രക്കിങ് പേരുവരി, മഞ്ചാടിപ്പാലം വഴി തൂണിക്കടവില്‍ അവസാനിക്കും. രണ്ടു ഗൈഡുമാരും ഒപ്പമുണ്ടാകും. കുറഞ്ഞത് 5 പേരടങ്ങുന്ന സംഘത്തിന് 720 രൂപ വീതമാണ് പ്രവൃത്തി ദിവസങ്ങളിലെ ഫീസ്. അവധി ദിവസങ്ങളില്‍ 720 രൂപ നല്‍കണം. രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെയാണ് ട്രക്കിങ്.
കരിയന്‍ഷോല ട്രക്കിങ് : 6 കിലോമീറ്റര്‍ വനത്തിലൂടെയുള്ള ട്രക്കിങ് ആനപ്പാടിയില്‍ നിന്നും ആരംഭിച്ച് കരിയന്‍ഷോല വനത്തിലൂടെയാണ്. രണ്ടു ഗൈഡുമാരും അനുഗമിക്കും. കുറഞ്ഞത് 5 മുതല്‍ 10 പേരടങ്ങുന്ന സംഘത്തിന് 300 രൂപ വീതമാണ് ഫീസ്. അവധി ദിവസങ്ങളില്‍ 380 രൂപ വീതം നല്‍കണം. പറമ്പിക്കുളം വന്യ ജീവി സങ്കേതത്തിലെ ട്രക്കിങ്ങുകള്‍ ബുക്ക് ചെയ്യാന്‍ 9447979102 എന്ന നമ്പറില്‍ ബന്ധപ്പെടാം.
- സൈലന്‍റ് വാലി വന്യജീവ സങ്കേതം
ബൊമ്മിയാമ്പടി ട്രക്കിങ് : 13 കിലോമീറ്റര്‍ ദൂരമുള്ള ട്രക്കിങ്ങില്‍ പങ്കെടുക്കാന്‍ ഉച്ചക്ക് 12 മണിക്ക് മുക്കാലി ബേസ് ക്യാമ്പിലെത്തണം. അട്ടപ്പാടി വഴിയാണ് ട്രക്കിങ്. അടുത്ത ദിവസം ഉച്ചക്ക് 1 മണി വരെയാണ് ട്രക്കിങ്. ഗൈഡ് ഒപ്പമുണ്ടാകും. 2 പേരടങ്ങുന്ന സംഘത്തിന് 6000 രൂപ. കൂടുതല്‍ പേരുണ്ടെങ്കില്‍ ഒരാള്‍ക്ക് 1500 വീതം. 10 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് - 9447979104
Also Read: