ഇടുക്കി: കാന്തല്ലൂരിന്‍റെ കാര്‍ഷിക സമൃദ്ധിയ്‌ക്ക് കൂടുതല്‍ അഴകേകി ഇനി ആപ്പിള്‍ കാലം. പഴുത്ത് തുടങ്ങിയ ആപ്പിളുകള്‍ ഒരു മാസത്തിനുള്ളില്‍ വിളവെടുപ്പിന് പാകമാകും. സമൃദ്ധമായി വിളഞ്ഞ് നിൽക്കുന്ന ആപ്പിള്‍ മരങ്ങളുടെ കാഴ്‌ചകളും, റിട്ടയര്‍ ജീവിത കാലത്ത് ആപ്പിള്‍ കൃഷിയില്‍ വിസ്‌മയം തീര്‍ക്കുന്ന ഒരു മുന്‍ കെഎസ്ഇബി എഞ്ചിനീയറുടെ കാര്‍ഷിക വിശേഷങ്ങളുമാണ് ഇനി.
കോടമഞ്ഞിന്‍റെ കുളിര് പറ്റി, നിറയെ കായ്‌ച്ച് നിർക്കുകയാണ് കാന്തല്ലൂരിൽ ആപ്പിൾ മരങ്ങൾ. കാന്തല്ലൂരിന്‍റെ കാര്‍ഷിക വിശേഷങ്ങള്‍ തേടിയെത്തുന്ന ഏതൊരു സഞ്ചാരിക്കും ഈ ആപ്പിള്‍ കൃഷിയിടങ്ങള്‍ ഒരുക്കുന്നത് അവിസ്‌മരണീയ കാഴ്‌ചയാണ്. കേരളത്തിൽ ആപ്പിൾ വിളയുന്ന ഏക പ്രദേശമാണ് മറയൂർ മലനിരകളിലെ കാന്തല്ലൂർ.
കാന്തല്ലൂരില്‍ ആപ്പിള്‍ കൃഷി വ്യാപകമാക്കുന്നതിന് മുഖ്യ പങ്ക് വഹിച്ചയാളാണ് കെഎസ്ഇബിയിലെ മുന്‍ എഞ്ചിനീയറായിരുന്ന കുരുവിള. 1995 ൽ ഔദ്യോഗിക ജീവിതം അവസാനിച്ചതോടെയാണ് ഇദ്ദേഹം കാര്‍ഷിക മേഖലയിലേക്ക് തിരിഞ്ഞത്. 2002 ല്‍ കാന്തല്ലൂരില്‍ എത്തി. അന്ന് ഇവിടെ ആപ്പിള്‍ മരങ്ങള്‍ നാമമാത്രമായിരുന്നു. പിന്നീട് കാന്തല്ലൂരിലെ മഞ്ഞിന്‍റെ സാന്നിധ്യവും അനുകൂല കാലാവസ്ഥയും മനസിലാക്കി കുരുവിള പരീക്ഷണാടിസ്ഥാനത്തില്‍ കൃഷി ആരംഭിക്കുകയായിരുന്നു.
ഹിമാചലില്‍ നിന്ന് തൈ എത്തിച്ചായിരുന്നു കൃഷിയുടെ തുടക്കം. സമൃദ്ധമായി വിളവ് തരുന്ന നാനൂറിലധികം ആപ്പിള്‍ മരങ്ങളാണ് നിലവില്‍ കുരുവിളയുടെ കൃഷിയിടത്തില്‍ ഉള്ളത്. നാല് മുതല്‍ 18 വര്‍ഷം വരെ പ്രായമുള്ളവ ഇവയില്‍ ഉള്‍പ്പെടുന്നു.
എച്ച്ആര്‍എംഎന്‍ 99, ട്രോപിക്കല്‍ ബ്യൂട്ടി, ഗോള്‍ഡന്‍ ഡോര്‍ സെറ്റ്, ട്രോപിക്കല്‍ റെഡ് ഡിലീഷ്യസ്, ഇസ്രയേല്‍ വെറൈറ്റിയായ അന്ന തുടങ്ങിയ ഇനങ്ങളാണ് ഇവിടെ പ്രധാനമായും കൃഷി ചെയ്യുന്നത്. ഇതോടൊപ്പം ഗ്രീന്‍ ആപ്പിളും ഉണ്ട്. ട്രോപ്പിക്കലും അധികം മഞ്ഞ് വേണ്ടാത്ത എച്ച്ആര്‍എംഎന്നുമാണ് ഇദ്ദേഹം വ്യാപകമായി കൃഷി ചെയ്യുന്നത്.
ആപ്പിൾ മാത്രമല്ല, പ്ലംസും അവക്കാഡോയും സ്‌ട്രോബെറിയുമൊക്കെ കുരുവിളയുടെ തോട്ടത്തിൽ വിളഞ്ഞ് നിൽക്കുന്നത് കാണാം. പൂർണമായും ജൈവ കൃഷി രീതിയാണ് ഇദ്ദേഹം അവലംബിക്കുന്നത്. കാന്തല്ലൂരിലെ കാര്‍ഷിക കാഴ്‌ചകള്‍ തേടിയെത്തുന്ന സഞ്ചാരികള്‍, ആപ്പിള്‍ തോട്ടം കാണുന്നതിനായി പ്രധാനമായും എത്തുന്നതും കുരുവിളയുടെ കൃഷിയിടത്തിലേക്ക് തന്നെ. പഴുത്ത് തുടങ്ങിയ ആപ്പിളുകള്‍ ഒരു മാസത്തിനുള്ളില്‍ പൂർണമായും വിളവെടുക്കാനാകും. മണ്‍സൂണ്‍ ആരംഭിച്ചാലും ആപ്പിള്‍ കാഴ്‌ചകള്‍ തേടി, സഞ്ചാരികള്‍ കാന്തല്ലൂരിന്‍റെ കാര്‍ഷിക മണ്ണിലേക്ക് എത്തുമെന്ന് ഉറപ്പാണ്.
Also Read: കോടമഞ്ഞിൽ ഓഹോ താഴ്‌വരയിൽ...; സഞ്ചാരികളുടെ പ്രിയതാവളമായി മഞ്ഞണിഞ്ഞ മൂന്നാർ ഗ്യാപ് റോഡ്