ഇടുക്കി : മഴ കനത്തതോടെ ഹൈറേഞ്ചിന്‍റെ വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം തനതുസൗന്ദര്യം വീണ്ടെടുത്തിരിക്കുകയാണ്. മധ്യവേനലിൽ കരിഞ്ഞുണങ്ങിയ പുൽനാമ്പുകൾ വേനൽ മഴയിൽ വീണ്ടും തളിരണിഞ്ഞു. കരിഞ്ഞുണങ്ങിയ കല്യാണത്തണ്ടിതാ വീണ്ടും സൗന്ദര്യത്തിന്‍റെ പട്ടണിഞ്ഞിരിക്കുന്നു.
രണ്ടാഴ്‌ച മുമ്പ് ഉണങ്ങി കരിഞ്ഞ പുൽമേടുകളും വരണ്ടുണങ്ങിയ പാറക്കെട്ടുകളും ചുട്ടുപ്പൊള്ളുന്ന ചൂടുമായിരുന്നെങ്കിൽ, ഇപ്പോൾ കഥയെല്ലാം മാറി. സദാ സമയവും കോരിച്ചൊരിയുന്ന മഴയത്ത് കനത്ത മഞ്ഞും കുളിരും കൂടിയായി കല്യാണത്തണ്ടിപ്പോൾ കാഴ്‌ചകളുടെ കുളിരുള്ള അനുഭവമാണ് ഓരോ സഞ്ചാരിക്കും സമ്മാനിക്കുന്നത്.
കാഴ്‌ചകളുടെ മായാലോകമാണ് ഓരോ സഞ്ചാരിക്കും കല്യാണത്തണ്ടിലെ മലനിരകൾ കാത്തുവച്ചിരിക്കുന്നത്. മലകയറി എത്തുന്നവർക്ക് കാഴ്‌ചകളുടെ ഒരു കലവറ തന്നെ പ്രകൃതി ഒരുക്കിയിരിക്കുന്നു. പച്ചപ്പ് പുതച്ച മലഞ്ചെരുവിൽ മനം നിറഞ്ഞ് പെയ്യുന്ന മഴ, ഇടയ്‌ക്കിടയ്‌ക്ക് എത്തിനോക്കുന്ന കോടമഞ്ഞും കുളിർക്കാറ്റും, ചുറ്റും ചെറുതും വലുതുമായ പാറക്കൂട്ടങ്ങൾ, ഇതെല്ലാം പോരാത്തതിന് അങ്ങ് ദൂരെ താഴ്‌വാരത്ത് വനങ്ങൾക്കിടയിലൂടെ നിശ്ചലമായി ഇടുക്കി ഡാമിലേക്കൊഴുകുന്ന നീലജലാശയവും. ഇങ്ങനെ കണ്ണിന് കുളിരേകുന്ന, മനംമയക്കുന്ന കാഴ്‌ചകൾ തന്നെയാണ് കല്യാണത്തണ്ടിനെ വേറിട്ടതാക്കുന്നതും.
കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന മലനിരകളാണ് കല്യാണത്തണ്ടിന്‍റെ പ്രധാന സവിശേഷത. ഏതെങ്കിലും ഒരു വ്യൂ പോയിന്‍റിൽ മാത്രം തീരുന്നതല്ല ഇവിടുത്തെ കാഴ്‌ചകൾ. മഴയിലും മഞ്ഞിലും ഇവിടുത്തെ കാഴ്‌ചകൾ വേനൽക്കാലത്തേക്കാൾ സുന്ദരമാണ്.
ALSO READ