കണ്ണൂർ : കണ്ണൂരിൽ നിന്ന് 60 കിലോമീറ്റർ താണ്ടിയാണ് യാത്ര. ഓഫ് റോഡ് യാത്രകൾ ഇഷ്‌ടപ്പെടുന്ന നീലേശ്വരം സ്വദേശികളായ ആദർശ്, അമൽ രാജ്, ആദിൽ, ഹരിപ്രസാദ് എന്നിവരോടൊപ്പം കോടയും ചാറ്റൽ മഴയും വെയിലും കുടമാറ്റം നടത്തുന്ന കണ്ണൂരിലെ അധികമാരും അറിയാത്ത ഒരിടം തേടി ഇറങ്ങിയതാണ്.
കണ്ണൂരിന്‍റെയും കാസർകോടിന്‍റെയും കർണാടകയുടെയും അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ ഒന്നാണ് ജോസ് ഗിരി. അവിടെ നിന്ന് കാൽനടയായോ ജീപ്പിലോ 2.5 കിലോമീറ്റർ സഞ്ചരിച്ചാൽ തിരുനെറ്റിക്കല്ലിൽ എത്താം. കല്ലും മണ്ണും നിറഞ്ഞ ചെങ്കുത്തായ പാത. മുഖാമുഖം നിൽക്കുന്ന വലിയ പാറകൾക്കിടയിൽ വലിയൊരു ഉരുളൻകല്ല്. വിശ്വാസത്തിന്‍റെ ഭാഗമെന്നോണം നാട്ടുകാർ തിരുനെറ്റിക്കല്ലെന്ന് പേരിട്ട് വിളിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
രാവിലെ 10 മണി പിന്നിട്ടിട്ടും വെയിൽ ഇറങ്ങി വന്നതേ ഇല്ല. ഒരാൾ പൊക്കത്തിൽ ഉയർന്നു പൊങ്ങിയ പുല്ല് വെഞ്ചാമരം പോലെ തഴുകി തലോടുന്നുണ്ട്. ഉയരങ്ങൾ താണ്ടി താത്കാലികമായി നിർമിച്ച ഇരുമ്പ് ഗോവണിയും കയറി മുകളിൽ എത്തിയാൽ നമ്മെ തലോടുന്ന കാറ്റും തണുപ്പും സ്വർഗത്തിലെത്തിയ പ്രതീതിയാണ് സമ്മാനിക്കുന്നത്. അതായിരുന്നു ലക്ഷ്യ സ്ഥാനവും.
നവംബർ തുടങ്ങിയാൽ സുന്ദരിയാണ് തിരുനെറ്റിക്കല്ല്. ഓരോ പുലരിയിലും പാറക്കൂട്ടങ്ങളെ മൂടുന്ന കോടമഞ്ഞും ചാറ്റൽ മഴയും ഇടയ്ക്ക് കാഴ്‌ചകളെ മറയ്‌ക്കുമെങ്കിലും ഇവിടെ നിന്നും നോക്കിയാൽ കണ്ണൂർ, കാസർകോട് ജില്ലകളിലെ ചില പട്ടണങ്ങള്‍ കുഞ്ഞു വരകൾ പോലെ കാണിച്ചു തരും. മലയോര ഗ്രാമങ്ങൾ മാത്രമല്ല കർണാടകയിലെ വനവും തലക്കാവേരിയിൽ സ്ഥിതി ചെയ്യുന്ന കുടകിലെ ബാഗമണ്ഡലം പ്രദേശങ്ങളും വ്യക്തമായി കാണാം ഈ പാറക്കൂട്ടങ്ങൾക്ക് മുകളിൽ നിന്നാൽ.
ഇരു ജില്ലകളുടെയും വിവിധ പ്രദേശങ്ങളിൽ നിന്നുള്ളവരാണ് ഇവിടെയെത്തുന്നവരിൽ ഭൂരിഭാഗവും. 19 ഏക്കർ വരുന്ന ഈ പ്രദേശം ചെറുപുഴ, ഉദയഗിരി എന്നീ പഞ്ചായത്തുകളിൽ ആയാണ് സ്ഥിതി ചെയ്യുന്നത്. കർണാടക വനത്തിൽ നിന്നും പതഞ്ഞൊഴുകിയെത്തുന്ന തേജസ്വനി പുഴയും കണ്ണിന് കുളിർമയേകുന്ന കാഴ്‌ചയാണ്. റീൽ കണ്ടും മറ്റും എത്തുന്ന സഞ്ചരികൾക്ക് തിരുനെറ്റിക്കല്ലിലേക്കുള്ള യാത്ര ആവേശത്തിലാക്കുന്നത് ചെറിയ പാതയും കുത്തനെയുള്ള കയറ്റവും ഒക്കെയാണ്. ട്രക്കിങ് പ്രിയരെയും ഓഫ് റോഡ് യാത്ര പ്രേമികളെയും ആ യാത്ര രസിപ്പിക്കും.
എത്തിപ്പെടാന്‍ രണ്ടു വഴികള്‍ : പ്രധാനമായും രണ്ട് വഴികളിലൂടെ തിരുനെറ്റിക്കല്ലില്‍ എത്താം. ഒന്ന് കണ്ണൂർ - തളിപ്പറമ്പ് - ആലക്കോട് വഴിയും മറ്റൊന്ന് കണ്ണൂർ - പയ്യന്നൂർ - ചെറുപുഴ വഴിയുമാണ്. ചെറുപുഴയിൽ നിന്നും 19 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ ജോസ്‌ഗിരിയിൽ എത്തിച്ചേരാം. അവിടെ നിന്നും കാൽനടയായോ ജീപ്പിലോ തിരുനെറ്റിക്കല്ലിലെത്താം. സാഹസികത ഇഷ്‌ടപ്പെടുന്നവർ ആണെങ്കിൽ ഇരുചക്രവാഹനത്തിലും ചെങ്കുത്തായ ഈ കയറ്റം കയറാം.
Also Read:
ഹണിമൂണ്‍ ഇനി കേരളത്തിലാക്കാം; മികച്ച അഞ്ച് ഡെസ്റ്റിനേഷനുകളെ കുറിച്ചറിയാം
നിഗൂഢതകളുടെ പറുദീസയായ കൊണാർക്കിന്‍റെ മണ്ണിലേക്ക് പോകാം; വാസ്‌തുവിദ്യ വിസ്‌മയം കാണാം