കാസർകോട് : ഗോളി ബജയും ബെന്‍സും(ബണ്‍). കേട്ടാല്‍ ഏതോ പുതിയ കാർ ആണെന്ന് തോന്നാം. പക്ഷേ ഇത്, അതല്ല. അതിര്‍ത്തി കടന്നെത്തി, കാസര്‍കോട്ടുകാരുടെ മനസും വയറും നിറച്ച പലഹാരങ്ങളാണ് രണ്ടും. ചട്‌നിയും സാമ്പാറും കൂട്ടി കഴിക്കുമ്പോഴുള്ള ഗോളി ബജയുടെയും ബെന്‍സിന്‍റെയും രുചി, അതൊന്നു വേറെ തന്നെയാണ്...
കാസര്‍കോട് ബസ് സ്റ്റാന്‍ഡിലെ സ്വാമി എന്ന ശ്രീനാഥിന്‍റെ കടയിലെത്തിയാല്‍ പോക്കറ്റ് കാലിയാകാതെ ഗോളി ബജയും ബെന്‍സും രുചിക്കാം. ഒരു പ്ലേറ്റ് ഗോളി ബജക്ക് 15 രൂപ. ബെന്‍സിന് 12. മൈദ, ഇഞ്ചി, പച്ചമുളക്, തൈര് എന്നിവയാണ് പ്രധാന ചേരുവ. എണ്ണയില്‍ പൊരിച്ചെടുത്ത ബജ ചൂടോടെ നേരെ പ്ലേറ്റിലേക്ക്, ഒപ്പം സാമ്പാറും ചട്‌നിയും...
സ്വാമിയുടെ കടയിലെ പലഹാരങ്ങള്‍ രുചിക്കാന്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ചും ആളുകള്‍ എത്താറുണ്ട്. ഗോളി ബജ ദിവസവും നൂറ് കണക്കിന് പ്ലേറ്റുകളാണ് വിറ്റു പോകുന്നത്. ബണ്ണിന്‍റെ രൂപത്തിലാണെങ്കിലും രുചില്‍ വളരെ വ്യത്യസ്‌തമാണ് ബെന്‍സ്. നേരിയ മധുരമുള്ള പലഹാരം.
ബെന്‍സിനൊപ്പം ഒരു ചായ കൂടി ആയാല്‍ സംഗതി കുശാല്‍. തീര്‍ന്നില്ല, ഇവിടത്തെ ഉള്ളി വടയ്‌ക്കും (ഉള്ളിബജ), ഉഴുന്ന് വടയ്‌ക്കും അമ്പടയ്‌ക്കും (തുള ഇല്ലാത്ത ഉഴുന്ന് വട) നിര്‍ദോശയ്‌ക്കും ഇഡ്ഡലിക്കുമെല്ലാം ഡിമാന്‍ഡ് ഏറെയാണ്. 31 വര്‍ഷം മുമ്പ് സ്വാമിയുടെ പിതാവ് തുടങ്ങിയതാണ് ഈ കട. കുട്ടിക്കാലം മുതല്‍ സ്വാമിയും ഈ കടയിലുണ്ട്.