മീന്‍ ഇഷ്‌ടപ്പെടാത്ത നോണ്‍ വെജിറ്റേറിയന്‍സ് കുറവായിരിക്കും. അയല, മത്തി, ചെമ്പല്ലി, ചെമ്മീന്‍, കരിമീന്‍, നത്തോലി, കണവ, കട്‌ല, ആവോലി, ചൂര, അയക്കൂറ, സ്രാവ്... അങ്ങനെ എത്രയെത്ര മീന്‍ വെറൈറ്റികളാണ്. നല്ല മുളകിട്ട മത്തിക്കറി, കുടംപുളിയിട്ട് പറ്റിച്ചെടുത്ത അയല, തേങ്ങ ചതച്ച് ചേര്‍ത്ത കണവത്തോരന്‍, മൊരിഞ്ഞ നത്തോലി ഫ്രൈ, ചെമ്മീന്‍ റോസ്റ്റ്... വായില്‍ വെള്ളമൂറുന്ന മീന്‍ വിഭങ്ങളും ഏറെയാണ്.
ചിലര്‍ക്ക് മീന്‍ വറുത്തതിനോടാകും പ്രിയം. ചിലര്‍ക്ക് പെരട്ടിനോടും. എന്നാല്‍ മറ്റുചിലര്‍ക്ക് കറിയായിരിക്കും ഇഷ്‌ടം. എല്ലാ വിഭാഗം ഫിഷ് ലവേഴ്‌സിനെയും ഒരുപോലെ തൃപ്‌തിപ്പെടുത്തുന്ന ഒരു വിഭവം, അതും നമ്മുടെ മത്തി കൊണ്ട്. വളരെ എളുപ്പത്തില്‍ തയാറാക്കാം എന്നതും വീട്ടില്‍ സാധാരണ ഉപയോഗിക്കാറുള്ള ചേരുവകള്‍ മതിയെന്നതും മറ്റൊരു പ്രത്യേകത. ആ വിഭവം ഏതാണെന്നല്ലേ, അതാണ് കുക്കര്‍ മത്തി, അഥവാ മത്തി പെരട്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വളരെ സിംപിളായി വേഗത്തില്‍ കുക്കറില്‍ തയാറാക്കാവുന്ന വിഭവമാണ് കുക്കര്‍ മത്തി. സൂപ്പര്‍ ടേസ്റ്റിയായ മീന്‍ വിഭവം. മത്തിയോട് പ്രണയമുള്ള ഏതൊരാള്‍ക്കും ഈ വിഭവം ഇഷ്‌ടപ്പെടും. ഒരു പ്ലേറ്റ് ചോറ് കാലിയാക്കാനും ഈ പെരട്ട് ഒരല്‍പം മതി. ആവശ്യമായ ചേരുവകളും തയാറാക്കുന്ന രീതിയും നോക്കാം.
ചേരുവകള്‍ :
മത്തി - 750 ഗ്രാം
വാളന്‍പുളി - നാരങ്ങ വലുപ്പത്തില്‍
വെളുത്തുള്ളി - 4 അല്ലി (അരപ്പിന്), ഒരുടീസ്‌പൂണ്‍ ചതച്ച വെളുത്തുള്ളി വഴറ്റാന്‍
ഇഞ്ചി - ചെറിയ കഷണം അരപ്പിന്, അരടീസ്‌പൂണ്‍ ഇഞ്ചി ചതച്ചത് വഴറ്റാന്‍
പച്ചമുളക് - ഒന്ന് (അരപ്പിന്), നാലെണ്ണം (വഴറ്റാന്‍)
ചെറിയുള്ളി (ചുവന്നുള്ളി) - അഞ്ച് എണ്ണം അരപ്പിന്, കാല്‍കപ്പ് വഴറ്റാന്‍
പെരുംജീരകം - അര ടീസ്‌പൂണ്‍
കുരുമുളക് പൊടി - ഒരു ടേബിള്‍ സ്‌പൂണ്‍
മഞ്ഞള്‍പൊടി - മുക്കാല്‍ ടീസ്‌പൂണ്‍
മുളകുപൊടി - രണ്ട് ടീസ്‌പൂണ്‍ (കശ്‌മീരി മുളകുപൊടിയും ഉപയോഗിക്കാം)
വെളിച്ചെണ്ണ - ഒരു ടേബിള്‍ സ്‌പൂണ്‍ അരപ്പിന്, നാല് ടേബിള്‍ സ്‌പൂണ്‍ വഴറ്റാന്‍
നാരങ്ങ നീര് - ഒരു ടേബിള്‍ സ്‌പൂണ്‍
വെള്ളം - രണ്ട് ടേബിള്‍ സ്‌പൂണ്‍
കറിവേപ്പില - ഒരു തണ്ട് അരപ്പിന്, വഴറ്റാന്‍ ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം :
മത്തി, പുളി ഒഴികെയുള്ള ചേരുവകള്‍ മിക്‌സിയില്‍ നന്നായി പേസ്റ്റ് രൂപത്തില്‍ അരച്ചെടുക്കുക. വെട്ടി വൃത്തിയാക്കി വരഞ്ഞുവച്ചിരിക്കുന്ന മത്തിയിലേക്ക് അരപ്പ് ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിച്ച് അരമണിക്കൂര്‍ മാറ്റിവയ്‌ക്കുക. പുളി കുതിത്ത് നന്നായി പിഴിഞ്ഞുവയ്‌ക്കുക.
കുക്കര്‍ അടുപ്പത്ത് വച്ച് ചൂടാകുമ്പോള്‍ നാല് ടേബിള്‍ സ്‌പൂണ്‍ വെളിച്ചെണ്ണ ഒഴിക്കുക. മീന്‍ വിഭവങ്ങളില്‍ വെളിച്ചെണ്ണ ഉപയോഗിക്കുന്നതാണ് രുചിയ്‌ക്ക് നല്ലത്. എണ്ണ തിളക്കുമ്പോള്‍ കാല്‍കപ്പ് ചെറിയുള്ളി ചതച്ചതും അരടീസ്‌പൂണ്‍ ഇഞ്ചി ചതച്ചതും ഒരുടീസ്‌പൂണ്‍ വെളുത്തുള്ളി ചതച്ചതും നാല് പച്ചമുളകും ചേര്‍ത്ത് നന്നായി വഴറ്റുക.
നന്നായി വഴറ്റിയ ശേഷം ഇതിന് മുകളിലായി തണ്ടോടുകൂടിയ കറിവേപ്പില നിരത്തുക. ഈ സമയത്ത് ഫ്ലെയിം മീഡിയത്തിലും കുറച്ച് വയ്‌ക്കണം. ശേഷം മസാല തേച്ചുവച്ചിരിക്കുന്ന മീന്‍ കറിവേപ്പിലയ്‌ക്ക് മുകളിലായി നിരത്തണം. മീന്‍ ഒന്നിന് മുകളില്‍ മറ്റൊന്ന് വരുന്ന രീതിയില്‍ വയ്‌ക്കരുത്. ഇനി പുളിവെള്ളം ചേര്‍ക്കുക. ശേഷം കുക്കര്‍ അടച്ച് ഒരു വിസില്‍ അടിപ്പിക്കണം.
ലോ ഫ്ലെയിമില്‍ വേണം ഇത് ചെയ്യാന്‍. വിസില്‍ വന്നശേഷം പ്രഷര്‍ പോകാനായി അല്‍പനേരം മാറ്റിവയ്‌ക്കുക. പ്രഷര്‍ മുഴുവനായും പോയതിന് ശേഷം കുക്കര്‍ തുറക്കാവുന്നതാണ്. നാവില്‍ വെള്ളമൂറും കുക്കര്‍ മത്തി തയാര്‍. ആര്‍ക്കും പരീക്ഷിക്കാവുന്ന വിഭവമാണ് ഇത്. ഇനി മത്തി വാങ്ങുമ്പോള്‍ കുക്കര്‍ മത്തി ഒന്നുപരീക്ഷിച്ചു നോക്കൂ, സംഗതി കിടുക്കും.
Also Read:
റേഷന്‍ അരി കൊണ്ട് മലബാര്‍ ചിക്കന്‍ ദം ബിരിയാണി; റെസിപ്പിയിതാ...
പുതിയാപ്ല സത്‌കാരത്തിന് തീന്മേശ നിറയുന്ന പലഹാരങ്ങള്‍; കണ്ണൂരിലെ വെറൈറ്റി വിഭവങ്ങള്‍, റെസിപ്പിയിതാ...
മത്തി ഇങ്ങനെയൊന്ന് തയ്യാറാക്കി നോക്കൂ... രുചിയില്‍ നോ കോംമ്പ്രമൈസ്