പച്ചപ്പാര്‍ന്ന മലനിരകളും കോടമഞ്ഞിലുറങ്ങുന്ന താഴ്‌വരയും.... മലമടക്കുകളില്‍ നിന്നും വെള്ളിക്കൊലുസുപോലെ കുത്തനെ പതിക്കുന്ന ചെറു വെള്ളച്ചാട്ടങ്ങള്‍....എങ്ങോട്ട് തിരിഞ്ഞാലും മനോഹരമായ ക്യാന്‍വാസ് ഒരുക്കിയ പ്രകൃതി... ഇതാണ് മലപ്പുറത്തെ 'മിനി ഗവി' എന്നറിയപ്പെടുന്ന 'കക്കാടംപൊയില്‍'.
മലപ്പുറം-കോഴിക്കോട് ജില്ലകളുടെ അതിര്‍ത്തിയിലാണ് ഈ സ്വര്‍ഗീയ ഭൂമി. സമുദ്ര നിരപ്പില്‍ നിന്നും 2200 മീറ്റര്‍ ഉയരത്തിലാണിത് സ്ഥിതി ചെയ്യുന്നത്. ഹില്‍ സ്റ്റേഷന്‍റെ മനോഹാരിത ആവോളം ആസ്വദിക്കണമെങ്കില്‍ ഇവിടെയെത്തിയാല്‍ മതി. സഥാസമയവും കോടമൂടുന്ന ഇവിടുത്തെ, തണുത്ത തെന്നല്‍ ഏതൊരാളുടെയും മനസ് കുളിര്‍പ്പിക്കും.
പ്രകൃതി ഭംഗി ആസ്വദിക്കാന്‍ ഇനി ഊട്ടിയോ കൊടൈക്കനാലോ പോകേണ്ടതില്ല. ഇവിടെ ഈ മിനി ഗവിയില്‍ എത്തിയാല്‍ ഇവയെല്ലാം ആവോളം ആസ്വദിക്കാം. മഞ്ഞും കാറ്റും കുളിരും വെള്ളച്ചാട്ടവുമെല്ലാം ഉള്ള ഇവിടം ഏറെ ചരിത്ര പ്രധാന്യം കൂടിയുള്ളതാണ്. സാഹസികത ഏറെ ഇഷ്‌ടപ്പെടുന്നവര്‍ക്കും പറ്റിയ ഇടമാണിത്. കുത്തനെയുള്ള മലമുകളിലേക്ക് കയറാനും ഇറങ്ങാനും കുന്നിന്‍ മുകളില്‍ ഏറെ നേരം ചെലവഴിക്കാന്‍ സാധിക്കും.
മാത്രമല്ല തണുത്ത വെള്ളത്തില്‍ നീന്തി തുടിക്കാന്‍ മോഹമുള്ളവര്‍ക്ക് അതിനുള്ള അരുവികളും നീര്‍ച്ചാലുകളും പ്രകൃതി ഇവിടെ ഒരുക്കിയിട്ടുണ്ട്. മാത്രമല്ല ട്രക്കിങ് താത്‌പര്യമുള്ളവര്‍ക്കും പറ്റിയ ഡെസ്റ്റിനേഷന്‍ കൂടിയാണ് ഈ മിനി ഗവി. ഒറ്റ ദിവസത്തേക്ക് ഒരു ട്രിപ്പ് അടിച്ച് വൈബാക്കാമെന്ന് കരുതിയിരിക്കുന്നവര്‍ക്ക് പറ്റിയ ഇടം.
മൈന്‍ഡ് പീസ് ഫുളാക്കും ട്രക്കിങ്: കോടമഞ്ഞിലുറങ്ങുന്ന പ്രകൃതിയും അതോടൊപ്പം മേഘങ്ങളാല്‍ പൊതിഞ്ഞ ആകാശ ഭംഗിയും ആവോളം ആസ്വദിക്കാന്‍ കക്കാടംപൊയില്‍ ഒരു ട്രക്കിങ് നടത്തിയാല്‍ മതി. ഉയരത്തില്‍ വളര്‍ന്ന് നില്‍ക്കുന്ന പുല്ലുകള്‍ വകഞ്ഞ് മാറ്റി കുത്തനെയുള്ള മല കയറാം. ഇതിനിടെ പലപ്പോഴായി ചെറു ചാറ്റല്‍ മഴയും കോടമഞ്ഞും യാത്രികരെ തഴുകും. കുത്തനെയുള്ള കയറ്റവും അതിനിടെ നിരപ്പാര്‍ന്ന പ്രതലങ്ങളും ഏറെ താണ്ടാനുണ്ട്.
യാത്രക്കിടെ ട്രക്കിങ് നടത്തുന്ന ജീപ്പുകളും കാണാം. ട്രക്കിങ്ങിനിടെ കാഴ്‌ചകള്‍ ആസ്വദിച്ചും ഫോട്ടെയെടുത്തുമെല്ലാം ആസ്വദിച്ച് മുന്നോട്ട് നീങ്ങാം. ഇനി മുകളിലെത്തിയാലാകട്ടെ പ്രകൃതി നമ്മുക്ക് സമ്മാനിക്കുക ഒരു സ്വര്‍ഗീയ അനുഭൂതിയായിരിക്കും. ഒരിക്കലും വാക്കുകള്‍ കൊണ്ടൊന്നും വിവരിക്കാനാകാത്ത ഒരു വിസ്‌മയ ലോകം.
ആകാശത്തെത്തിയത് പോലെ തോന്നും. ആകാശവും മേഘവും തൊടാന്‍ പാകത്തിലെന്ന പോലെ ഉയരത്തില്‍. ഇടക്കിടെ പ്രകൃതി കനിയുന്ന ചാറ്റല്‍ മഴ. തൊട്ടുപിന്നാലെ എവിടെ നിന്നെന്നില്ലാതെ താണിറങ്ങുന്ന കോടമഞ്ഞ്. ഇതോടെ ഭൂമിയാകാട്ടെ സ്വപ്‌ന തുല്യമാകും.
നിലക്കാതെ തഴുകിയെത്തുന്ന കാറ്റും മൂടല്‍ മഞ്ഞുമെല്ലാം ആസ്വദിച്ച് ഏറെ നേരം ഇവിടെയിരിക്കാം. ഒപ്പം നല്ല മെലഡി ഗാനങ്ങള്‍ കൂടിയുണ്ടെങ്കില്‍ പിന്നെ പറയുകയും വേണ്ട. പ്രകൃതിയോടിണങ്ങി ഏറെ നേരം ഇവിടെ ചെവഴിക്കാം. ഇനി റിസോര്‍ട്ടിലെ താമസം ആസ്വദിക്കണമെങ്കില്‍ അതിനും ഇവിടെ സൗകര്യമുണ്ട്. മായാട്ടി ബോട്ടിക്, പിനാക്കിള്‍ ഇന്‍, സെലെസ്റ്റ റിസോര്‍ട്ട്, സത്വ ദി അവേക്കനിങ് ഗാര്‍ഡന്‍, ദുറാ ഹില്‍ വ്യൂ റിസോര്‍ട്ട് എന്നിങ്ങനെ നിരവധി റിസോര്‍ട്ടുകള്‍ ഇവിടെ ലഭിക്കും.
പാല്‍നുരയും കോഴിപ്പാറ വെള്ളച്ചാട്ടം: കക്കാടംപൊയിലിലെ പ്രധാന ആകര്‍ഷങ്ങളിലൊന്നാണ് കോഴിപ്പാറ വെള്ളച്ചാട്ടം. സൈലന്‍റ് വാലി ദേശീയോദ്യാനത്തിനടുത്ത് സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടമാണിത്. ഉയരത്തില്‍ നിന്നും കുത്തനെ പതിച്ച് പരന്നൊഴുകുന്ന ഈ കാനനസുന്ദരി ഏവര്‍ക്കും വിസ്‌മയമാകുമെന്നതില്‍ തെല്ലും സംശയമില്ല. മനോഹരമായ നിബിഡ വനത്തിനുള്ളില്‍ നിന്നും പരന്നൊഴുകിയെത്തുന്നതാണ് വെള്ളച്ചാട്ടം.
കടുത്ത വേനലില്‍ പോലും തണുത്ത കാലാവസ്ഥയാണ് ഇവിടുത്തേത്. അതുകൊണ്ട് തന്നെ വേനല്‍ കാലത്ത് ഇവിടെയെത്തുന്ന സഞ്ചാരികളുടെ എണ്ണവും വര്‍ധിക്കും. നിത്യവും നിരവധി സഞ്ചാരികളെത്തുന്ന ഇവിടെ സുരക്ഷയൊരുക്കാന്‍ പുഴയുടെ തീരങ്ങളിലായി ഇരുമ്പ് വേലികള്‍ സ്ഥാപിച്ചിട്ടുണ്ട്. മാത്രമല്ല സ്ഥലത്ത് സുരക്ഷ ഗാര്‍ഡുകളുമുണ്ടാകും.
മണ്‍സൂണില്‍ മഴ കനത്താല്‍ രൗദ്ര ഭാവം പ്രാപിക്കും കോഴിപ്പാറ വെള്ളച്ചാട്ടം. എന്നാല്‍ വേനലില്‍ ശാന്തമായി പരന്നൊഴുകി സഞ്ചാരികളെ വിസ്‌മയിപ്പിക്കും. വെള്ളച്ചാട്ടത്തിന് സമീപം ട്രക്കിങ്ങിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓഫ് റോഡ് യാത്രകള്‍ ഇഷ്‌ടപ്പെടുന്നവര്‍ക്കും ഏറെ അനുയോജ്യകരമാണിവിടം.
വെള്ളച്ചാട്ടത്തിന്‍റെയും കാടിന്‍റെയും ശബ്‌ദവും ഭംഗി ആസ്വദിച്ച് കാട്ടിനുള്ളില്‍ കഴിയണമെങ്കില്‍ അതുമാകാം. അത്തരത്തിലുള്ള ഹോം സ്റ്റേകളും ഇവിടെയുണ്ട്. നിലമ്പൂരില്‍ നിന്നും കോഴിപ്പാറ വെള്ളച്ചാട്ടത്തിലെത്താന്‍ അകമ്പാടം വഴി മൂലേപ്പാടം പാലം കടന്ന് വേണം പോകാന്‍. എന്നാല്‍ കോഴിക്കോട് നിന്നുള്ളവര്‍ക്ക് മുക്കം, കാരമ്മൂല, കൂടരഞ്ഞി വഴിയും ഇവിടെയെത്താം. ഇരുഭാഗങ്ങളില്‍ നിന്നും ഇവിടേക്ക് കെഎസ്‌ആര്‍ടിസി സര്‍വീസുകളുമുണ്ട്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ചരിത്രമുറങ്ങുന്ന പഴശിരാജ ഗുഹ: പ്രകൃതി ഭംഗി മാത്രമല്ല ഏറെ ചരിത്ര സ്‌മരണകളുറങ്ങുന്ന ഇടം കൂടിയാണ് കക്കാടംപൊയില്‍. ബ്രിട്ടീഷുകാര്‍ക്കെതിരെ ഒളിപ്പോര് നടക്കുന്ന കാലത്ത് പഴശിരാജയും സംഘവും അഭയം തേടിയിരുന്ന ഗുഹയാണ് പഴശി ഗുഹ.
ചാലിയാര്‍ പഞ്ചായത്തിലെ വാളാംതോടില്‍ ഉള്‍പ്പെട്ട നായാടുംപൊയിലാണ് ഈ ഗുഹയുള്ളത്. നായാടുംപൊയിലില്‍ നിന്നും എസ്‌റ്റേറ്റ് റോഡിലൂടെ ഒന്നര കിലോമീറ്ററോളം നടന്ന് വേണം ഗുഹയിലെത്താന്‍. നടന്ന് പോകുന്ന വഴിയുടെ ഏതാണ്ട് അരകിലോമീറ്റര്‍ വനമാണ്. ഇതെല്ലാം താണ്ടി മുന്നോട്ട് നീങ്ങുമ്പോള്‍ ഇടത് വശത്ത് സര്‍ക്കാര്‍ സ്ഥാപിച്ച ഒരു ജണ്ടയും വലത് വശത്ത് ഒരു പാറയും കാണാം.
പാറയെ ചുറ്റി വലത്തോട്ട് തിരിഞ്ഞുള്ള കാട്ടുവഴിയിലൂടെ വേണം മുന്നോട്ട് പോകാന്‍. കാട്ടുവഴിയിലൂടെ 100 മീറ്ററോളം കൂടി മുന്നോട്ട് പോയാല്‍ ചരിത്ര പ്രസിദ്ധമായ ഈ ഗുഹയിലെത്താം.
കുട്ടികള്‍ക്ക് ആര്‍ത്തുലസിക്കാന്‍ വാട്ടര്‍ പാര്‍ക്കും: പ്രകൃതി കനിഞ്ഞ ഈ സുന്ദര ഭൂമിയില്‍ മുതിര്‍ന്നവര്‍ക്ക് മാത്രമല്ല കുട്ടികള്‍ക്കും യാത്ര ആസ്വാദകരമാക്കാനാകും. അതിനുള്ള പാര്‍ക്കുകളും ഇവിടെയുണ്ട്. വിവിധ സാഹസിക റൈഡുകളും വാട്ടര്‍ റൈഡുകളുമെല്ലാമുള്ള പിവിആര്‍ പാര്‍ക്ക്. സിപ്‌ലൈനുകള്‍, നീന്തല്‍ക്കുളങ്ങള്‍, കേബില്‍ സവാരി എന്നിവയെല്ലാം ഈ പാര്‍ക്കിലുണ്ട്. മാത്രമല്ല സുന്ദരമായ മലനിരകളോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന മനോഹരമായ പൂന്തോട്ടവും ഇവിടെ കാണാം.
കുട്ടികള്‍ പാര്‍ക്കില്‍ ഉല്ലസിക്കുമ്പോള്‍ മുതിര്‍ന്നവര്‍ക്ക് പൂന്തോട്ടത്തിന്‍റെ ഭംഗിയാസ്വദിക്കാം. മാത്രമല്ല ജീവിത തിരക്കുകളില്‍ നിന്നെല്ലാം വിട്ട് നിന്ന് മനസിനെ ഏറെ റിലാക്‌സ് ആക്കാനും ഈയൊരു യാത്ര കൊണ്ട് സാധിക്കും. കക്കാടംപൊയിലിലെ ഈ ടൂറിസം കേന്ദ്രങ്ങളിലെല്ലാം കുറഞ്ഞ ചെലവില്‍ സന്ദര്‍ശിക്കാനാകും.
മാത്രമല്ല നിരക്ക് ഈടാക്കാതെ തന്നെ കാഴ്‌ചകള്‍ ആസ്വദിക്കാന്‍ കഴിയുന്ന നിരവധിയിടങ്ങളും ഇവിടെയുണ്ട്. ഇനിയും ഏറെ സഞ്ചാരിക്കാതെ തന്നെ നിങ്ങളുടെ തൊട്ടരികെ യാത്രകള്‍ ആസ്വദിക്കാം. സുന്ദരമായ പ്രകൃതിയും ഒരിക്കലും മറക്കാനാകാത്ത ഓര്‍മ്മകളും സമ്മാനിക്കാന്‍ നിങ്ങളെ കാത്തിരിക്കുകയാണ് കാഴ്‌ചകളുടെ പറുദീസയൊരുക്കി സുന്ദര ഭൂമിയായ കക്കാടംപൊയില്‍.
Also Read: വിസ്‌മയമായി വെള്ളത്തൂവലിലെ കാനനസുന്ദരി; സഞ്ചാരികളെ ആകർഷിച്ച് ചുനയംമാക്കൽ വെള്ളച്ചാട്ടം