കോഴിക്കോട്: മഴ മാറി, തെളിഞ്ഞ ആകാശം, മഞ്ഞിൽ ചാലിച്ച സൂര്യകിരണങ്ങൾ... കായൽ ടൂറിസവും ഉല്ലാസ ബോട്ട് യാത്രകളും സജീവമാകുന്ന നാളുകൾ. കോഴിക്കോട് ജില്ലയിലെ കുട്ടനാട് എന്നറിയപ്പെടുന്ന അകലാപ്പുഴയിൽ ബോട്ടിൽ കയറി ഉല്ലാസയാത്ര നടത്താൻ നൂറുകണക്കിനാളുകളാണ് എത്തുന്നത്. നവംബർ മുതൽ മെയ് മാസം വരെ ഉല്ലാസ ബോട്ടിങ് സീസനാണ്.
സ്‌കൂളുകളും കോളജുകളും വിനോദയാത്രകൾ സംഘടിപ്പിച്ച് തുടങ്ങിയതോടെ പല ദിക്കുകളിൽ നിന്നും ധാരാളം പേരാണ് അകലാപ്പുഴയുടെ തീരമണയുന്നത്. കിടഞ്ഞിക്കുന്നിന്‍റെ താഴ്‌വരയില്‍ പ്രകൃതി അനുഗ്രഹിച്ച് നല്‍കിയ വിസ്‌തൃതമായ കായല്‍പരപ്പാണ് അകലാപ്പുഴ. ശാന്തവും മനോഹരവുമായ ജലാശയം.
കുട്ടനാടിന്‍റെ അതേ ഗ്രാമഭംഗിയാണ് ഇവിടെയും. അകാലപ്പുഴയും പുഴയുടെ നടുവിലുള്ള തുരുത്തും വിനോദ സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നതാണ്. തീരങ്ങളിൽ തിങ്ങി നിൽക്കുന്ന തെങ്ങുകളും വിവിധതരം കണ്ടല്‍ കാടുകളും മനോഹര കാഴ്‌ചയാണ്.
ശിക്കാര ബോട്ടുകളിൽ കയറിയുള്ള യാത്രയാണ് ഇവിടുത്തെ മുഖ്യ വിനോദം. നാലുവശവും തുറന്നിട്ടുള്ളതും പനയോലകൊണ്ടുള്ള മേലാപ്പുമാണ് ശിക്കാരബോട്ടിന്‍റെ പ്രത്യേകത. ചാരിക്കിടന്നും ഇരുന്നും പുഴയുടെ സൗന്ദര്യം ആസ്വദിക്കാന്‍ കഴിയും.
10 മുതല്‍ മുതല്‍ 50 പേര്‍ക്കുവരെ കയറാൻ കഴിയുന്ന ബോട്ടുകളാണിത്. 50 പേര്‍ക്ക് സഞ്ചാരിക്കാവുന്ന ബോട്ടില്‍ ചെറു മീറ്റിങ്ങുകള്‍, ജന്മദിനാഘോഷങ്ങള്‍ പോലുള്ള പരിപാടികളും നടത്താം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഗോവിന്ദമോനോൻ കെട്ട് ഭാഗത്തും നടക്കൽ ഭഗത്തുനിന്നും യാത്രക്കാർക്ക് ഉല്ലാസബോട്ടിൽ കയറാം.15 പേർക്കുവരെ യാത്ര ചെയ്യാനാവുന്ന ചെറു ശിക്കാര ബോട്ടിൽക്കയറാൻ മണിക്കൂറിന് 1500 രൂപയാണ് ചാർജ്. 30 പേർക്ക് കയറാവുന്ന ബോട്ടിന് 2000 മുതല്‍ 2500 രൂപ വരെയും 50 പേർക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന വലിയബോട്ടിൽ കയറാൻ മണിക്കൂറിന് 3000 രൂപയുമാണ് ചാർജ്.
ഇത്തരം ബോട്ടുകളിൽ ബാത്ത് റൂം സൗകര്യമടക്കമുണ്ട്. ഹൗസ് ബോട്ടുകളിൽ കയറാൻ 5000 രൂപ വരെയാണ് ചാർജ്. ശനി, ഞായർ ദിവസങ്ങളിലും മറ്റ് അവധി ദിവസങ്ങളിലും നല്ല തിരക്കാണെന്ന് ബോട്ട് ഓപ്പറേറ്റർമാർ പറയുന്നു. കോഴിക്കോട് ജില്ലയ്ക്ക് പുറമെ ഇതര ജില്ലകളിൽ നിന്നും കർണാടകയില്‍ നിന്നും ധാരാളം പേർ ഇവിടെയെത്തുന്നുണ്ട്.
മുൻകൂട്ടി ബുക്കിങ് നടത്താനും സൗകര്യമുണ്ട്. വിവാഹ സത്‌കാരം, മൈലാഞ്ചിക്കല്യാണം, മഞ്ഞക്കല്യാണം, റെസിഡന്‍സ് അസോസിയേഷനുകളുടെ വാർഷികാഘോഷം എന്നിവയെല്ലാം ബോട്ടിൽ നടത്തുന്നുണ്ട്. കൊയിലാണ്ടി-വടകര റൂട്ടിൽ കൊല്ലം ആനക്കുളത്ത് നിന്ന് മുചുകുന്ന് റോഡ് വഴിയും തിക്കോടി പഞ്ചായത്ത് സ്റ്റോപ്പിൽ നിന്ന് പുറക്കാട് റോഡുവഴിയും നന്തിയിൽ നിന്ന് പുറക്കാട് റോഡുവഴിയും അകലാപ്പുഴയിലെത്താം.