ഹൈദരാബാദ്: ജനപ്രിയ വീഡിയോ സ്‌ട്രീമിങ് പ്ലാറ്റ്‌ഫോമായ യൂട്യൂബ് അഫിലിയേറ്റഡ് ഷോപ്പിങ് പ്രോഗ്രാം ഇന്ത്യയിൽ അവതരിപ്പിച്ചു. ഇനി മുതൽ യൂട്യൂബ് വീഡിയോ കാണുന്നതിനിടയിൽ തന്നെ ഷോപ്പിങ് നടത്താനാകും. വീഡിയോ ക്രിയേറ്റർമാർക്ക് വരുമാനം കണ്ടെത്താൻ മറ്റൊരു മാർഗം കൂടിയാവും ഇത്.
വീഡിയോ ക്രിയേറ്റർമാർക്ക് അവരുടെ വീഡിയോകളിൽ ഉത്‌പന്നങ്ങൾ ടാഗ് ചെയ്യാനും, കാഴ്‌ച്ചക്കാർ അത് വാങ്ങുമ്പോൾ ലാഭത്തിന്‍റെ പങ്ക് കൈപ്പറ്റാനും പുതിയ സംവിധാനം വഴി സാധിക്കും. യൂട്യൂബിന്‍റെ ഭാഗമായ ഷോപ്പിങ് ആപ്പുകളായ ഫ്ലിപ്പ്കാർട്ടിലും മിന്ത്രയിലും ആയിരിക്കും യൂട്യൂബ് അഫിലിയേറ്റഡ് ഷോപ്പിങ് പ്രോഗ്രാം ആരംഭിക്കുക.
'2023ൽ മാത്രം ആളുകൾ 30 ബില്യൺ മണിക്കൂറിലധികം സമയം ഷോപ്പിങുമായി ബന്ധപ്പെട്ട കണ്ടന്‍റുകൾ യുട്യൂബിൽ കണ്ടിട്ടുണ്ട്. ആളുകളുടെ ആവശ്യം മനസിലാക്കിയാണ് കാഴ്‌ച്ചക്കാരെയും ഷോപ്പിങ് ബ്രാൻഡുകളെയും ബന്ധിപ്പിക്കുന്ന തരത്തിൽ യൂട്യൂബ് ഷോപ്പിങ് പ്രോഗ്രാം ആരംഭിക്കുന്നത്'. യുട്യൂബ് ഷോപ്പിങിന്‍റെ ജനറൽ മാനേജറും വൈസ് പ്രസിഡന്‍റുമായ ട്രാവിസ് കാറ്റ്‌സ് പറഞ്ഞു. ഇതുവഴി ഇന്ത്യൻ കണ്ടന്‍റ് ക്രിയേറ്റർമാർക്ക് അവരുടെ യൂട്യൂബ് വരുമാനം കൂട്ടാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചുരുക്കിപ്പറഞ്ഞാൽ യൂട്യൂബ് അഫിലിയേറ്റഡ് ഷോപ്പിങ് പ്രോഗ്രാം വഴി വീഡിയോയിലൂടെ ഫ്ലിപ്പ്കാർട്ടിലെയും മിന്ത്രയിലെയും ഉത്‌പന്നങ്ങൾ ശുപാർശ ചെയ്യുക എന്നതായിരിക്കും കണ്ടന്‍റ് ക്രിയേറ്റർമാരുടെ ജോലി. വീഡിയോകളിലും ഷോർട്ട്‌സുകളിലും ലൈവ് വീഡിയോകളിലും ഉത്‌പന്നങ്ങൾ ടാഗ് ചെയ്യാൻ സാധിക്കും. ഇവരുടെ വീഡിയോ കണ്ട് കാഴ്‌ച്ചക്കാർ എന്തെങ്കിലും ഉത്‌പന്നം വാങ്ങിയാൽ കണ്ടന്‍റ് ക്രിയേറ്റർമാർക്ക് കമ്മിഷൻ ലഭിക്കും. കണ്ടന്‍റ് ക്രിയേറ്റർമാർക്ക് ഇതൊരു പുതിയ വരുമാന മാർഗമാവും. കാഴ്‌ച്ചക്കാർക്ക് എളുപ്പത്തിൽ ഉത്‌പന്നങ്ങൾ കണ്ടെത്താനും ഷോപ്പ് ചെയ്യാനും സാധിക്കും.
യോഗ്യരായ കണ്ടന്‍റ് ക്രിയേറ്റർമാർക്ക് മാത്രമായിരിക്കും യൂട്യൂബ് അഫിലിയേറ്റഡ് ഷോപ്പിങ് പ്രോഗ്രാം വഴി വിൽപ്പന നടത്താനാവുക. ഇന്ത്യയിൽ നിന്നുള്ള കണ്ടന്‍റേ ക്രിയേറ്റർമാർക്ക് മാത്രമാണ് ഈ സേവനം ഉപയോഗിക്കാൻ സാധിക്കുക. യൂട്യൂബ് ചാനലുകൾക്ക് പതിനായിരത്തിൽ അധികം സബ്‌സ്‌ക്രൈബേഴ്‌സ് വേണമെന്നതാണ് മാനദണ്ഡം. അവർക്ക് ലഭിക്കുന്ന കമ്മിഷൻ ഉത്‌പന്നത്തിന് അനുസരിച്ച് വ്യത്യസ്‌തമായിരിക്കും.