ഹൈദരാബാദ് : ജനപ്രിയ മെസേജിങ് ആപ്പായ വാട്‌സ്‌ആപ്പ് അതിന്‍റെ ഉപയോക്താക്കൾക്കായി കാലാകാലങ്ങളിൽ പുതിയ ഫീച്ചറുകൾ കൊണ്ടുവരുന്നുണ്ട്. അതിന്‍റെ ഭാഗമായി വാട്‌സ്‌ആപ്പ് അടുത്തിടെ 'ഇവന്‍റ് പ്ലാനിങ്' ഫീച്ചർ കൊണ്ടുവന്നു. വാട്‌സ്‌ആപ്പ് കമ്മ്യൂണിറ്റികളിലാണ് ഈ ഫീച്ചർ ലഭ്യമാക്കിയിരിക്കുന്നത്. ഗ്രൂപ്പ് സന്ദേശങ്ങളിൽ നേരിട്ട് ഇവന്‍റുകൾ ആസൂത്രണം ചെയ്യാനും നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു.
വാട്‌സ്‌ആപ്പ് കമ്മ്യൂണിറ്റിയിലെ ഇവന്‍റ് പ്ലാനിങ് : വാട്‌സ്‌ആപ്പ് ഇവന്‍റ് പ്ലാനിങ് ഫീച്ചർ ഉപയോഗിച്ച്, നിങ്ങൾക്ക് സുഹൃത്തുക്കളുമായും സഹപ്രവർത്തകരുമായും വെർച്വൽ മീറ്റിങ്ങുകൾ നടത്താം, അല്ലെങ്കിൽ വ്യക്തിഗത മീറ്റിങ്ങുകൾ നടത്താം. ഇതിലൂടെ ഗ്രൂപ്പ് അംഗങ്ങളുടെ ജന്മദിന പാർട്ടിയും പ്രവർത്തന യോഗങ്ങളും ക്രമീകരിക്കാം.
ഇവന്‍റ് സജ്ജീകരിച്ചുകഴിഞ്ഞാൽ അവ ഗ്രൂപ്പിന്‍റെ ഇൻഫർമേഷൻ പേജിൽ പിൻ ചെയ്യപ്പെടും. അതിനാൽ, ഇവന്‍റിനെക്കുറിച്ച് എല്ലാവർക്കും അറിയാനാകും. കൂടാതെ, ഒരു ഗ്രൂപ്പ് ചാറ്റ് ഓപ്ഷൻ സൃഷ്‌ടിക്കപ്പെടും. അതിനാൽ, സന്ദേശം അവരിലെത്തിയതായി അറിയാനാകും.
ഇവന്‍റിനെത്തുന്നവർക്ക് മറുപടി നൽകാം. അത്തരം ആളുകളെ ഇവന്‍റ് സമയത്ത് സ്വയമേവ അറിയിക്കും. വാട്‌സ്‌ആപ്പ് കമ്മ്യൂണിറ്റിയിലാണ് ഈ പുതിയ ഫീച്ചർ ആദ്യം അവതരിപ്പിക്കുന്നത്. പിന്നാലെ വാട്‌സ്‌ആപ്പ് ഗ്രൂപ്പുകളിലേക്കും ഇത് വ്യാപിപ്പിക്കാനാണ് സാധ്യത.
വാട്‌സ്‌ആപ്പിലെ അനൗൺസ്‌മെന്‍റ് ഗ്രൂപ്പുകൾക്ക് മറുപടി നൽകുന്ന മറ്റൊരു ഫീച്ചറും വാട്‌സ്‌ആപ്പ് കൊണ്ടുവന്നിട്ടുണ്ട്. ഇതിലൂടെ അഡ്‌മിന് സന്ദേശത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളും പ്രതികരണങ്ങളും ലഭിക്കും. നോട്ടിഫിക്കേഷനുകൾ നിങ്ങൾക്ക് അരോചകമായി തോന്നുകയാണെങ്കിൽ, അവ മ്യൂട്ട് ചെയ്യാനുളള ഓപ്ഷനും ഉണ്ട്. കൂടാതെ, നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ബാറിൽ നേരിട്ടും മറുപടി നൽകാനാകും.
വാട്‌സ്‌ആപ്പ് ഇൻ-ആപ്പ് ഡയലർ : വാട്‌സ്‌ആപ്പ് ഉടൻ തന്നെ ഇൻ-ആപ്പ് ഡയലറും കൊണ്ടുവരുന്നുണ്ട്. ട്രൂകോളറോ ഗൂഗിൾ ഡയലറോ ഉപയോഗിക്കാതെ തന്നെ നിങ്ങൾക്ക് വാട്‌സ്‌ആപ്പിൽ നിന്ന് നേരിട്ട് കോളുകൾ വിളിക്കാം. ഇതുവരെ വാട്‌സ്‌ആപ്പ് വഴി ആരെയെങ്കിലും വിളിക്കണമെങ്കിൽ ആ നമ്പർ നമ്മുടെ കോൺടാക്റ്റ് ലിസ്റ്റിൽ ഉണ്ടായിരിക്കണം. എന്നാൽ ഇനി അതൊരു പ്രശ്‌നമല്ല. വാട്‌സ്‌ആപ്പ് ഇൻ-ആപ്പ് ഡയലർ ലഭ്യമാണെങ്കിൽ, നിങ്ങളുടെ കോൺടാക്റ്റ് ലിസ്റ്റിൽ ഇല്ലാത്ത ഒരു നമ്പറിലേക്ക് വിളിക്കാൻ സാധിക്കും.