ഹൈദരാബാദ് : ഇന്നത്തെ കാലത്ത് വാട്‌സ്‌ആപ്പ് അക്കൗണ്ട് ഇല്ലാത്തവരായി ചുരുക്കം ആളുകളേ ഉണ്ടാവൂ. വാട്‌സ് ആപ്പ് എന്നത് ഓരോരുത്തരുടെയും മെബൈൽ ഫോണിലെ ഒഴിച്ചുകൂടാൻ പറ്റാത്ത അപ്ലിക്കേഷനായി മാറിയ കാലമാണിത്. സന്ദേശങ്ങൾ, ഫോട്ടോകൾ, വീഡിയോകൾ എന്നിവയ്‌ക്കൊപ്പം ഫയലുകൾ കൈമാറുന്നതിനുമായുള്ള ഒരു ലളിതമായ മാർഗമെന്ന രീതിയിലാണ് വാട്‌സ്‌ആപ്പ് ജനപ്രീതി നേടിയത്.
എന്നാല്‍ അതേ വാട്‌സ്‌ആപ്പ് വഴി പലചതികളും കുറ്റകൃത്യങ്ങളും അരങ്ങേറുന്നുണ്ട്. ഇത്തരത്തിൽ ദുരുപയോഗം ചെയ്യപ്പെടുന്ന 76.28 ലക്ഷത്തിലധികം അക്കൗണ്ടുകൾ ഇന്ത്യയിൽ നിരോധിച്ചിരിക്കുകയാണ് മെറ്റ. കമ്പനിയുടെ പ്രതിമാസ റിപ്പോർട്ടിലാണ് 2024 ഫെബ്രുവരിയിൽ 76,28,000 വാട്‌സ്‌ആപ്പ് അക്കൗണ്ടുകൾ നിരോധിച്ചതായി പറയുന്നത്.
ഇതിൽ 14,24,000 അക്കൗണ്ടുകൾ ഉപയോക്താക്കൾ പരാതിപ്പെടുന്നതിന് മുമ്പ് തന്നെ നിരോധിച്ചിരുന്നുവെന്നും മെറ്റ വ്യക്തമാക്കുന്നുണ്ട്. 2021ലെ ഐടി ആക്‌ട് അനുസരിച്ചാണ് അക്കൗണ്ടുകളുടെ നിരോധനം. രാജ്യത്ത് 50 കോടിയിലധികം ഉപയോക്താക്കളുള്ള മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്‌ആപ്പിൽ ഫെബ്രുവരിയിൽ 16,618 പരാതികളാണ് ലഭിച്ചത്.
അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടവരുടെ അടക്കം പരാതികള്‍ ഇക്കൂട്ടത്തിലുണ്ട്. ഫെബ്രുവരി 22-ാണ് പരാതിയിൽ നടപടി സ്വീകരിച്ചത്. അതേസമയം ഈ വർഷം ജനുവരിയിൽ 67,28,000 അക്കൗണ്ടുകൾ കമ്പനി നിരോധിച്ചിരുന്നു. ഇതിൽ 13.58 ലക്ഷം അക്കൗണ്ടുകൾ പരാതി ലഭിക്കുന്നതിന് മുൻപ് നിരോധിച്ചിരുന്നതായി മെറ്റ വ്യക്തമാക്കിയിട്ടുണ്ട്.