ഹൈദരാബാദ്: പങ്കാളിയോടുള്ള സ്‌നേഹം, മാതാപിതാക്കളുടെ സ്നേഹം, പ്രകൃതി സ്നേഹം, വളർത്തു മൃഗങ്ങളോടുള്ള സ്നേഹം എന്നിങ്ങനെ സ്‌നേഹം പല തരത്തിൽ ഉണ്ടാകുമല്ലോ... പല തരത്തിലുള്ള സ്‌നേഹം മനുഷ്യ മസ്‌തിഷ്‌കത്തിൽ പ്രതിഫലിക്കുന്നത് വിവിധ ഭാഗങ്ങളിലും വിവിധ തരത്തിലുമാണെന്ന് പഠനങ്ങൾ. ഫിൻലാന്‍റിലെ ആൾട്ടോ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്. മാതാപിതാക്കളോടുള്ള സ്‌നേഹം തലച്ചോറിൽ ആഴത്തിലുള്ള പ്രതിഫലനം സൃഷ്‌ടിക്കുന്നുവെന്നും കണ്ടെത്തൽ.
ഫങ്‌ഷണൽ മാഗ്നറ്റിക് റെസൊണൻസ് ഇമേജിങ് (എഫ്എംആർഐ) എന്ന ടെക്‌നോളജി ഉപയോഗിച്ച് തലച്ചോറിലെ പ്രവർത്തനം അളന്നുകൊണ്ട് നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തലുകൾ. ബേസൽ ഗാംഗ്ലിയ, നെറ്റിയുടെ മധ്യരേഖ, പ്രിക്യൂനിയസ്, തലയുടെ പിൻഭാഗത്തുള്ള ടെമ്പോറോപാരിയറ്റൽ ജങ്‌ഷൻ എന്നിവിടങ്ങളിൽ സ്‌നേഹത്തിന്‍റെ വിവിധ തലങ്ങൾ അനുസരിച്ചാണ് തലച്ചോറിൽ പ്രത്യേക സിഗ്‌നൽ ഉണ്ടാകുന്നതെന്ന് ഫിലോസഫറും ഗവേഷകനുമായ പാർടിലി റിൻ പറഞ്ഞു. മാതാപിതാക്കളുടെ സ്‌നേഹത്തിൽ മറ്റെല്ലാ തരത്തിലുള്ള സ്‌നേഹത്തെക്കാളും ഏറെ തലച്ചോറിൻ്റെ റിവാർഡ് സിസ്റ്റത്തിൽ ആഴത്തിലുള്ള പ്രതിഫലനം കണ്ടു. ഇത് മറ്റ് ഏത് തരത്തിലുള്ള സ്‌നേഹ ബന്ധങ്ങളിലും കാണാനായില്ല എന്നും റിൻ പറഞ്ഞു.
പങ്കാളിയോടുള്ള സ്‌നേഹം, രക്ഷാകർത്താക്കളോടുള്ള സ്‌നേഹം, സുഹൃത്തുക്കൾ, അപരിചിതർ, വളർത്തുമൃഗങ്ങൾ, പ്രകൃതി എന്നിവയോടുള്ള സ്നേഹം എന്നിവങ്ങനെ വ്യത്യസ്‌ത തലങ്ങളിലുള്ള സ്‌നേഹത്തെയാണ് പഠനത്തിന് വിധേയമാക്കിയത്. പഠനത്തിലെ കണ്ടെത്തലുകൾ സെറിബ്രൽ കോർട്ടെക്‌സ് ജേണലായ ഓക്സ്ഫോർഡ് യൂണിവേഴ്‌സിറ്റി പ്രസിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മറ്റൊരാളോടുള്ള അടുപ്പം എത്രത്തോളമാണ് എന്നത് മാത്രമല്ല തലച്ചോറിലെ പ്രതിഫലനത്തെ സ്വാധീനിക്കുന്നത്. സ്‌നേഹം മനുഷ്യനോടാണോ ജീവിയോടാണോ പ്രകൃതിയോടാണോ എന്നതും തലച്ചോറിന്‍റെ പ്രതിഫലനത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണെന്നാണ് ആൾട്ടോ യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിലെ കണ്ടെത്തൽ.
അപരിചിതരോടുള്ള അനുകമ്പയുള്ള സ്നേഹം തലച്ചോറിൽ വലിയ പ്രതിഫലനം ഉണ്ടാക്കുന്നില്ല. അതേസമയം മാതാപിതാക്കളോടും പങ്കാളിയോടുമുള്ള സ്‌നേഹം തലച്ചോറിൽ സൃഷ്‌ടിക്കുന്ന പ്രതിഫലനം ആഴത്തിലുള്ളതാണ്. പ്രകൃതിയോടുള്ള സ്നേഹം തലച്ചോറിലെ റിവാർഡ് സിസ്റ്റത്തെയും വിഷ്വൽ ഏരിയകളെയുമാണ് സജീവമാക്കുന്നത്. മാതാപിതാക്കളോട് സ്‌നേഹത്തിന് തുല്യമായ പ്രതിഫലനങ്ങൾ മറ്റൊരു തരത്തിലുള്ള സ്‌നേഹത്തിനും തലച്ചോറിൽ സൃഷ്‌ടിക്കാനായില്ല.
മാതാപിതാക്കളുടെ സ്നേഹം തലച്ചോറിന്‍റെ സ്ട്രൈറ്റം എന്ന ഭാഗത്ത് റിവാർഡ് സിസ്റ്റത്തിൽ ആഴത്തിലുള്ള പ്രതിഫലനമുണ്ടാക്കുന്നതായാണ് കണ്ടെത്തിയത്. അടുത്ത ബന്ധങ്ങളിലുള്ള ആളുകൾ തമ്മിലുള്ള സ്‌നേഹത്തിന്‍റെ തലച്ചോറിലുള്ള പ്രതിഫലനം സാമ്യമുള്ളതാണ്. മൃഗങ്ങളോടും പ്രകൃതിയോടുമല്ലാതെ മനുഷ്യന്മാർ തമ്മിലുള്ള പരസ്‌പര സ്നേഹം സാമൂഹിക വിജ്ഞാനവുമായി ബന്ധപ്പെട്ട മസ്‌തിഷ്‌കത്തിന്‍റെ ഭാഗങ്ങളിലാണ് ആഴത്തിലുള്ള പ്രതിഫലനം ഉണ്ടാക്കുന്നതെന്നും പഠനം കണ്ടെത്തി.
Also Read: മനുഷ്യരിൽ വാർധക്യസഹജമായ മാറ്റങ്ങൾ വലിയതോതിൽ സംഭവിക്കുന്നത് ഈ പ്രായങ്ങളിൽ; പഠനങ്ങൾ