സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും ഭൂമിയിൽ തിരികെയെത്തിക്കാനുള്ള സ്‌പേസ് എക്‌സ് ക്രൂ9 പേടകം ബഹിരാകാശ നിലയത്തിലെത്തി. സെപ്‌റ്റംബർ 28 ശനിയാഴ്‌ചയാണ് ക്രൂ-9 പേടകം വിക്ഷേപിച്ചത്. 5 മാസം നീളുന്ന ദൗത്യത്തിന് ശേഷം 2025 ഫെബ്രുവരിയിൽ പേടകം ഭൂമിയിൽ തിരികെയെത്തും.
ഇലോൺ മസ്‌ക്കിന്‍റെ ഉടമസ്ഥതയിലുള്ളതാണ് ക്രൂ ഡ്രാഗൺ പേടകം. നാസയുടെ ബഹിരാകാശ സഞ്ചാരികളായ നിക്ക് ഹേഗ്, അലക്‌സാണ്ടർ ഗോർബുനോവ് എന്നിവരാണ് ക്രൂ9 പേടകത്തിൽ ബഹിരാകാശ നിലയത്തിലെത്തിയത്. ഇവർ 5 മാസം വരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തുടരും. തുടർന്ന് 2025 ഫെബ്രുവരിയിൽ സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും പേടകത്തിൽ തിരികെയെത്തിക്കും.
Welcome, #Crew9! After floating through the Dragon’s hatch, our new arrivals join the crew aboard the @Space_Station. They’ll spend five months conducting @ISS_Research and maintenance on the orbiting lab. pic.twitter.com/DJX7f9vxlg
— NASA (@NASA) September 29, 2024
പേടകത്തിന്‍റെ വിക്ഷേപണം സെപ്‌റ്റംബർ 26ന് നടത്താൻ പദ്ധതിയിട്ടിരുന്നെങ്കിലും ഹെലൻ ചുഴലിക്കാറ്റിനെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു. തുടർന്ന് കഴിഞ്ഞ ശനിയാഴ്‌ചയാണ് ഫ്ലോറിഡയിലെ കേപ് കനാവറലിൽ നിന്ന് പേടകം വിക്ഷേപിച്ചത്. സുനിത വില്യംസിന്‍റെയും ബുച്ച് വിൽമോറിന്‍റെയും രക്ഷാദൗത്യത്തിൽ വളരെയധികം പ്രാധാന്യമർഹിക്കുന്നതാണ് സ്‌പേസ് എക്‌സിന്‍റെ ക്രൂ-9 മിഷൻ.
നേരത്തെ നാല് സഞ്ചാരികളുമായി പോവുകയായിരുന്ന സ്‌പേസ് എക്‌സിന്‍റെ ക്രൂ 9, പിന്നീട് ബഹിരാകാശത്ത് കുടുങ്ങിക്കിടക്കുന്നവരുടെ തിരിച്ചുവരവ് കണക്കിലെടുത്ത് 2 യാത്രികരെ ഒഴിവാക്കുകയായിരുന്നു. ഇവരെ തിരിച്ച് കൊണ്ടുവരുന്നതിനായി ക്രൂ 9 പേടകത്തിൽ സീറ്റുകൾ ഒഴിച്ചിട്ടിട്ടുണ്ട്.
3... 2... 1... Liftoff of #Crew9, now soaring to the International @Space_Station. pic.twitter.com/gDRd1VVAV7
— NASA (@NASA) September 28, 2024
ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും ജൂൺ 6 നാണ് സ്റ്റാർലൈനർ പേടകത്തിൽ ബഹിരാകാശ നിലയത്തിലെത്തിയത്. 10 ദിവസത്തിനുള്ളിൽ മടങ്ങാൻ പദ്ധതിയിട്ടെങ്കിലും പേടകത്തിലെ ഹീലിയം ചോർച്ചയും ത്രസ്റ്റർ തകരാറും കാരണം മടങ്ങിവരവ് പ്രതിസന്ധിയിലാവുകയായിരുന്നു. സുരക്ഷ വിഷയം കാരണം ഇരുവരെയും തിരികെയെത്തിക്കാനാകാതെ സ്റ്റാർലൈനർ പേടകം പിന്നീട് തനിയെ ഭൂമിയിലേക്ക് മടങ്ങി.
തുടർന്നാണ് 5 മാസത്തെ ബഹിരാകാശ ദൗത്യത്തിന് ശേഷം 2025 ഫെബ്രുവരിയിൽ മടങ്ങിയെത്തുന്ന സ്‌പേസ് എക്‌സിന്‍റെ ക്രൂ-9 പേടകത്തിൽ ഇരുവരെയും തിരികെയെത്തിക്കാൻ തീരുമാനിക്കുന്നത്.