വാഷിങ്‌ടൺ: ഫ്ലോറിഡയിലെ കേപ് കനാവറലിലെ കെന്നഡി സ്‌പേസ് സെന്‍ററില്‍ നിന്നും കുതിച്ചുയര്‍ന്ന ബഹിരാകാശ പേടകം ബോയിങ് സ്റ്റാര്‍ലൈനര്‍ ഭ്രമണപഥത്തിലെത്തിയതായി നാസ അറിയിച്ചു. പേടകത്തില്‍ ബഹിരാകാശത്തേക്ക് കുതിച്ച സുനിത വില്യംസും ബുഷ് വിൽമോറും പരീക്ഷണങ്ങള്‍ നടത്താനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. പേടകം കുതിച്ചുയര്‍ന്നതിന് പിന്നാലെയുള്ള ആദ്യ ആറ് മണിക്കൂര്‍ തികച്ചും കൗതുകകരമായിരുന്നുവെന്ന് മാനുവൽ നിയന്ത്രണം ഏറ്റെടുത്ത ബുഷ് വില്‍മോർ പറഞ്ഞു. ഹൂസ്‌റ്റണിലെ നാസയുടെ കേന്ദ്രത്തിലെ മിഷൻ സെന്‍ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
എക്കണോമിക് സമയം (ET) രാവിലെ 10:52ന് ബോയിങ്ങിന്‍റെ സ്‌റ്റാർലൈനർ ആദ്യമായി യുഎൽഎ (ULA) ലോഞ്ച് അറ്റ്ലസ് V റോക്കറ്റിൽ കുതിച്ചുയർന്നുവെന്നും നാസ പറഞ്ഞു. പേടകത്തെ ക്രൂ ഫ്ലൈറ്റ് ടെസ്‌റ്റിന് വിധേയമാക്കാനാണ് നാസയുടെ തീരുമാനം. ഇന്നലെ രാത്രി 8.22 ഓടെയാണ് ഫ്ലോറിഡയിലെ സ്‌പേസ് സെന്‍ററില്‍ നിന്നും സ്റ്റാര്‍ലൈനര്‍ വിജയകരമായി വിക്ഷേപിച്ചത്.
നേരത്തെ നിരവധി തവണ വിക്ഷേപണ ശ്രമങ്ങള്‍ നടന്നിരുന്നുവെങ്കിലും സാങ്കേതിക തകരാറുകള്‍ കാരണം മുടങ്ങിയിരുന്നു. തുടര്‍ന്നാണ് ഇന്നലെ പേടകം യാത്ര തിരിച്ചത്. മൂന്നാം ശ്രമത്തിലാണ് പേടകത്തിന് ലിഫ്റ്റ് ഓഫ് ലഭിച്ചത്.
സുനിത വില്യംസും ബുഷ് വില്‍മോറും ഒരാഴ്‌ച ഐഎസ്എസിൽ തുടരും. പിന്നീട് ഐഎസ്എസിൽ നിന്ന് പേടകം അൺഡോക്ക് ചെയ്‌ത് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കും. ജൂൺ 10ന് അമേരിക്കയുടെ തെക്കുപടിഞ്ഞാറൻ ഭാഗത്ത് പാരച്യൂട്ട്, എയർബാഗ് എന്നിവയുടെ സഹായത്തോടെ ഇരുവരും ലാൻഡിങ് നടത്തുമെന്ന് നാസ അറിയിച്ചു.
നമ്മുക്ക് പോകാം കാലിപ്‌സോ: സുനിത വില്യംസ് പേടകം പറത്തുന്നതില്‍ ഇന്ത്യക്ക് അഭിമാനിക്കാം. ബഹിരാകാശത്തേക്കുള്ള കുതിപ്പിന് മുമ്പ് 'നമ്മുക്ക് പോകാം കാലിപ്‌സോ' (Let's go, Calypso) എന്ന് സുനിത വില്യംസ് പറയുന്നതിന്‍റെ ശബ്‌ദരേഖ മിഷൻ കൺട്രോളിലെ റേഡിയോയില്‍ ലഭിച്ചിട്ടുണ്ട്. ഞങ്ങളെ ബഹിരാകാശത്തേക്ക് കൊണ്ടു പോയി തിരിച്ച് കൊണ്ടുവരൂവെന്നും യാത്രക്ക് മുമ്പ് സുനിത പേടകത്തോട് പറയുന്നുണ്ട്.
ബഹിരാകാശത്തേക്കുള്ള സുനിതയുടെ മൂന്നാമത്തെ യാത്ര കൂടിയാണിത്. തന്‍റെ മകൾ നല്ല സന്തോഷത്തിലാണെന്ന് സുനിതയുടെ അമ്മ ബോണി പാണ്ഡ്യ പറഞ്ഞു. ബഹിരാകാശത്തേക്ക് വീണ്ടും പോകുന്നതിൽ അഭിമാനിക്കുന്നുവെന്നും വിക്ഷേപണത്തിന് പിന്നാലെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം ദൗത്യം പൂര്‍ത്തിയാക്കി തിരിച്ചെത്തുമ്പോള്‍ ബുഷ് വില്‍മോറും സുനിത വില്യംസും നാസയുടെ ബഹിരാകാശയാത്രികരുടെ എക്‌സ്‌പെഡിഷൻ 71 ക്രൂവിൽ ചേരും. മൈക്കൽ ബാരറ്റ്, മാറ്റ് ഡൊമിനിക്, ട്രേസി സി ഡൈസൺ, ജീനെറ്റ് എപ്പ്സ്, റോസ്‌കോസ്‌മോസ്, നിക്കോളായ് ചുബ്, അലക്‌സാണ്ടർ ഗ്രെബെൻകിൻ, ഒകോലെൻകിൻ എന്നിവരാണ് ക്രൂവിലെ മറ്റ് അംഗങ്ങള്‍.
സ്റ്റാര്‍ലൈനറിന്‍റെ ആദ്യ പരീക്ഷണ പറക്കലില്‍ രണ്ട് ധീരരായ ബഹിരാകാശ യാത്രികരാണ് അതിൽ സഞ്ചരിക്കുന്നതെന്ന് നാസ അഡ്‌മിനിസ്ട്രേറ്റർ ബിൽ നെൽസൺ പറഞ്ഞു. പരീക്ഷണ വിക്ഷേപണം വിജയകരമായതില്‍ സ്‌പേസ് എക്‌സ് സ്ഥാപകനും സിഇഒയുമായ എലോൺ മസ്‌ക് അഭിനന്ദനങ്ങള്‍ അറിയിച്ചു. 'വിജയകരമായ വിക്ഷേപണത്തിന് അഭിനന്ദനങ്ങൾ' എന്ന് എക്‌സില്‍ കുറിച്ച അദ്ദേഹം "സ്‌റ്റാർലൈനർ ടു ദ സ്‌റ്റാർസ്" എന്നെഴുതിയ യുഎസ് ബഹിരാകാശ ഏജൻസിയുടെ ട്വീറ്റും റീട്വീറ്റ് ചെയ്‌തു.
ALSO READ : സ്റ്റാര്‍ലൈനര്‍ കുതിച്ചുയര്‍ന്നു; സുനിത വില്യംസ് മൂന്നാമതും ബഹിരാകാശത്തേക്ക്