ഹൈദരാബാദ്: പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ മിന്ത്ര ക്വിക്ക് കൊമേഴ്‌സ് സേവനങ്ങൾ ആരംഭിച്ചു. എം-നൗ എന്ന പേരിലാണ് സേവനങ്ങൾ ആരംഭിച്ചത്. വെറും 30 മിനിറ്റിനുള്ളിൽ വീട്ടിലേക്ക് ഓർഡർ ചെയ്‌ത സാധനങ്ങൾ ഡെലിവറി ചെയ്യുന്ന അതിവേഗ ഡെലിവറി സംവിധാനമാണ് എം-നൗ. ബെംഗളൂരുവിലാണ് പുതിയ സേവനം ആരംഭിച്ചത്.
ഈ സേവനം വരും ദിവസങ്ങളിൽ രാജ്യത്തുടനീളം ആരംഭിക്കുമെന്നാണ് മിന്ത്ര സിഇഒ നന്ദിത സിൻഹ അറിയിച്ചിരിക്കുന്നത്. ഉപഭോക്താവിന് ഇഷ്‌ടമുള്ള ഫാഷൻ ഉത്‌പന്നങ്ങൾ അതിവേഗം വീട്ടിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സേവനം നടപ്പാക്കുന്നത്.
"തെരഞ്ഞെടുക്കാനായി ധാരാളം ഓപ്‌ഷനുകൾ ഉള്ള ഒരു വിഭാഗമാണ് ഫാഷൻ. ഉപഭോക്താവിന്‍റെ ചോയിസിനും സൗകര്യത്തിനും ഒരേപോലെ പ്രാധാന്യം നൽകുന്ന പ്ലാറ്റ്‌ഫോമാണ് എം-നൗ. ഞങ്ങളുടെ സർവീസുകൾ കൂടുതൽ വേഗത്തിലാക്കാനാണ് ഞങ്ങൾ പരിശ്രമിക്കുന്നത്. അതിവേഗ ഡെലിവറി സാധ്യമാക്കി കൊണ്ട് ഇ-കൊമേഴ്‌സ് സേവനത്തിലേക്ക് കാലെടുത്തു വെയ്‌ക്കുന്ന ആദ്യത്തെ ഫാഷൻ ബ്രാൻഡായി മാറിയിരിക്കുകയാണ് മിന്ത്ര. എം-നൗ വഴി അന്താരാഷ്ട്ര, ആഭ്യന്തര ബ്രാൻഡിന്‍റെ ഉത്‌പന്നങ്ങൾ 30 മിനിറ്റിനുള്ളിൽ ഞങ്ങൾ ഉപഭോക്താക്കൾക്ക് എത്തിക്കും"-സിഇഒയുടെ വാക്കുകൾ.
മിന്ത്രയുടെ ഉത്‌പന്നങ്ങൾ ഓർഡർ ചെയ്‌ത് ഉപഭോക്താവിലേക്കെത്താൻ സാധാരണ ഒന്ന് മുതൽ 7 വരെ ദിവസമെടുക്കും. 2022ൽ മിന്ത്ര എം-എക്‌സ്‌പ്രസ് എന്ന പേരിൽ മെട്രോ നഗരങ്ങളിൽ 24 മുതൽ 48 മണിക്കൂറിനുള്ളിൽ ഉത്‌പന്നം എത്തിക്കുന്ന എക്‌സ്‌പ്രസ് ഡെലിവറി സേവനം ആരംഭിച്ചിരുന്നു. ഇപ്പോൾ 30 മിനിറ്റുകൾക്കുള്ളിൽ ഡെലിവറി നടത്തുന്ന സർവീസുകൾ ആരംഭിച്ചിരിക്കുകയാണ് മിന്ത്ര.
ഇത്തരം സേവനങ്ങൾ നൽകുന്ന മറ്റ് പ്ലാറ്റ്‌ഫോമുകൾ?
സെപ്‌റ്റോ, ബ്ലിങ്കിറ്റ് ഉൾപ്പെടെയുള്ള ഡെലിവറി ആപ്പുകൾ തൽക്ഷണ ഡെലിവറി സേവനം നൽകുന്നുണ്ട്. സെപ്‌റ്റോ, ബ്ലിങ്കിറ്റ് പോലുള്ളവ പലചരക്ക്, ഫാഷൻ ഉത്‌പന്നങ്ങൾ, സൗന്ദര്യ വർധക വസ്‌തുക്കൾ, പഴങ്ങൾ തുടങ്ങിയ ഉത്‌പന്നങ്ങളുടെ ഡോർ സ്റ്റെപ്പ് ഡെലിവറി വാഗ്‌ദാനം ചെയ്യുന്നുണ്ട്. 10 മിനിറ്റിനുള്ളിലാണ് ഇത്തരം ആപ്പുകൾ ഡെലിവറി വാഗ്‌ദാനം ചെയ്യുന്നത്.