ന്യൂഡല്‍ഹി : ഇന്ത്യയുടെ ആദ്യ സൗര ദൗത്യമായ ആദിത്യ എല്‍1 ആദ്യ ഭ്രമണം പൂര്‍ത്തിയാക്കി. സൂര്യനും ഭൂമിയ്ക്കും ചുറ്റുമുള്ള എല്‍1 പോയിന്‍റിലെ ഭ്രമണമാണ് പൂര്‍ത്തീകരിച്ചതെന്ന് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രം (ഐഎസ്‌ആര്‍ഒ) പ്രസ്‌താവനയില്‍ അറിയിച്ചു.
കഴിഞ്ഞ സെപ്റ്റംബര്‍ രണ്ടിനാണ് ആദിത്യ വിക്ഷേപിച്ചത്. ജനുവരി ആറിന് ആദ്യ ഭ്രമണം പൂര്‍ത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ എല്‍1 പോയിന്‍റിലെ ഭ്രമണം പൂര്‍ത്തിയാക്കാന്‍ ആദിത്യ 178 ദിവസമെടുത്തു. നിരവധി ഉലച്ചിലുകള്‍ക്കും മറ്റും വിധേയമായതിനാല്‍ നിശ്ചിത ഭ്രമണപഥത്തില്‍ നിന്ന് ആദിത്യ ഇടയ്ക്ക് വ്യതിചലിച്ചിട്ടുണ്ടെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കി.
![ISRO ആദിത്യ എല്‍1 SUN EARTH L1 POINT ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രം](https://etvbharatimages.akamaized.net/etvbharat/prod-images/03-07-2024/21855235_isro.jpg)
തുടര്‍ന്ന് ഫെബ്രുവരി 22നും ജൂണ്‍ ഏഴിനും ഇതിനെ തിരികെ ഭ്രമണപഥത്തില്‍ എത്തിക്കേണ്ടി വന്നു. മൂന്നാം ഘട്ടത്തില്‍ ആദിത്യയുടെ ഭ്രമണപഥം പുനക്രമീകരിച്ചിട്ടുണ്ട്. ഇതോടെ രണ്ടാം ഭ്രമണം സുഗമമായി തുടരാനാകുമെന്നാണ് കരുതുന്നത്. ആദിത്യയുടെ ആദ്യഘട്ട ഭ്രമണം അതി സങ്കീര്‍ണമായിരുന്നു.