ഡൽഹി: 75 -ാം മത് റിപ്പബ്ലിക് ദിന പരേഡിൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐഎസ്ആർഒ) ടാബ്ലോയിൽ തിളങ്ങി ചന്ദ്രയാൻ 3. ചന്ദ്രൻ്റെ ദക്ഷിണധ്രുവത്തിന് സമീപം ചന്ദ്രയാൻ 3 പേടകത്തിൻ്റെ ലാൻഡിംഗും സൂര്യനെ പഠിക്കാനുള്ള ആദിത്യ എൽ 1 ദൗത്യവും റിപ്പബ്ലിക് ദിന പരേഡിൽ ഐഎസ്ആർഒയുടെ ടാബ്ലോയിൽ ഇടം കണ്ടെത്തി. ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ്റെ വിവിധ ദൗത്യങ്ങളിൽ വനിത ശാസ്ത്രജ്ഞരുടെ പങ്കാളിത്തവും അടുത്ത വർഷം ഇന്ത്യയുടെ മനുഷ്യ ബഹിരാകാശ യാത്ര നടത്താനുള്ള പദ്ധതിയും ടാബ്ലോയില്‍ പ്രദർശിപ്പിച്ചു.
ചന്ദ്രയാൻ 3 യിലെ ലോഞ്ച് വെഹിക്കിൾ മാർക്ക് 3 യുടെ മാതൃകയാണ് ടാബ്ലോയിൽ പ്രദർശിപ്പിച്ചത്. ശിവശക്തി പോയിൻ്റ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പേര് നൽകിയ ബഹിരാകാശ പേടകത്തിൻ്റെ ചാന്ദ്ര ലാൻഡിംഗ് സൈറ്റും ടാബ്ലോയിൽ ഉണ്ടായിരുന്നു. ഇതിനു പുറമെ വിജയകരമായി ലാൻഡ് ചെയ്‌ത ആദിത്യ എൽ 1 ദൗത്യവും ഭാവി ദൗത്യങ്ങളായ ഗഗൻയാൻ, ഭാരതീയ അന്തരിക്ഷ് സ്റ്റേഷൻ എന്നിവയും ടാബ്ലോയിൽ ഉൾപ്പെടുത്തിയിരുന്നു.
കൂടാതെ പുരാതന ജ്യോതിശാസ്ത്രജ്ഞരായ ആര്യഭട്ട, വരാഹമിഹിരർ, ബഹിരാകാശ മാർഗദർശകർ എന്നിവരേയും ടാബ്ലോയിൽ ചിത്രീകരിച്ചിരുന്നു. ഇസ്രോയുടെ സമകാലിക ശാസ്ത്ര നേട്ടങ്ങളും ടാബ്ലോയിലുണ്ടായിരുന്നു. മാത്രമല്ല ഇസ്രോയുടെ ശ്രദ്ധേയമായ നാഴികക്കല്ലുകളുടേയും അഭിലാഷങ്ങളുടേയും ബഹിരാകാശ പര്യവേഷണത്തിനുള്ള ഇന്ത്യയുടെ സംഭാവനകളുടെയും ദൃശ്യ വിവരണങ്ങളും പ്രദർശിപ്പിച്ചു.
ഇന്ത്യൻ ബഹിരാകാശ ഏജൻസിയുടെ അടുത്ത ലക്ഷ്യം 2024-2025 ലെ ഗഗൻയാൻ ദൗത്യമാണ്. കൂടുതൽ നേട്ടങ്ങൾ എത്തിപിടിക്കാനുള്ള ഒരുക്കത്തിലാണ് ഇസ്രോ. 2035 ൽ ഭാരതീയ അന്തരിക്ഷ സ്റ്റേഷൻ' സ്ഥാപിച്ച ശേഷം 2040 ൽ ആദ്യത്തെ ഇന്ത്യക്കാരനെ ചന്ദ്രനിലേക്ക് അയക്കുമെന്നും ഇസ്രോ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമായി 16 ടാബ്ലോകളും കേന്ദ്ര സർക്കാർ വകുപ്പുകളിൽ നിന്ന് 9 ടാബ്ലോകളുമാണ് റിപ്പബ്ലിക് ദിന പരേഡിൽ പ്രദർശിപ്പിച്ചത്.