ഹൈദരാബാദ്: കൗമാരക്കാർ കൂടുതലായും ഉപയോഗിച്ചു വരുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമാണ് ഇൻസ്റ്റാഗ്രാം. 18 വയസിന് താഴെയുള്ളവരുടെ സുരക്ഷ കണക്കിലെടുത്ത് സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണമേർപ്പെടുത്തുന്നതിനായി ടീൻ അക്കൗണ്ടുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് ഇൻസ്റ്റാഗ്രാം. ടീൻ അക്കൗണ്ട് ആകുന്നതോടെ പ്രൈവറ്റ് അക്കൗണ്ടിന് സമാനമായിരിക്കും ഇൻസ്റ്റാഗ്രാം സേവനങ്ങൾ.
18 വയസിന് താഴെയുള്ളവർ പുതുതായി അക്കൗണ്ട് ആരംഭിക്കുമ്പോൾ ഇനി മുതൽ ടീൻ അക്കൗണ്ട് ആയിരിക്കും ലഭ്യമാകുക. അതേസമയം 18 വയസിന് താഴെയുള്ളവരുടെ നിലവിലെ അക്കൗണ്ടുകൾ ഓട്ടോമാറ്റിക് ആയി ടീൻ അക്കൗണ്ടാകുമെന്നാണ് വിവരം. അപരിചിതരായ ആളുകൾക്ക് അനുവാദമില്ലാതെ ടീൻ അക്കൗണ്ടുകളിലേക്ക് സന്ദേശമയക്കാനോ, ടാഗ് ചെയ്യാനോ, മെൻഷൻ ചെയ്യാനോ സാധിക്കില്ല. ഇവരുടെ ഫോളോവർമാർക്ക് മാത്രം കാണാവുന്ന തരത്തിലായിരിക്കും ടീൻ അക്കൗണ്ടിന്‍റെ പ്രവർത്തനം.
കൂടാതെ ഇൻസ്റ്റാഗ്രാമിൽ ലഭ്യമാകുന്ന കണ്ടന്‍റുകളും പ്രായത്തിനനുസരിച്ച് നിയന്ത്രിക്കപ്പെടും. ഇൻസ്റ്റാഗ്രാം നിരവധി സുരക്ഷാവീഴ്‌ച്ചകൾക്ക് കാരണമാകുമെന്ന മാതാപിതാക്കളുടെ ആശങ്കകൾ ശക്തമായതോടെയാണ് പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുന്നത്. അടുത്ത ആഴ്‌ച ആയിരിക്കും പുതിയ മാറ്റം പ്രാബല്യത്തിൽ വരുന്നത്. യുഎസിൽ നടപ്പാക്കിയതിന് ശേഷം, മറ്റ് രാജ്യങ്ങളിലേക്ക് കൂടി അവതരിപ്പിക്കുമെന്നാണ് വിവരം.
ഒരു മണിക്കൂർ ഇൻസ്റ്റാഗ്രാം ഉപയോഗിച്ചു കഴിഞ്ഞാൽ ഉപയോഗം നിർത്തിവെക്കാനുള്ള അറിയിപ്പുകളും ടീൻ അക്കൗണ്ടുകളിലേക്ക് ലഭ്യമാകും. രാത്രിയിൽ സ്ലീപ്പ് മോഡിലേക്ക് മാറുന്ന തരത്തിലായിരിക്കും അക്കൗണ്ട് ക്രമീകരിച്ചിരിക്കുന്നത്. രാത്രി പത്ത് മണിക്ക് ശേഷം രാവിലെ ഏഴ് വരെയായിരിക്കും സ്ലീപ്പ് മോഡ് ക്രമീകരിക്കുക.
എന്നാൽ ജനനതീയതി അടിസ്ഥാനമാക്കി മാത്രം ഉപയോക്താക്കളുടെ പ്രായം കണക്കാക്കുന്ന ഇൻസ്റ്റാഗ്രാമിലെ പുതിയ നിയന്ത്രണം കൗമാർക്കാർക്കിടയിൽ എത്രത്തോളം ഫലപ്രദമാകുമെന്നത് വ്യക്തമല്ല.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അടുത്തിടെ യൂട്യൂബും കുട്ടികളുടെ യൂട്യൂബ് ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്താൻ പുതിയ ഫീച്ചറുമായി എത്തിയിരുന്നു. പുതിയ ഫീച്ചർ വഴി കുട്ടികളുടെ യൂട്യൂബ് അക്കൗണ്ടിനെ രക്ഷിതാക്കളുടെ അക്കൗണ്ടുമായി ബന്ധിപ്പിക്കാനും കുട്ടിയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും കഴിയും. ഇതോടെ കുട്ടികൾ യൂട്യൂബിൽ എന്താണ് കാണുന്നത്, അപ്‌ലോഡ് ചെയ്‌ത വീഡിയോകൾ, സബ്‌സ്‌ക്രൈബ് ചെയ്‌ത ചാനലുകൾ, വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളിലെ പോസ്റ്റുകൾ, കമൻ്റുകൾ ഇവയെല്ലാം തൽക്ഷണം രക്ഷിതാക്കൾക്ക് അറിയാനാകും.
Also Read: നിങ്ങളുടെ കുട്ടികൾ യൂട്യൂബിൽ എന്ത് കാണുന്നുവെന്ന് എവിടെയിരുന്നും അറിയാം? പുതിയ ഫീച്ചർ...