മൈസൂരു: യുദ്ധ ടാങ്കുകൾക്കായി ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച 1500 കുതിരശക്‌തിയുള്ള എഞ്ചിന്‍റെ ആദ്യ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി. ഇന്ന് (20-03-2024) മൈസൂർ കോംപ്ലക്‌സിലെ ബിഇഎംഎല്ലിന്‍റെ എഞ്ചിൻ ഡിവിഷനിൽ നടന്ന പരീക്ഷണ ചടങ്ങില്‍ പ്രതിരോധ സെക്രട്ടറി ഗിരിധർ അരമനെ അധ്യക്ഷനായി. പ്രതിരോധ മന്ത്രാലയത്തിലെ മുതിർന്ന സിവിൽ, സൈനിക ഉദ്യോഗസ്ഥരും വ്യവസായ പങ്കാളികളും ബിഇഎംഎൽ ലിമിറ്റഡിന്‍റെ ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
ഉയർന്ന പവർ-ടു-വെയിറ്റ് അനുപാതം, ഉയർന്ന ഉയരത്തിലും പൂജ്യത്തിന് താഴെയുള്ള താപനിലകളിലും മരുഭൂമിയിലും മികച്ച പ്രവർത്തനക്ഷമത തുടങ്ങിയ അത്യാധുനിക സവിശേഷതകളുണ്ട് ഇന്ത്യ നിര്‍മിച്ച 1500 എച്ച്പി എഞ്ചിന്. നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ഒരുക്കിയിരിക്കുന്ന എൻജിൻ ആഗോളതലത്തില്‍ തന്നെ മികച്ചവയുടെ പട്ടികയില്‍ ഉള്‍പ്പെടുന്നതാണ്.
സായുധ സേനയുടെ കഴിവുകൾ വർധിപ്പിക്കുന്ന പരിവർത്തനമാണിതെന്നാണ് ടെസ്‌റ്റ് സെൽ ഉദ്ഘാടനം ചെയ്‌തുകൊണ്ട് പ്രതിരോധ സെക്രട്ടറി പറഞ്ഞത്. രാജ്യത്തെ പ്രതിരോധ മികവിന് സുപ്രധാന സംഭാവന നൽകുന്ന ബിഇഎംഎല്ലിന്‍റെ പ്രധാന ചുവടുവെപ്പാണ് ഇതെന്ന് ബിഇഎംഎൽ സിഎംഡി ശാന്തനു റോയ് പറഞ്ഞു.
Also Read : പ്രതിരോധ വിപണിയിലെ വിജയഗാഥ; സ്വയംപര്യാപ്‌ത ഇന്ത്യയുടെ വളര്‍ച്ചയും വെല്ലുവിളികളും
1500 എച്ച്‌പി എഞ്ചിന്‍റെ ആദ്യ ടെസ്റ്റ് വിജയമായതോടെ ഒന്നാം ജനറേഷൻ ആണ് പൂര്‍ത്തിയായത്. രണ്ടാം ജനറേഷനില്‍ വിവിധ പരീക്ഷണങ്ങൾക്കായി ബിഇഎംഎൽ എഞ്ചിനുകൾ നിർമ്മിക്കുകയും യഥാർത്ഥ വാഹനങ്ങളുമായി അവയെ സംയോജിപ്പിക്കുകയും ചെയ്യും. 2025 പകുതിയോടെ പദ്ധതി പൂർതത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 2020 ഓഗസ്‌റ്റിൽ ആരംഭിച്ച പദ്ധതി അഞ്ച് പ്രധാന ഘട്ടങ്ങള്‍ കടന്നാണ് ഇതുവരെ എത്തിയത്.