ന്യൂഡൽഹി: ചന്ദ്രയാൻ-3 യുടെ വിക്രം ലാൻഡര്‍ ഇറങ്ങിയ സ്ഥലം ഇനിഅന്താരാഷ്‌ട്ര തലത്തിലും 'ശിവശക്തി' എന്നറിയപ്പെടും. പ്ലാനറ്ററി സിസ്‌റ്റം നാമകരണത്തിനായി ശിവശക്തി എന്ന പേര് ഇന്‍റര്‍നാഷണൽ അസ്ട്രോണമിക്കൽ യൂണിയൻ (IAU) ഔദ്യോഗികമായി അംഗീകരിച്ചു. ഗ്രഹങ്ങളുടെ ഉപരിതല പ്രദേശങ്ങള്‍ക്ക് നാമകരണം നൽകുന്ന അന്താരാഷ്‌ട്ര അംഗീകാരമുള്ള അതോറിറ്റിയാണ് ഇന്‍റര്‍നാഷണൽ അസ്ട്രോണമിക്കൽ യൂണിയൻ.
2024 മാർച്ച് 19-ന് ആണ് ലാൻഡിങ് സൈറ്റിന് 'സ്‌റ്റാറ്റിയോ ശിവ് ശക്തി' എന്ന പേര് ഇന്‍റര്‍നാഷണൽ അസ്ട്രോണമിക്കൽ യൂണിയൻ അംഗീകരിക്കുന്നത്. ഇന്ത്യൻ പുരാണങ്ങളിൽ നിന്നുള്ള പദമായ ശിവശക്തി, പുരുഷന്‍ (ശിവൻ) എന്നും സ്‌ത്രീ (ശക്തി) എന്നുമാണ് അര്‍ത്ഥമാക്കുന്നതെന്ന് പേരിന്‍റെ ഉത്ഭവത്തെക്കുറിച്ച് പ്ലാനറ്ററി നോമൻക്ലേച്ചറിന്‍റെ ഗസറ്റിയറില്‍ പറയുന്നു.
ഗ്രഹത്തിന്‍റെയോ ഉപഗ്രഹത്തിന്‍റെയോ ഉപരിതല പ്രദേശത്തെ എളുപ്പം തിരിച്ചറിയാനാണ് ഇത്തരത്തില്‍ പ്ലാനറ്ററി നാമകരണം ചെയ്യുന്നത്. 1919-ൽ സ്ഥാപിതമായത് മുതൽ ഇന്നുവരെ, ഇന്‍റര്‍നാഷണൽ അസ്ട്രോണമിക്കൽ യൂണിയൻ നാമകരണം ചെയ്യുകയും അംഗീകരിക്കുകയും ചെയ്‌ത ഗ്രഹങ്ങളുടെയും ഉപഗ്രഹങ്ങളുടെയും വിശദമായ വിവരങ്ങൾ പ്ലാനറ്ററി നോമൻക്ലേച്ചറിന്‍റെ ഗസറ്റിയറില്‍ കാണാം. നാസയുടെ ധനസഹായത്തോടെ യു എസ് ജിയോളജിക്കൽ സർവേയുടെ ആസ്‌ട്രോജിയോളജി സയൻസ് സെന്‍ററാണ് ഗസറ്റിയർ പരിപാലിക്കുന്നത്.
ചന്ദ്രയാൻ-3യുടെ ലാൻഡർ സ്‌പർശിച്ച സ്ഥലം ശിവശക്തി എന്നറിയപ്പെടുമെന്ന് 2023 ഓഗസ്‌റ്റ് 26 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. ശിവനിൽ മനുഷ്യരാശിയുടെ ക്ഷേമത്തിനായുള്ള പദ്ധതികളുണ്ടെന്നും ആ തീരുമാനങ്ങൾ നിറവേറ്റാൻ ശക്തി നമുക്ക് ശക്തി നൽകുമെന്നുമാണ് പേര് പ്രഖ്യാപിച്ചുകൊണ്ട് മോദി പറഞ്ഞത്.