ന്യൂഡൽഹി: പുത്തന്‍ സാങ്കേതികവിദ്യയുടെ ഏറ്റവും പുതിയ ഉപോത്പന്നമാണ് ഡീപ് ഫേക്ക്. ഉപകാരപ്രദമായ സാങ്കേതിക വിദ്യയാണെങ്കിലും ഇന്ന് ഇന്നത് ഉപദ്രവകരമായാണ് ഉപയോഗിക്കപ്പെടുന്നത്. കേവലം വ്യക്തികളെ മാത്രമല്ല, പല സർക്കാരുകളെയും, വൻ കമ്പനികളെയും വരെ ഡീപ് ഫേക്ക് പ്രതികൂലമായി ബാധിച്ചുകഴിഞ്ഞു. കോടിക്കണക്കിന് രൂപയുടെ തട്ടിപ്പുകളാണ് ഇതിനോടകം ഡീപ് ഫേക്ക് ഉപയോഗിച്ച് നടന്നത്.
കേവലം ധന നഷ്‌ടത്തില്‍ മാത്രം ഒതുങ്ങുന്നതല്ല ഡീപ് ഫേക്കിന്‍റെ അപകടം. ധന നഷ്‌ടത്തിനൊപ്പം പലര്‍ക്കും വലിയ മാനഹാനിയുണ്ടാകാനും ഡീപ് ഫേക്ക് കാരണമായിട്ടുണ്ട്. ഇന്ന് സാധാരണക്കാരെ മുതല്‍ സെലിബ്രിറ്റികളെ വരെ ബാധിക്കുന്ന ഒരു പേടി സ്വപ്‌നമായി മാറി ഡീപ് ഫേക്ക് സാങ്കേതികവിദ്യ. ഡീപ് ഫേക്ക് തട്ടിപ്പുകൾ വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ അവയെപ്പറ്റി അവബോധമുണ്ടാകേണ്ടത് അനിവാര്യമാണ്. അതിന് ഡീപ് ഫേക്കുകളെ എങ്ങനെ തിരിച്ചറിയാം, എങ്ങനെ പ്രതിരോധിക്കാം എന്നെല്ലാം അറിഞ്ഞിരിക്കണം. അതിനുള്ള ചില വിദ്യകൾ എന്തൊക്കെയെന്ന് നോക്കം.
- മുഖഭാവങ്ങളും ചലനങ്ങളും വിശകലനം ചെയ്യുക: ഡീപ്ഫേക്ക് വീഡിയോ തിരിച്ചറിയാനുള്ള പ്രധാന മാര്‍ഗ്ഗം മുഖഭാവങ്ങളുടെയും ചലനങ്ങളുടെയും ആധികാരികതയാണ്. മിന്നിമറയുന്ന പാറ്റേണുകൾ, ചുണ്ടുകളുടെ ചലനം, സംസാരത്തിനോട് യോജിക്കാത്ത മുഖഭാവങ്ങൾ, മുഖഭാവങ്ങളിലെ അസ്വാഭാവികത എന്നിവ ശ്രദ്ധിക്കുക. മുഖത്തെയും മുഖഭാവങ്ങളെയും സൂക്ഷ്‌മതലത്തിൽ സ്വാഭാവികതയോടെ പകർത്താൻ ഡീപ്ഫേക്ക് അൽഗോരിതങ്ങൾക്ക് പലപ്പോഴും കഴിയാറില്ല.
- ഓഡിയോ നിലവാരവും ചുണ്ടിന്‍റെ ചലനങ്ങളും: ഡീപ്ഫേക്ക് വീഡിയോകളില്‍ പലപ്പോഴും ഓഡിയോ ട്രാക്കും വിഷ്വലുകളും തമ്മിൽ പൊരുത്തക്കേടുകൾ പ്രകടമാണ്. പലപ്പോഴും ചുണ്ടിന്‍റെ ചലനങ്ങളുമായി പറയുന്നത് യോജിക്കാറില്ല. അതിനാന്‍ ഓഡിയോ ശ്രദ്ധാപൂർവം ശ്രവിക്കുകയും അത് പറയുന്നയാളുടെ വായയുടെ ചലനങ്ങളുമായി യോജിപ്പിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുകയും ചെയ്യുക. വികലമായ ശബ്‌ദം, അസ്വാഭാവികമായ ഇടവേളകൾ എന്നിവ പോലുള്ള അപാകതകൾ കൃത്രിമത്വത്തെ സൂചിപ്പിക്കുന്നു.
- ലൈറ്റിങ്ങും ഷാഡോയും പരിശോധിക്കുക: ഒരു വീഡിയോയിലെ ലൈറ്റിങ്ങിനും ഷാഡോകൾക്കും (വെളിച്ചവും നിഴലുകളും) അതിൻ്റെ ആധികാരികതയെക്കുറിച്ച് സൂചനകൾ നൽകാൻ കഴിയും. വ്യത്യസ്‌ത ഫ്രെയിമുകളിലെ ലൈറ്റിങ്ങിൻ്റെ സ്ഥിരത, വസ്‌തുക്കളുടെയും വ്യക്തികളുടെയും നിഴലുകൾ എന്നിവ ശ്രദ്ധിക്കുക. ലൈറ്റിങ്ങിന്‍റെയും നിഴലുകളുടെയും ദിശയിലോ, തീവ്രതയിലോ ഉള്ള പൊരുത്തക്കേടുകൾ വീഡിയോ ഡീപ് ഫേക്ക് ആണെന്നതിനെ സൂചിപ്പിക്കുന്നു.
- വീഡിയോ കോളുകളില്‍ ശ്രദ്ധിക്കുക: പലപ്പോഴും വീഡിയോ കോളുകളിലൂടെയാണ് ഡീപ് ഫേക്ക് തട്ടിപ്പ് നടക്കുന്നത്. ഡീപ് ഫേക്കിലൂടെ മറ്റൊരാളുടെ മുഖം പകർത്തി ആ മുഖവുമായി കോൾ ചെയ്‌താണ് തട്ടിപ്പ് നടക്കുന്നത്. ഇത്തരം സാഹചര്യത്തിൽ മറുഭാഗത്തുള്ളയാളോട് അപ്രതീക്ഷിതമായി എന്തെങ്കിലും കാര്യം ചെയ്യാൻ ആവശ്യപ്പെടുന്നത് ഡീപ് ഫേക്ക് തട്ടിപ്പാണോ എന്നറിയാൻ ഉപകരിക്കും. ആളോട് മുഖത്തിന് മുന്നിലൂടെ കൈ ചലിപ്പിക്കാൻ ആവശ്യപ്പെടുന്നത് ഒരു നല്ല മാർഗ്ഗമാണ്. മുഖത്തിന് മുന്നിലൂടെ ഒരു ഗ്ലാസ് ചലിപ്പിക്കാൻ ആവശ്യപ്പെടുന്നതും ഉപകാരപ്പെടും.
- ഡീപ്ഫേക്ക് കണ്ടെത്താനുള്ള ടൂളുകളുടെ ഉപയോഗം: ഡീപ്‌ഫേക്കുകൾ തിരിച്ചറിയാനുള്ള നിരവധി സോഫ്ട്‍വെയർ ടൂളുകൾ ഇന്ന് ലഭ്യമാണ്. ഇവയിൽ പലതും എഐ ഉപയോഗിച്ച് പ്രവർത്തിക്കുന്നവയാണ്. എഐ ടൂളുകളായതുകൊണ്ടുതന്നെ ഇവയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ചിലപ്പോൾ ഇത്തരം ടൂളുകളുടെ ഉപയോഗം കൂടുതൽ പ്രശ്‌നങ്ങളിലേക്ക് നയിക്കാനുള്ള സാധ്യതയുമുണ്ട്. അതിനാൽ ഡീപ് ഫേക്ക് കണ്ടെത്താൻ സോഫ്ട്‍വെയർ ടൂളുകൾ ഉപയോഗിക്കുന്നത് കരുതലോടെ വേണം.
Also Read: സച്ചിൻ ടെണ്ടുൽക്കറുടെ ഡീപ്പ് ഫേക്ക് വീഡിയോ; കേസെടുത്ത് പൊലീസ്, അന്വേഷണം ഊര്‍ജിതം