ന്യൂഡൽഹി: ഇന്ത്യൻ പൗരന്മാരുടെ ആധാർ, പാൻ കാർഡ് അടക്കമുള്ള വ്യക്തിഗത വിവരങ്ങൾ പ്രദർശിപ്പിച്ച വെബ്‌സൈറ്റുകളെ തടഞ്ഞ് കേന്ദ്രം. ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം കണ്ടെത്തിയ സുരക്ഷ ലംഘനങ്ങൾക്ക് പിന്നാലെയാണ് തീരുമാനം. രാജ്യത്തെ പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കുന്നതിനാണ് നടപടിയെന്ന് ഇൻഫോർമേഷൻ ആന്‍റ് ടെക്‌നോളജി മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യൻ പൗരന്മാരുടെ ആധാർ കാർഡ്, പാൻ കാർഡ് എന്നിവയടക്കമുള്ള വ്യക്തിഗത വിവരങ്ങളിലേക്ക് ചില വെബ്‌സൈറ്റുകൾ അനധികൃത ആക്‌സസ് അനുവദിച്ചതായാണ് പരിശോധനയിൽ കണ്ടെത്തിയത്. ഇത് വലിയ സുരക്ഷാ വീഴ്‌ചയാണെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. ബ്ലോക്ക് ചെയ്‌ത വെബ്‌സൈറ്റുകളുടെ പേരുകൾ സർക്കാർ വെളിപ്പെടുത്തിയിട്ടില്ല. ഇത്തരം വെബ്‌സൈറ്റുകൾ ആധാർ ചട്ടം ലംഘിക്കുന്നതായി ചൂണ്ടിക്കാട്ടി യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
2016ലെ ആധാർ ആക്‌ടിലെ സെക്ഷൻ 29(4) പ്രകാരം, ആധാർ വിവരങ്ങൾ പരസ്യമായി പ്രദർശിപ്പിക്കുന്നത് വഴി വെബ്‌സൈറ്റുകൾ നിയംലംഘനമാണ് നടത്തിയിരിക്കുന്നത്. ഈ നിയമപ്രകാരമാണ് യുഐഡിഎഐ പരാതി നൽകിയത്. 2011ലെ ഐടി നിയമ പ്രകാരം, വ്യക്തിഗത വിവരങ്ങൾ അനുമതിയില്ലാതെ പ്രദർശിപ്പിക്കുന്നത് കുറ്റകരമാണ്. ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (സിഇആർടി-ഇൻ) നടത്തിയ അന്വേഷണത്തിൽ ഇത്തരം വെബ്‌സൈറ്റുകളുടെ പ്രവർത്തനത്തിൽ സുരക്ഷാ വീഴ്‌ചയുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. സുരക്ഷാ വീഴ്‌ചകൾ പരിഹരിക്കുന്നതിനുള്ള നിർദേശങ്ങൾ ഇവർ മുന്നോട്ടുവെച്ചിട്ടുണ്ട്.
ഐസിടി ഇൻഫ്രാസ്ട്രക്‌ചറുകൾ മെച്ചപ്പെടുത്തുന്നതിനും പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുമായി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചാണ് വെബ്‌സൈറ്റ് ഉടമകൾക്ക് മാർഗനിർദേശം നൽകിയത്. ഐടി ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്ന എല്ലാ സ്ഥാപനങ്ങൾക്കും ഇന്ത്യൻ സൈബർ ഏജൻസിയുടെ മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് എല്ലാവരും പാലിക്കേണ്ടതാണ്. ഇൻഫർമേഷൻ ടെക്നോളജി ആക്റ്റ് 2000 പ്രകാരം വിവര സുരക്ഷ, പ്രതിരോധം ഉൾപ്പെടെയുള്ള വിഷയങ്ങളിലും സിഇആർടി-ഇൻ മാർഗ നിർദ്ദേശം നൽകിയിട്ടുണ്ട്.
നിങ്ങൾക്കും പരാതിപ്പെടാം:
ഐടി നിയമപ്രകാരം തന്ത്രപ്രധാനമായ വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്തുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യാൻ പാടില്ല. വ്യക്തിഗത വിവരങ്ങൾ പ്രദർശിപ്പിക്കപ്പെട്ടാൽ, ഐടി നിയമത്തിലെ സെക്ഷൻ 46 പ്രകാരം ഏതൊരു വ്യക്തിക്കും പരാതി നൽകുന്നതിനും നഷ്‌ടപരിഹാരം ആവശ്യപ്പെടുന്നതിനും അഡ്‌ജുഡിക്കേറ്റിങ് ഓഫിസറെ സമീപിക്കാം. ഓരോ സംസ്ഥാനങ്ങളിലെയും ഐടി സെക്രട്ടറിമാർക്ക് ഐടി ആക്‌ട് പ്രകാരം അഡ്‌ജുഡിക്കേറ്റിംഗ് ഓഫീസർമാരുടെ അധികാരമുണ്ടെന്നും ഐടി മന്ത്രാലയം അറിയിച്ചു.