ഹൈദരാബാദ്: ഈ വർഷം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ 2024-ലെ ടോപ് ട്രെൻഡിങ് സെർച്ച് ടേമുകൾ ഏതൊക്കെയെന്ന് പുറത്തുവിട്ടിരിക്കുകയാണ് ഗൂഗിൾ. പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം ഐപിഎൽ മുതൽ ഓണസദ്യ വരെയാണ് ഗൂഗിളിൽ ഇന്ത്യക്കാർ ഈ വർഷം ഏറ്റവും കൂടുതൽ തിരഞ്ഞത്. കായിക മേഖലയിൽ ഐപിഎൽ മുതൽ ഒളിമ്പിക്‌സ് വരെ, വിനോദ മേഖലയിൽ സ്ട്രീ 2 മുതൽ കെ-ഡ്രാമ വരെ, ഇൻഡി മ്യൂസിക് ഹിറ്റുകൾ, വിചിത്രമായ മീമുകൾ എന്നിങ്ങനെ വൈവിധ്യമാർന്നതായിരുന്നു ഈ വർഷത്തെ ഗൂഗിൾ സെർച്ചുകൾ.
വിനേഷ് ഫോഗട്ട്, ഹാർദിക് പാണ്ഡ്യ തുടങ്ങിയ കായിക താരങ്ങളും രത്തൻ ടാറ്റയും ഈ വർഷത്തെ ഗൂഗിൾ സെർച്ചിൽ ഇടംനേടിയിരുന്നു. ഇസ്രയേൽ-ഹമാസ് യുദ്ധത്തിനെതിരായ 'ആൾ ഐസ് ഓൺ റഫ' എന്ന ഹാഷ്‌ടാഗും 'ലോക്‌സഭയിലേക്ക് എങ്ങനെ വോട്ട് ചെയ്യാം', 'അമിത ചൂട്' എന്നിവയും ഗൂഗിളിൽ കൂടുതൽ പേർ തിരഞ്ഞിട്ടുണ്ട്. വിശദമായി പരിശോധിക്കാം.
ഓവറോൾ സെർച്ചിൽ ഒന്നാമതുള്ളത് 'ഐപിഎൽ' ആണ്. ഇതിനുപിന്നാലെ 'ടി20 ലോകകപ്പ്', 'ഭാരതീയ ജനതാ പാർട്ടി', '2024 ഇലക്ഷൻ റിസൾട്ട്', 'ഒളിമ്പിക്‌സ് 2024' എന്നിവയാണ് ഏറ്റവും കൂടുതൽ തിരഞ്ഞത്. അമിതമായ ചൂട്, രത്തൻ ടാറ്റ, ഇന്ത്യൻ നാഷണൽ കോൺഗ്രസ്, പ്രോ കബഡി ലീഗ്, ഇന്ത്യൻ സൂപ്പർ ലീഗ് എന്നിവയാണ് ടോപ് ട്രെൻഡിൽ ഇടംപിടിച്ചിരിക്കുന്ന മറ്റ് സെർച്ചുകൾ.
ഇന്ത്യയിലെ വിനോദ മേഖലയിലെ തിരയലുകളും വളരെ വൈവിധ്യമായിരുന്നു. രാജ്‌കുമാർ റാവുവും ശ്രദ്ധ കപൂറും അഭിനയിച്ച 'സ്‌ത്രീ 2', 'ഹനു-മാൻ', 'കൽക്കി' എന്നീ സിനിമകളാണ് കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ തിരഞ്ഞത്. കായിക മേഖലയിൽ ഐപിഎൽ, പ്രോ കബഡി ലീഗ്, ഇന്ത്യൻ സൂപ്പർ ലീഗ് തുടങ്ങിയ പ്രാദേശിക ലീഗുകൾ മുതൽ ഒളിമ്പിക്‌സ്, ടി20 ലോകകപ്പ്, കോപ്പ അമേരിക്ക തുടങ്ങിയ ആഗോള ഇവൻ്റുകളുടെ അപ്‌ഡേറ്റുകൾക്ക് വരെ ആളുകൾ ഗൂഗിളിൽ നിരന്തരം സെർച്ച് ചെയ്‌തിട്ടുണ്ട്.
ക്രിക്കറ്റ് മത്സരങ്ങളിൽ, പ്രത്യേകിച്ച് ഇംഗ്ലണ്ടിനും ബംഗ്ലദേശിനുമെതിരായ ഇന്ത്യയുടെ കളികളാലാണ് ആരാധകർ ഏറ്റവും കൂടുതൽ ഗൂഗിളിൽ തിരഞ്ഞത്. വിനേഷ് ഫോഗട്ട്, ഹാർദിക് പാണ്ഡ്യ, ശശാങ്ക് സിങ്, അഭിഷേക് ശർമ്മ, ലക്ഷ്യ സെൻ തുടങ്ങിയ താരങ്ങൾ വാത്തകളിൽ ഇടംനേടിയതോടെ ആളുകൾ ഏറ്റവും കൂടുതൽ ഗൂഗിളിൽ തിരഞ്ഞ വ്യക്തികളും ഇവർ തന്നെയായി. ഇതോടെ വ്യക്തികളുടെ പേര് ഏറ്റവും കൂടുതൽ സെർച്ച് ചെയ്‌തത് സ്‌പോർട്‌സ് വിഭാഗത്തിലായി.
ഗൂഗിളിന്‍റെ മ്യൂസിക് ഫൈൻഡറായ 'ഹം ടൂ' സെർച്ചിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ടെത്താനായി ആവശ്യപ്പെട്ട പാട്ടുകൾ 'നാദാനിയാൻ', മലയാള സിനിമയായ ആവേശത്തിലെ 'ഇല്ലൂമിനാറ്റി', 'യേ തൂനേ ക്യാ കിയ', 'യേ രാത്തേൻ യേ മൗസം' തുടങ്ങിയവയാണ്.
ബാലി, അസർബൈജാൻ, മണാലി, ജയ്‌പൂർ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രകളും ഇവിടങ്ങളിലെ ഭക്ഷണവുമാണ് യാത്രാ വിഭാഗത്തിൽ ആളുകൾ ഏറ്റവും കൂടുതൽ തിരഞ്ഞത്. 'പോൺ സ്റ്റാർ മാർട്ടിനി' എന്ന കോക്‌ടെയിൽ റെസിപിയാണ് ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തിരഞ്ഞത്. പരമ്പരാഗത ഇന്ത്യൻ വിഭവങ്ങളായ മാങ്ങ അച്ചാറും, ഉഗാഡി പച്ചടിയും, ഓണ സദ്യയും, ചമ്മന്തിയും ഗൂഗിൾ ടോപ് ട്രെൻഡിങ് സെർച്ചിൽ റെസിപി വിഭാഗത്തിൽ ഇടംനേടിയിരുന്നു.
ഈ വർഷം ഏറ്റവും കൂടുതൽ ആളുകൾ സെർച്ച് ചെയ്‌തത് നർമ്മം നിറഞ്ഞ മീമ്‌സ് ആയിരുന്നു. 'ബ്ലൂ ഗ്രിഞ്ച് മുട്ട് സർജറി', 'ഹാംസ്റ്റർ മെമെ', 'വെരി ഡിമ്യൂർ, വെരി മൈൻഡ് ഫുൾ', 'ജെൻ Z ബോസ്' തുടങ്ങിയ റീൽസാണ് ഏറ്റവും കൂടുതൽ തെരഞ്ഞത്.