ന്യൂഡൽഹി : വരും മാസങ്ങളിൽ ഇന്ത്യയിലെ ചെറുകിട വ്യാപാരികൾക്ക് പോർട്ടബിൾ സ്‌പീക്കറായ സൗണ്ട്പോഡ് (SoundPod) അവതരിപ്പിക്കാനൊരുങ്ങി ഫിൻടെക് സ്ഥാപനമായ ഗൂഗിൾ പേ (Google Pay). ഇന്ത്യയിലുടനീളമുള്ള വ്യാപാരികൾക്കായി സൗണ്ട്‌പോഡുകളുടെ വിപുലീകരണം അടുത്ത കുറച്ച് മാസങ്ങൾക്കുള്ളിൽ നടപ്പിലാക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷം കമ്പനി സൗണ്ട്പോഡിന്‍റെ ട്രയൽ ആരംഭിച്ചിരുന്നു.
ട്രയലിൽ പങ്കെടുത്ത വ്യാപാരികൾ പോസിറ്റീവ് ഫീഡ്‌ബാക്ക് അറിയിച്ചെന്നും വരും മാസങ്ങളിൽ ഇന്ത്യയിലുടനീളമുള്ള ചെറുകിട വ്യാപാരികൾക്ക് സൗണ്ട്പോഡ്‌സ് ലഭ്യമാക്കുമെന്നും ഗൂഗിൾ പേ വൈസ് പ്രസിഡൻ്റ് അംബരീഷ് ലെൻഗെ ഒരു ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചു. ആഭ്യന്തരമായി 'സൗണ്ട് ബോക്‌സുകൾ' എന്ന് വിളിക്കപ്പെടുന്ന മിനിയേച്ചർ ജുക്ക്ബോക്‌സുകൾ ഇന്ത്യയിൽ വ്യാപകമായ സ്വീകാര്യതയ്ക്ക് സാക്ഷ്യം വഹിച്ചതാണ്.
സാമ്പത്തിക സേവന സ്ഥാപനമായ പേടിഎമ്മിന്‍റെ (Paytm) സൗണ്ട്ബോക്‌സാണ് നിലവിൽ വിപണിയെ നയിക്കുന്നത്. രാജ്യത്തെ ഒരു ദശലക്ഷത്തിലധികം വ്യാപാരികൾ ഇതിനകം ഈ ബോക്‌സുകൾ ഉപയോഗിക്കുന്നുണ്ട്. പേടിഎമ്മിൻ്റെ സൗണ്ട്‌ബോക്‌സ് പോലെ, ഗൂഗിൾ (GPay) സൗണ്ട്‌പോഡും ഒരു സ്‌പീക്കർ ഉപകരണത്തിലൂടെ പെയ്‌മെന്‍റിനെ കുറിച്ച് അറിയിപ്പ് നൽകുന്ന ഓഡിയോ ഉപകരണമാണ്. ക്യുആർ കോഡ് പെയ്‌മെൻ്റുകൾക്ക് (QR code) ശേഷം എത്ര രൂപയാണ് ക്രെഡിറ്റായതെന്ന് സൗണ്ട്പോഡ്‌സ് വ്യാപാരികളെ അറിയിക്കുന്നു.