ഹൈദരാബാദ്: എല്ലാ ആൻഡ്രോയ്‌ഡ് ഉപഭോക്താക്കൾക്കും ജെമിനി ലൈവ് ചാറ്റ്‌ബോട്ട് എഐ അസിസ്റ്റന്‍റ് സൗജന്യമായി ലഭ്യമാക്കുമെന്ന് ഗൂഗിൾ. മുൻപ് ജെമിനി ചാറ്റ്‌ബോട്ട് ലഭ്യമായിരുന്നത് അഡ്വാൻസ്‌ഡ് സബ്‌സ്‌ക്രൈബർമാർക്കായിരുന്നു. എന്നാൽ ഇനി എല്ലാ ആൻഡ്രോയ്‌ഡ് യൂസർമാർക്കും ജെമിനി ചാറ്റ്‌ബോട്ട് സൗജന്യമായി ഉപയോഗിക്കാനാകുമെന്ന് ഗൂഗിൾ ജെമിനി ടീം എക്‌സിലൂടെ അറിയിച്ചിരിക്കുകയാണ്.
നിലവിൽ ആൻഡ്രോയ്‌ഡ് ഉപഭോക്താക്കൾക്കായിരിക്കും ജെമിനി ലൈവ് സൗജന്യമായി ലഭ്യമാകുക. വൈകാതെ ഐഒഎസിലും ലഭ്യമാകും. കൂടാതെ ഇതര ഭാഷകളിലും ജെമിനി ലൈവ് സൗജന്യമായി എത്തിക്കും. ജെമിനി ലൈവ് ചാറ്റ്‌ബോട്ട് എന്താണെന്നും ആൻഡ്രോയ്‌ഡ് ഫോണിൽ എങ്ങനെ ലഭ്യമാകുമെന്നും പരിശോധിക്കാം.
എന്താണ് ജെമിനി ചാറ്റ്‌ബോട്ട്:
മനുഷ്യരെ പോലെ തന്നെ നിങ്ങൾക്ക് സംസാരിക്കാവുന്ന എഐ ചാറ്റ്ബോട്ടാണ് ജെമിനി ലൈവ്. മനുഷ്യരെ പോലെയുള്ള സ്വഭാവിക പ്രതികരണങ്ങൾ വോയ്‌സ് രൂപത്തിൽ ലഭിക്കാൻ ഈ ചാറ്റ്‌ബോട്ട് വഴി നിങ്ങൾക്ക് സാധിക്കും. തടസമില്ലാത്തതും തുടർച്ചയോടെ ഉള്ളതുമായ സംഭാഷണങ്ങൾ ഇതുവഴി സാധ്യമാകും. എന്നിരുന്നാലും ജെമിനി ലൈവ് ഫീച്ചറിൻ്റെ ബേസിക് മോഡൽ മാത്രമാണ് ഉപയോക്താക്കൾക്ക് ലഭ്യമാക്കിയിരിക്കുന്നത്.
സംഭാഷണങ്ങൾക്കായി ജെമിനി ലൈവ് പത്ത് വോയ്‌സ് ഓപ്‌ഷനുകൾ വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഇതിൽ നിങ്ങൾക്ക് ഇഷ്‌ടമുള്ള ശബ്‌ദം തെരഞ്ഞെടുക്കാനാകും. ജെമിനി ലൈവ് ഹാൻഡ്‌സ് ഫ്രീ ആയി ഉപയോഗിക്കാനുമാവും. ഫോൺ ലോക്ക് ചെയ്‌തിരിക്കുമ്പോഴും ജെമിനി ലൈവിലേക്ക് ഉപയോക്താവിന് ആക്‌സസ് ലഭിക്കും.
നിങ്ങൾക്ക് വന്ന ഒരു ഇമെയിലിന്‍റെ ചുരുക്കം എന്താണെന്ന് അറിയുന്നതിനോ, നിങ്ങൾക്ക് ണ്ടരു വിഷയത്തെ കുറിച്ച് അറിവ് ലഭിക്കണമെങ്കിലോ ജെമിനി ലൈവ് പ്രയോജനപ്പെടും. ജെമിനി ലൈവിൻ്റെ ഫുൾ സ്‌ക്രീൻ ഇൻ്റർഫേസ് ഒരു ഫോൺ കോളിന് സമാനമാണ്. സ്‌ക്രീനിൻ്റെ മധ്യത്തിൽ ശബ്‌ദ തരംഗത്തിന്‍റെ രൂപത്തിലുള്ള പാറ്റേണും ചുവടെ ഹോൾഡ് ആൻഡ് എൻഡ് ബട്ടണുകളും ഉപയോക്താക്കൾക്ക് കാണാൻ സാധിക്കും. ഇത് ഉപയോഗിച്ച് സംഭാഷണം താത്‌ക്കാലികമായി നിർത്താൻ സാധിക്കും.
ആൻഡ്രോയ്‌ഡ് ഫോണിൽ ജെമിനി ലൈവ് എങ്ങനെ ലഭ്യമാകും?
- പ്ലേ സ്റ്റോറിൽ നിന്ന് ഗൂഗിൾ ജെമിനി ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
- ആപ്പ് തുറന്ന് വലതുവശത്തുള്ള ജെമിനി ലൈവ് ഐക്കണിലെ സംഭാഷണം ആരംഭിക്കുന്നതിനുള്ള ഐക്കൺ ക്ലിക്ക് ചെയ്യുക
- വോയ്‌സ് അസിസ്റ്റന്‍റിന്‍റെ ശബ്‌ദം മാറ്റാൻ സ്വൈപ്പ് ചെയ്യുക. തുടർന്ന് ഇഷ്‌ടമുള്ള ശബ്‌ദം തെരഞ്ഞെടുക്കുക.
- സംഭാഷണം ആരംഭിക്കുക
- ഹോൾഡ് ബട്ടൺ ഉപയോഗിച്ച് നിങ്ങൾക്ക് ചാറ്റ്‌ബോട്ട് താത്ക്കാലികമായി നിർത്താനും മറ്റൊരു പ്രോംപ്റ്റിൽ തുടരാനും കഴിയും.