ഹൈദരാബാദ്: ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്‌കാർട്ടിനെതിരെ ആരോപണവുമായി ഉപയോക്താക്കൾ. ഫ്ലിപ്‌കാർട്ട് 99 ശതമാനം ക്യാഷ് ബാക്ക് ഓഫർ നൽകിയ സ്‌മാർട്ട്‌ഫോണിന്‍റെ ഓർഡർ തനിയെ ക്യാൻസൽ ആയതായാണ് ഉപയോക്താക്കളുടെ പരാതി. ഇതോടെ ഫ്ലിപ്‌കാർട്ട് തങ്ങളെ വഞ്ചിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പേർ രംഗത്തെത്തി.
99 ശതമാനം ക്യാഷ് ബാക്ക് കൂപ്പണുമായി ഫ്ലിപ്‌കാർട്ട് മോട്ടോറോള ജി85 5ജി സ്‌മാർട്ട്‌ഫോണിന് ഓഫർ നൽകിയിരുന്നു. ഓഫർ ശ്രദ്ധയിൽപ്പെട്ട നിരവധി പേർ കൂപ്പൺ ഉപയോഗിച്ച് ഓർഡറും നൽകിയിരുന്നു. എന്നാൽ ഓർഡറുകൾ ഫ്ലിപ്‌കാർട്ട് ക്യാൻസൽ ചെയ്‌തതായാണ് ഉപയോക്താക്കൾ പരാതിപ്പെടുന്നത്.
മോട്ടോറോള ജി85 5 ജി സ്‌മാർട്ട്‌ഫോണിന്‍റെ ഫ്ലിപ്‌കാർട്ട് വില 17,999 രൂപയാണ്. 179 രൂപയായിരുന്നു ഈ ഫോണിന്‍റെ ഓഫർ വില. ഡെലിവറി ചാർജ് അടക്കം ആകെ 222 രൂപയ്‌ക്ക് ഫോൺ ലഭ്യമാകുമെന്നാണ് ഫ്ലിപ്‌കാർട്ടിൽ കാണിച്ചത്. എന്നാൽ ലഭിച്ച ഓർഡർ ഫ്ലിപ്‌കാർട്ട് ക്യാൻസൽ ചെയ്യുകയായിരുന്നു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഡിസ്‌കൗണ്ടുകൾ നൽകുന്നുവെന്ന പേരിൽ ഫ്ലിപ്‌കാർട്ട് ജനങ്ങളെ വഞ്ചിക്കുകയാണെന്നാണ് ഓഫർ കണ്ട് ഫോൺ ഓർഡർ ചെയ്‌ത വഞ്ചിതരായ ഉപയോക്താക്കളുടെ ആരോപണം. ഫ്ലിപ്‌കാർട്ട് സ്‌കാം, ബോയ്‌കോട്ട് ഫ്ലിപ്‌കാർട്ട് എന്നിങ്ങനെ നിരവധി ഹാഷ് ടാഗുകളോടെയാണ് ഇവർ സോഷ്യൽ മീഡിയയിൽ പ്രതിഷേധം അറിയിച്ചത്.
എന്നാൽ തങ്ങൾ ഇതിൽ ഒന്നും ചെയ്‌തിട്ടില്ലെന്നും, ഫ്ലിപ്‌കാർട്ട് സെല്ലേഴ്‌സിനാണ് ഇക്കാര്യത്തിൽ പൂർണ ഉത്തരവാദിത്വമെന്നും ആയിരുന്നു ഫ്ലിപ്‌കാർട്ടിന്‍റെ മറുപടി. നഷ്‌ടപരിഹാരം തന്നില്ലെങ്കിൽ ഫ്ലിപ്‌കാർട്ടിനും മോട്ടറോളയ്ക്കും എതിരെ ഉപഭോക്തൃ കോടതിയിൽ കേസ് ഫയൽ ചെയ്യുമെന്നും പരാതിക്കാർ അറിയിച്ചു.