ഹൈദരാബാദ് : സൈനികര്‍ക്കായി പുത്തന്‍ ഷൂസുകള്‍ വികസിപ്പിച്ച് ഇന്‍ഡോറിലെ ഐഐടി ഗവേഷകര്‍. ഇത് വെറുമൊരു ഷൂസല്ല. നടക്കുമ്പോള്‍ ഇതില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനാകുമത്രേ. ഈ ഷൂസ് ധരിച്ചിരിക്കുന്ന ആള്‍ എവിടെയാണെന്ന് മേലധികാരിക്ക് അറിയാനുമാകും.
പത്ത് ജോഡി ഷൂസുകള്‍ ഇതിനകം പ്രതിരോധ ഗവേഷണ വികസന സംഘത്തിന് (ഡിആര്‍ഡിഒ) കൈമാറിക്കഴിഞ്ഞതായി ഐഐടി അധികൃതര്‍ വ്യക്തമാക്കി. സുരക്ഷയും കാര്യക്ഷമതയും സൈനികരുടെ ഏകോപനവുമെല്ലാം മെച്ചപ്പെടുത്താന്‍ ഈ ഷൂസിലൂടെ സാധിക്കുമെന്നും ഐഐടി അധികൃതര്‍ വിശദീകരിക്കുന്നു. ട്രൈബോ-ഇലക്‌ട്രിക് നാനോ ജനറേറ്റര്‍ (ടിഇഎന്‍ജി) എന്ന സാങ്കേതികതയാണ് ഇതിലുപയോഗിച്ചിരിക്കുന്നത്.
നടക്കുമ്പോള്‍ സൃഷ്‌ടിക്കപ്പെടുന്ന വൈദ്യുതി ഒരു ഉപകരണത്തില്‍ ശേഖരിക്കപ്പെടുന്നു. ഈ വൈദ്യുതി ഉപയോഗിച്ച് ചെറു ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനാകും. ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം (ജിപിഎസ്), റേഡിയോ ഫ്രീക്വന്‍സി ഐഡന്‍റിഫിക്കേഷന്‍ (ആര്‍എഫ്ഐഡി) സാങ്കേതികതകള്‍ ഈ ഷൂവില്‍ ഉപയോഗിച്ചിരിക്കുന്നു. ഇതിലൂടെ സൈനികര്‍ എവിടെയാണെന്ന് മനസിലാക്കാന്‍ സാധിക്കും.
സ്‌കൂള്‍ വിദ്യാര്‍ഥികളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും ഇതുപയോഗിക്കാനാകുമെന്ന് വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന് പുറമെ മറവി രോഗം മൂലം ബുദ്ധിമുട്ടുന്നവര്‍, പര്‍വതാരോഹകര്‍ എന്നിവരെക്കുറിച്ചുള്ള വിവരങ്ങളും സമയാസമയങ്ങളില്‍ ശേഖരിക്കാനാകും. ഫാക്‌ടറികളിലെയും മറ്റും ജീവനക്കാരുടെ ഹാജര്‍ നിലയും ജോലിയുമൊക്കെ നിരീക്ഷിക്കാനും ഇതുപയോഗിക്കാനാകും. കായികതാരങ്ങളെ നിരീക്ഷിക്കാനും ഇതുവഴി അവരുടെ പ്രകടനം മെച്ചപ്പെടുത്താനും സാധിക്കും.