കോഴിക്കോട്: ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉപയോഗിച്ചുള്ള സുസ്ഥിര നഗര വികസനത്തിനുള്ള സെന്‍റർ ഓഫ് എക്‌സാലൻസ് സ്ഥാപിക്കാൻ കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി തെരഞ്ഞെടുത്തു. കോഴിക്കോട് എൻഐടിയെയും മറ്റ് നാല് കൺസോർഷ്യങ്ങളെയുമാണ് ആണ് ഒന്നാം ഘട്ടത്തിൽ പദ്ധതിക്കായി തെരഞ്ഞെടുത്തിട്ടുള്ളത്. "ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ച് മൊബിലിറ്റി, നഗര വികസനം, പ്രതിരോധം എന്നിവയ്ക്കുള്ള സുസ്ഥിര ആപ്ലിക്കേഷനുകൾ" എന്ന തലക്കെട്ടിൽ എൻഐടിസി സമർപ്പിച്ച നിർദേശം പരിഗണിച്ചാണ് തിരഞ്ഞെടുത്തത്.
മറ്റ് അക്കാദമിക് സ്ഥാപനങ്ങൾ, വ്യവസായ പങ്കാളികൾ, സർക്കാർ വകുപ്പുകൾ, നഗര തദ്ദേശ സ്ഥാപനങ്ങൾ, സംരംഭങ്ങൾ എന്നിവ ഉൾപ്പെടുന്ന കൺസോർഷ്യത്തെ നയിക്കാൻ തിരഞ്ഞെടുത്ത രാജ്യത്തെ 31 എൻഐടികളിൽ ഏക എൻഐടിയാണ് കോഴിക്കോട് എൻഐടിയെന്ന് ഡയറക്‌ടർ പ്രൊഫ. പ്രസാദ് കൃഷ്‌ണ പറഞ്ഞു. ഈ പ്രോജക്റ്റിൻ്റെ ആദ്യ ഘട്ടത്തിൽ പ്രൂഫ്-ഓഫ്-കോൺസെപ്റ്റ് ഉണ്ടാക്കുന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനായി 14 ഫാക്കൽറ്റി അംഗങ്ങളുടെ ഒരു ടീമിന് രൂപം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കംപ്യൂട്ടർ സയൻസ് ആന്‍റ് എൻജിനീയറിങ്, ആർക്കിടെക്‌ചർ ആന്‍റ് പ്ലാനിങ്, സിവിൽ എൻജിനീയറിങ്, മാനേജ്മെൻ്റ് സ്‌റ്റഡീസ് എന്നിങ്ങനെ നാല് വിഭാഗങ്ങളിലെ അധ്യാപകരാണ് സംഘത്തിലുള്ളത്. കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വിഭാഗം പ്രൊഫസർ ഡോ. എസ് ഡി മധുകുമാർ, സിവിൽ എൻജിനീയറിങ് വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. ഹരികൃഷ്‌ണ എം എന്നിവർ ചേർന്നാണ് പദ്ധതി ഏകോപിപ്പിക്കുന്നത്.
'കൃഷി', 'ആരോഗ്യം', 'സുസ്ഥിര നഗരങ്ങൾ' എന്നീ മൂന്ന് വിഷയങ്ങൾക്ക് കീഴിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൽ മികവിന്‍റെ കേന്ദ്രം സ്ഥാപിക്കുന്നതിന് 2023 നവംബറിലാണ് വിദ്യാഭ്യാസ മന്ത്രാലയം കൺസോർഷ്യങ്ങളിൽ നിന്ന് നിന്ന് അപേക്ഷ ക്ഷണിച്ചത്. സുസ്ഥിര നഗരങ്ങൾക്ക് കീഴിലുള്ള തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ആദ്യ ഘട്ടത്തിൽ വിവിധ കൺസോർഷ്യങ്ങൾ സമർപ്പിച്ച 15 നിർദ്ദേശങ്ങളിൽ നിന്നാണ് കോഴിക്കോട് എൻഐടിയുടേതടക്കം അഞ്ച് നിർദ്ദേശങ്ങൾ മന്ത്രാലയം തിരഞ്ഞെടുത്തത്. തിരഞ്ഞെടുക്കപ്പെട്ട എല്ലാ കൺസോർഷ്യങ്ങൾക്കും പ്രൂഫ്-ഓഫ്-കൺസെപ്റ്റ് നടപ്പിലാക്കുന്നതിനായി രണ്ട് കോടി രൂപയുടെ പ്രാരംഭ ധനസഹായം ലഭിക്കും.