വാഷിംഗ്‌ടൺ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരികെയെത്തിക്കാനാവാതെ ബഹിരാകാശ പേടകം ബോയിങ് സ്റ്റാർലൈനർ ഭൂമിയിലെത്തി. ഇരുവർക്കും ഭൂമിയിലേക്ക് തിരികെയെത്താൻ 2025 വരെ കാത്തിരിക്കേണ്ടിവരുമെന്നാണ് നാസ അറിയിച്ചത്. ന്യൂ മെക്‌സിക്കോയുടെ വൈറ്റ് സാൻഡ്‌സ് മിസൈൽ റേഞ്ചിലേക്ക് പാരച്യൂട്ടുകളുടെ സഹായത്തോടെയാണ് പേടകം ഇറക്കിയത്. ബഹിരാകാശ നിലയത്തിൽ നിന്ന് പുറപ്പെട്ട് ആറ് മണിക്കൂറിന് ശേഷമാണ് പേടകം ഭൂമിയിലെത്തുന്നത്.
#Starliner has undocked from the @Space_Station and will begin its journey back to Earth.@NASA and @BoeingSpace are targeting approx. 12am ET Sept. 7 for the landing and conclusion of the Crew Flight Test mission at the White Sands Space Harbor, New Mexico landing site. pic.twitter.com/uB0DgmUUPW
— NASA Commercial Crew (@Commercial_Crew) September 6, 2024
ഹീലിയം ചോർച്ചയും മറ്റ് സാങ്കേതിക തകരാറുകളും മൂലം പേടകത്തിന്‍റെ മടങ്ങിവരവ് പ്രതിസന്ധിയിലായതിനാൽ 10 ദിവസത്തിനുള്ളിൽ മടങ്ങാൻ പദ്ധതിയിട്ട സുനിതയും വിൽമോറും ബഹിരാകാശ നിലയത്തിൽ തന്നെ തങ്ങുകയാണ്. പേടകത്തിൽ ഇരുവരുടെയും മടങ്ങിവരവ് അപകടകരമാണെന്ന് നാസ വിലയിരുത്തിയതിനാലാണ് യാത്ര അടുത്ത വർഷത്തേക്ക് മാറ്റിയത്. ഇതിനെ തുടർന്നാണ് സഞ്ചാരികളില്ലാതെ പേടകം തിരികെ മടങ്ങിയത്.
ഇരുവരെയും വീട്ടിലെത്തിക്കാൻ സ്റ്റാർലൈനറിന് സാധിക്കുമെന്ന് ബോയിങ് പരിശോധനകൾക്ക് ശേഷം അറിയിച്ചെങ്കിലും നാസ വിസമ്മതിക്കുകയായിരുന്നു. 2019ൽ ആരുമില്ലാതെ നടത്തിയ ആദ്യ പരീക്ഷണ പറക്കലിൽ ബോയിങ് നിരവധി പ്രശ്‌നങ്ങൾ നേരിട്ടിരുന്നു. പരിചയസമ്പന്നരായ ബഹിരാകാശയാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും പരീക്ഷണ പറക്കലിൽ തടസങ്ങൾ പ്രതീക്ഷിച്ചിരുന്നു. സ്‌പോസ് എക്‌സ് ക്രൂ ഡ്രാഗണിന്‍റെ പേടകത്തിൽ എട്ട് മാസങ്ങൾക്ക് ശേഷം ഇരുവർക്കും ഭൂമിയിലേക്ക് മടങ്ങാനാവുമെന്നാണ് വിവരം.
ഫ്ലോറിഡയിലെ കേപ് കനാവറലിൽ നിന്ന് ജൂൺ 5 നാണ് ബോയിങിന്‍റെ സ്റ്റാർലൈനർ വിക്ഷേപിച്ചത്. വിക്ഷേപണത്തിന് മുൻപ് തന്നെ സ്റ്റാർലൈനറിൽ ഹീലിയം ചോർച്ചയുണ്ടായിരുന്നു. ചോർച്ച പ്രശ്‌നമാകില്ലെന്ന് കരുതിയെങ്കിലും ലിഫ്റ്റ്ഓഫിന് ശേഷം അഞ്ച് ത്രസ്റ്ററുകൾ പരാജയപ്പെട്ടു. നാല് ത്രസ്റ്ററുകൾ വീണ്ടെടുക്കാനായെങ്കിലും ബഹിരാകാശ സഞ്ചാരികളുടെ സുരക്ഷ കണക്കിലെടുത്ത് അവരോട് ബഹിരാകാശനിലയത്തിൽ തുടരാൻ ആവശ്യപ്പെടുകയായിരുന്നു.
LIVE: @BoeingSpace's uncrewed #Starliner spacecraft is leaving orbit and touching down at New Mexico's White Sands Space Harbor. Landing is now targeted for 12:01am ET (0401 UTC) on Sept. 7. https://t.co/jlCEKXRhkx
— NASA (@NASA) September 7, 2024