കോയമ്പത്തൂർ : ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ സഹായത്തോടെ വന്യമൃഗങ്ങളെ നേരിടാനൊരുങ്ങി തമിഴ്‌നാട്ടിലെ കെമ്മരംപാളയം പഞ്ചായത്ത് ഭരണകൂടം. കോയമ്പത്തൂർ ജില്ലയിലെ കാരമട നഗരത്തിന് സമീപം വന്യജീവി ശല്യം രൂക്ഷമായതിനെ തുടർന്ന് ജനവാസ മേഖലയിൽ നിന്ന് കാട്ടാനയടക്കമുള്ള വന്യമൃഗങ്ങളെ അകറ്റി നിർത്തുന്നതിനായാണ് എഐ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നത്.
ആനകളോ മറ്റ് വന്യമൃഗങ്ങളോ ജനവാസ മേഖലയിലേക്ക് കടക്കുന്നുണ്ടോയെന്ന് കണ്ടെത്തുന്നതിന് എഐ നിരീക്ഷണ ക്യാമറയും, തുടർന്ന് ഇവയെ തുരത്തുന്നതിനായി എഐ സഹായത്തോടെയുള്ള ഉച്ചഭാഷിണിയുമാണ് സ്ഥാപിച്ചിരിക്കുന്നത്. 25 ലക്ഷം ഫോട്ടോകളുള്ള ഡാറ്റാബേസ് അടങ്ങുന്ന എഐ പവർ ക്യാമറയാണ് ഈ സംവിധാനത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. ക്യാമറ സ്ഥാപിച്ച സ്ഥലത്ത് നിന്നും 500 മീറ്ററിനുള്ളിൽ വന്യമൃഗങ്ങളുടെ സഞ്ചാരം ഉണ്ടായാൽ അത് നിരീക്ഷണ ക്യാമറയിൽ പകർത്തും. പിന്നീട് അത് എഐ ക്യാമറയിലേക്ക് കൈമാറും.
തുടർന്ന് എഐ സിസ്റ്റം ആനകളുടെയോ മറ്റ് വന്യജീവികളുടെയോ സാന്നിധ്യം തിരിച്ചറിയുകയാണെങ്കിൽ ഉച്ചഭാഷിണിയിലൂടെ മൃഗങ്ങളെ തുരത്തുന്നതിനായി അനുബന്ധ ശബ്‌ദങ്ങൾ പുറപ്പെടുവിക്കും. ആംബുലൻസ് സൈറൺ, ഗോത്രവർഗക്കാരുടെ ശബ്‌ദം, ജെസിബി ഓപ്പറേഷൻ എന്നിവയുൾപ്പെടെയുള്ള ശബ്‌ദങ്ങളായിരിക്കും ഉപയോഗിക്കുക. ഇത് മൃഗങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ തന്നെ അവയെ തുരത്താവുന്ന രീതിയിലുള്ള സംവിധാനമാണ്.
പദ്ധതിയുടെ ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞതായി ഭരണകൂടം പറഞ്ഞു. എഐ സാങ്കേതിക വിദ്യയുടെ ഉപയോഗം ആനകൾ ടൗണിൽ കയറുന്നത് ഫലപ്രദമായി തടഞ്ഞതായി കെമ്മരംപാളയം പഞ്ചായത്ത് കൗൺസിൽ പ്രസിഡൻ്റ് പറഞ്ഞു. പഞ്ചായത്തിൻ്റെ എല്ലാ മേഖലകളിലേക്കും ഈ സാങ്കേതിക വിദ്യ വിപുലീകരിക്കാൻ ഉദ്യോഗസ്ഥർ പദ്ധതിയിടുന്നതായും അദ്ദേഹം അറിയിച്ചു. വന്യമൃഗങ്ങളുടെ സഞ്ചാരം തുടർച്ചയായി നിരീക്ഷിക്കാൻ സാറ്റലൈറ്റ് മാപ്പിംഗ് പ്രയോജനപ്പെടുത്താൻ പദ്ധതിയുണ്ടെന്ന് എഐ സാങ്കേതിക വിദ്യയുടെ പിന്നിൽ പ്രവർത്തിച്ച പി ജെൻ്റ് കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ രാഘവേന്ദ്രർ പറഞ്ഞു.
കാട്ടുപന്നികൾ, കാട്ടാനകൾ അടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം കുറയ്‌ക്കുന്നതിന് കുറഞ്ഞ ചെലവിൽ എഐ സാങ്കേതികവിദ്യയെ ഉപയോഗപ്പെടുത്തിക്കൊണ്ട് കർഷകരുടെ കാലങ്ങളായുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനാണ് പദ്ധതിയിടുന്നത്. കോയമ്പത്തൂർ, വെല്ലൂർ എന്നിവിടങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും. സമീപ സംസ്ഥാനങ്ങളായ കേരളം, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലേക്കും ഈ സാങ്കേതികവിദ്യയുടെ ഉപയോഗം വ്യാപിപ്പിക്കാൻ പദ്ധതിയുണ്ട്.
പുതിയ പദ്ധതിക്ക് തമിഴ്‌നാട് വനംവകുപ്പിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. തമിഴ്‌നാട്ടിലെ വന്യജീവി ശല്യം രൂക്ഷമായ തെരഞ്ഞെടുത്ത പ്രദേശങ്ങളിൽ 10 കിലോമീറ്റർ ദൂരത്തേക്ക് ഈ സാങ്കേതിക വിദ്യയുടെ ഉപയോഗം വ്യാപിപ്പിക്കാൻ പദ്ധതിയിടുന്നതായും കോയമ്പത്തൂർ ജില്ല ഫോറസ്റ്റ് ഓഫിസർ ജയരാജ് പറഞ്ഞു.
Also Read: ആഗോള എഐ പവർഹൗസാകാൻ ഒരുങ്ങി ഇന്ത്യ; ആവശ്യമായി വരുന്നത് 12.5 ലക്ഷം പ്രൊഫഷണലുകളെ