തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ യുവാവ് വെട്ടേറ്റ് മരിച്ചു. ഊരുട്ടുകാലയിൽ സ്വദേശിയായ ഷണ്‍മുഖന്‍ ആശാരിയുടെ മകന്‍ ആദിത്യനാണ് (23) മരിച്ചത്. ഇന്നലെ രാത്രി 8 മണിയോടെ കുടങ്ങാവിളക്ക് സമീപത്ത് വച്ചായിരുന്നു സംഭവം.
കാറിലെത്തിയ അക്രമി സംഘം ആദിത്യനെ വെട്ടി പരിക്കേല്‍പ്പിച്ചതിന് പിന്നാലെ കാര്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ ആദിത്യന്‍ സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു. ആദിത്യന്‍റെ മൃതദേഹം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ഇന്ന് (മാര്‍ച്ച് 28) പോസ്‌റ്റ്‌മോര്‍ട്ടം നടക്കും. തുടര്‍ന്ന് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ആദിത്യന്‍റെ ബൈക്ക് പണയപ്പെടുത്തിയതുമായി ബന്ധപ്പെട്ടുണ്ടായ സാമ്പത്തിക ഇടപാടും തുടര്‍ന്നുണ്ടായ തര്‍ക്കവുമാണ് കൊലയ്‌ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. അക്രമി സംഘം സംഭവ സ്ഥലത്ത് ഉപേക്ഷിച്ച കാര്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. അമരവിളയിലെ മൈക്രോ ഫിനാൻസ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ആദിത്യൻ.