കോഴിക്കോട് : കുറ്റിക്കാട്ടൂരിൽ യുവാവ് ഷോക്കേറ്റ് മരിച്ച സംഭവം വിവാദത്തിൽ. കെഎസ്ഇബി ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് യുവാവിൻ്റെ ദാരുണ മരണത്തിന് കാരണമെന്ന ആരോപണം ബന്ധുക്കൾ ഉന്നയിച്ചതോടെയാണ് ഷോക്കേറ്റ് മരണം വിവാദമായത്. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് കുറ്റിക്കാട്ടൂർ മുണ്ടുപാലം റോഡിൽ എഡബ്ലിയു എച്ച് സ്‌റ്റോപ്പിന് സമീപം യുവാവ് ഷോക്കേറ്റ് മരിച്ചത്.
വാഹനം തകരാർ വന്നതിനെ തുടർന്ന് റോഡരികിലെ കടയുടെ മുൻവശത്ത് വാഹനം വച്ച ശേഷം കടയുടെ മുന്നിൽ സ്ഥാപിച്ച പന്തലിന്‍റെ ഇരുമ്പ് തൂണിൽ പിടിച്ചതോടെയാണ് യുവാവ് ഷോക്കേറ്റ് തെറിച്ചു വീണത്. മരിച്ച മുഹമ്മദ് റിജാസിന്‍റെ സഹോദരനായ മുഹമ്മദ് റാഫി കണ്ടു നിൽക്കെയാണ് സംഭവം നടക്കുന്നത്. ഉടൻ തന്നെ പ്രാഥമിക ചികിത്സ നൽകി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
കടയുടെ തൊട്ടരികിലുള്ള വൈദ്യുതി പോസ്‌റ്റിൽ നിന്നും കടയിലേക്ക് വൈദ്യുതി ലഭിക്കുന്നതിന് വേണ്ടി സ്ഥാപിച്ച സർവീസ് വയറിൽ നേരത്തെ ലീക്ക് ഉണ്ടായിരുന്നു. ഇതിൽ നിന്നും കടയുടമയ്‌ക്ക് ചെറിയ രീതിയിൽ ഇന്നലെ (മെയ് 19) രാവിലെ ഷോക്കേറ്റതിനെ തുടർന്ന് കടയുടമ കോവൂരിലെ കെഎസ്ഇബി ഓഫിസിൽ വിവരമറിയിച്ചു.
ഉടൻതന്നെ അവിടെ നിന്നും ഒരു ഉദ്യോഗസ്ഥൻ സ്ഥലത്തെത്തുകയും കടയുടമയിൽ നിന്നും വിവരങ്ങൾ ചോദിച്ചറിഞ്ഞ് പരാതി സ്വീകരിച്ചതായി അറിയിക്കുകയും ചെയ്‌തിരുന്നു. കൂടാതെ പ്രശ്‌നം പരിഹരിക്കാൻ എത്രയും പെട്ടെന്ന് ആളെത്തും എന്ന കാര്യവും കടയുടമയെ അറിയിച്ചു. അതിനുശേഷം ആരും തിരിഞ്ഞു നോക്കിയില്ലെന്നാണ് കടമയുടെ പറയുന്നത്.
കെഎസ്ഇബിയുടെ അനാസ്ഥയാണ് തൻ്റെ സഹോദരൻ്റെ ജീവൻ എടുക്കാൻ കാരണമെന്ന് മുഹമ്മദ് റിജാസിന്‍റെ സഹോദരൻ മുഹമ്മദ് റാഫി പറഞ്ഞു. തൻ്റെ സഹോദരൻ്റെ ജീവൻ പൊലിയാൻ ഇടയാക്കിയ കെഎസ്ഇബിയുടെ അനാസ്ഥയ്‌ക്കെതിരെ പരാതി നൽകുമെന്നും സഹോദരൻ അറിയിച്ചു.
ALSO READ : ഇരുമ്പ് തൂണിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം