കോഴിക്കോട് : താമരശ്ശേരി പരപ്പൻപൊയിലില്‍ യുവാവിനെ കൊടുവാള്‍ കൊണ്ട് വെട്ടിപ്പരിക്കേല്‍പിച്ചു. പരപ്പൻപൊയില്‍ മേടോത്ത് അജ്‌നാസിനാണ് വെട്ടേറ്റത്. കൈയ്‌ക്ക് പരിക്കേറ്റ അജ്‌നാസ് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവവുമായി ബന്ധപ്പെട്ട് ബന്ധുവായ മേടോത്ത് ഷാജിയെ താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയതു.
ദുബായില്‍ ബിസിനസ് നടത്തുന്ന അജ്‌നാസിന്‍റെയും ബന്ധുക്കളുടെയും പക്കല്‍ നിന്ന് അഞ്ചു വർഷം മുൻപ് 54 ലക്ഷം രൂപ വ്യാപാരം തുടങ്ങാനെന്ന് പറഞ്ഞ് ഷാജി കടം വാങ്ങിയിരുന്നെന്നും തിരികെ നല്‍കിയിട്ടില്ലെന്നും അജ്‌നാസ് പറയുന്നു. ഇരുവരും തമ്മിൽ സാമ്പത്തിക പ്രശ്‌നം നിലനില്‍ക്കുന്നതിനിടയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ അജ്‌നാസിന്‍റെ സഹോദരിയുടെ മകനെയും മകളെയും ട്യൂഷന് പോകുമ്പോഴും പള്ളിയില്‍ പോകുമ്പോഴും ഷാജി ഭീഷണിപ്പെടുത്തിയതായും വാഹനം ഇടിപ്പിക്കാൻ ശ്രമിച്ചതായും കാണിച്ച് രക്ഷിതാക്കള്‍ ഇന്നലെ താമരശ്ശേരി ഇൻസ്പെക്‌ടർക്ക് പരാതി നല്‍കിയിരുന്നു.
തുടർന്ന് ഷാജിയെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും ചെയ്‌തു. ഇതിന് പിന്നാലെയാണ് രാത്രിയില്‍ പരപ്പൻപൊയിലില്‍ വച്ച് അജ്‌നാസിനെ വെട്ടി പരിക്കേല്‍പ്പിച്ചത്. പ്രതിയെ കോടതി റിമാൻഡ് ചെയ്‌തു.