കോഴിക്കോട് : വിൽപ്പനയ്ക്കായി കൊണ്ടുവന്ന 12 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. അറ്റംപറമ്പിൽ റിജുൽ (28) ആണ് പിടിയിലായത്. കോഴിക്കോട് കുതിരവട്ടം മൈലമ്പാടി ജംഗ്ഷനിൽ വച്ചാണ് ഇയാൾ മെഡിക്കൽ കോളജ് പൊലീസിന്‍റെ പിടിയിലാകുന്നത്. ഈ ഭാഗത്ത് ആവശ്യക്കാർക്ക് എംഡിഎംഎ കൈമാറുന്നതിന് എത്തിയതായിരുന്നു റിജുൽ (Youth Arrested With 12 Grams of MDMA Brought For Sale In Kozhikode).
രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധനയ്ക്ക് എത്തിയത്.
മെഡിക്കൽ കോളജ് എസ്ഐ സൈഫുള്ള കാസിം, എഎസ്ഐ ഷാജി, ഡാൻസാഫ് സ്ക്വാഡ് എസ്ഐ മനോജ് എടോത്ത്, എഎസ്ഐ അബ്‌ദുൽ റഹ്മാൻ, ജിനീഷ് ചൂലൂര്‍, ഷിനോജ്, ശ്രീശാന്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. അറസ്‌റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കും.
അതേസമയം താമരശ്ശേരി ചുരത്തിൽവച്ച് 194 ഗ്രാം എംഡിഎംഎ കടത്താൻ ശ്രമിച്ച രണ്ട് പേരെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഉത്തരമേഖല എക്സൈസ് കമ്മിഷണർ സ്ക്വാഡിലെ ഇ ഐ ഷിജുമോന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ താമരശ്ശേരി റേഞ്ച് എക്‌സൈസ് സർക്കിൾ സംഘവും കമ്മിഷണർ സ്‌ക്വാഡും താമരശ്ശേരി സർക്കിൾ ഇൻസ്പെക്റ്റർ ഇ ജിനീഷിൻ്റെ നേതൃത്വത്തിൽ ഉള്ള സംഘവുമാണ് ഉണ്ണികുളം എസ്‌റ്റേറ്റ് മുക്ക് നായാട്ടുകുന്നുമ്മൽ വീട്ടിൽ ഫവാസ് (27) ബാലുശ്ശേരി കാട്ടാംവള്ളി പുള്ളാണിക്കൽ വീട്ടിൽ പി ജാസിൽ (23) എന്നിവരെ പിടികൂടിയത്.
ALSO READ:വിദ്യാർഥികൾക്കിടയിൽ എംഡിഎംഎ വിൽപന ; മൂവർ സംഘം പിടിയിൽ
ലഹരി വിൽപ്പന മൂവർ സംഘം പിടിയിൽ: വിദ്യാർഥികൾക്കിടയിൽ എംഡിഎംഎ വിൽപന (MDMA Sale Among Students) നടത്തിയതിൽ കോട്ടയത്ത് മൂവർ സംഘം എക്സൈസിന്‍റെ പിടിയിലായി. രാസലഹരിയായ എംഡിഎംഎയും കഞ്ചാവും വിദ്യാർഥികൾക്കും യുവാക്കൾക്കും നൽകാൻ കാറിൽ എത്തിച്ച് നൽകുമ്പോഴാണ് കഴിഞ്ഞ ദിവസം ചങ്ങനാശ്ശേരിയിൽ വച്ച് പ്രതികൾ എക്‌സൈസിന്‍റെ പിടിയിലായത്.
ചെങ്ങന്നൂർ കല്ലിശ്ശേരി സ്വദേശികളായ ജെത്രോ വർഗീസ് (27) സഹോദരൻ ജൂവൽ വർഗീസ് (31), സുഹൃത്ത് സോനു രാജു (32) എന്നിവരെ കോട്ടയം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്‌ടർ രാജ് പിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്‌റ്റ് ചെയ്‌തിരുന്നു. പ്രതികളെല്ലാവരും ബിരുദാനന്തര ബിരുദധാരികളും അധ്യാപകരായി ജോലി ചെയ്യുന്നവരുമാണ്. ഇവരിൽ നിന്നും 3.5 ഗ്രാം എംഡിഎംഎ, 20 ഗ്രാം കഞ്ചാവും മയക്കുമരുന്ന് കടത്തുവാനുപയോഗിച്ച കാറും കസ്‌റ്റഡിയിൽ എടുത്തിരുന്നു.