തിരുവനന്തപുരം: കഞ്ചാവ് കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച പ്രതിയെ വീണ്ടും കഞ്ചാവ് വിൽപന കേസിൽ ശിക്ഷിച്ചു. തിരുവനന്തപുരം ജില്ലയിൽ തമ്പാനൂർ വാർഡിൽ രാജാജി നഗർ ഫ്ലാറ്റ് നം 683 ൽ താമസിക്കുന്ന ചെവിയൻ സനൽ എന്ന് വിളിക്കുന്ന സനൽ കുമാറിനാണ് ശിക്ഷ വിധിച്ചത്. പ്രതി (44) 1.195 കിലോ കഞ്ചാവ് കൈവശം വച്ചു വില്‌പന നടത്താൻ ശ്രമിച്ചതിനാണ് ഒന്നാം അഡീഷണൽ സെഷൻസ് ജഡ്‌ജി കെ പി അനിൽ കുമാർ 4 വർഷം കഠിനതടവും 40000 രൂപ പിഴയും വിധിച്ചത്. പിഴ തുക അടക്കാത്ത പക്ഷം 6 മാസം അധിക കഠിന തടവും പ്രതി അനുഭവിക്കണം.
ഇതിന് മുൻപ് മറ്റൊരു കഞ്ചാവ് കേസിലും ജില്ല കോടതി പ്രതിയെ മൂന്ന് വർഷം ശിക്ഷിച്ചിരുന്നു. 2022 ലാണ് ആ കേസ് നടന്നത്. 2018 ഫെബ്രുവരി മൂന്നിനാണ് കേസിന് ആസ്‌പദമായ സംഭവം തമ്പാനൂർ രാജാജി നഗർ മാർക്കറ്റിനു സമീപത്ത് വച്ചു നടന്നത്. പ്രതിയിൽ നിന്നും 1.195 കിലോ കഞ്ചാവ് മാത്രമായി കന്‍റോൻമെന്‍റ് പൊലീസ് പിടികൂടി. കേസില്‍ പ്രോസീക്യൂഷൻ ഭാഗം 18 രേഖകളും 07 തൊണ്ടി മുതലുകൾ രേഖപ്പെടുത്തുകയും, 4 സാക്ഷികളെ വിസ്‌തരിക്കുകയും ചെയ്‌തു. പ്രോസിക്യൂഷൻ വേണ്ടി പബ്ലിക് പ്രോസീക്യൂട്ടർ ഡി ജി റെക്‌സ്, അഭിഭാഷകർ ആയ സി പി രഞ്ജു, ജി ആർ ഗോപിക, ഇനില എന്നിവർ ഹാജരായി.
Also read : പിടിച്ചത് 130 കിലോയോളം ; കൊടുങ്ങല്ലൂരിൽ പൊലീസിന്‍റെ വൻ കഞ്ചാവ് വേട്ട