കാസർകോട് : കീഴൂർ ഹാർബറിന് സമീപം ചൂണ്ടയിടുന്നതിനിടെ കാണാതായ പ്രവാസി യുവാവ് മുഹമ്മദ് റിയാസിന് വേണ്ടി മുങ്ങൽ വിദഗ്‌ധൻ ഈശ്വർ മൽപെ തെരച്ചിൽ തുടങ്ങി. കർണാടക ഷിരൂരിൽ അർജുന് വേണ്ടി തെരച്ചിൽ നടത്തിയ സംഘമാണ് കീഴൂരിൽ എത്തി തെരച്ചിൽ നടത്തുന്നത്. കീഴൂർ ഹാർബറിൽ ശനിയാഴ്‌ച പുലർച്ചെയാണ് ചൂണ്ടയിട്ട് മീൻ പിടിക്കാൻ ഇറങ്ങിയ ചെമ്മനാട് കല്ലുവളപ്പിലെ മുഹമ്മദ് റിയാസിനെ കാണാതായത്.
ഇത്രയും ദിവസമായിട്ടും അധികൃതർ വേണ്ട വിധത്തിൽ ഇടപെട്ടില്ലെന്ന് ആരോപിച്ച് ഇന്നലെ നാട്ടുകാർ കാഞ്ഞങ്ങാട് - കാസർകോട് സംസ്ഥാന പാത ഉപരോധിച്ചിരുന്നു. ഗൾഫിൽ ജോലി ചെയ്യുന്ന റിയാസ് ഒരുമാസം മുൻപാണ് നാട്ടിലെത്തിയത്. ശനിയാഴ്‌ച പുലർച്ചെ മീൻ പിടിക്കാനായി വീട്ടിൽ നിന്നിറങ്ങിയ റിയാസ് 9 മണി കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല.
ഇതോടെ ബന്ധുക്കളും പരിസരവാസികളും തെരച്ചിൽ ആരംഭിച്ചു. കീഴൂർ ഹാർബറിൽ നിന്നും വാഹനവും ബാഗും ലഭിച്ചെങ്കിലും റിയാസിനെ കണ്ടെത്താനായില്ല. പ്രദേശത്ത് പാഴ് വലകൾ കെട്ടിക്കിടക്കുന്നതിനാൽ മൃതദേഹം ഇവിടെ നിന്ന് ലഭിക്കുമെന്നാണ് നാട്ടുകാർ പ്രതീക്ഷിക്കുന്നത്. ജില്ല പൊലീസ് മേധാവി ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ പരിശോധിച്ചിരുന്നു. പൊലീസും ഫയർഫോഴ്‌സും സ്ഥലത്ത് എത്തിയിട്ടുണ്ട്.