കോഴിക്കോട്: മില്‍മയുടെ ഡാര്‍ക്ക് ചോക്ലേറ്റില്‍ നിന്നും നിറയെ പുഴുക്കളെ ലഭിച്ചതായി പരാതി. കോഴിക്കോട് താമരശേരി സ്വദേശിയാണ് പരാതിയുമായി രംഗത്തെത്തിയത്. ഇന്നലെ വൈകീട്ട് ഇദ്ദേഹം താമരശേരി പഴയ സ്റ്റാന്‍ഡിന് സമീപത്തുള്ള ബേക്കറിയില്‍ നിന്നും വാങ്ങിയ 40 രൂപ വില വരുന്ന ചോക്ലേറ്റിലാണ് പുഴുക്കളെ കണ്ടെത്തിയത്.
ചോക്ലേറ്റിന്‍റെ കവറിനകത്തെ അലൂമിനിയം ഫോയില്‍ പൊളിച്ചപ്പോഴാണ് നിറയെ പുഴുക്കളെ കണ്ടതെന്ന് പരാതിക്കാരന്‍ പറയുന്നു. ചോക്ലേറ്റിന്‍റെ പാക്കിങ് ഡേറ്റ് 2023 ഒക്ടോബര്‍ 16 നാണ് കാണിച്ചിരിക്കുന്നത്. 2024 ഒക്ടോബര്‍ 15 വരെയാണ് കാലാവധി ഉള്ളത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മില്‍മ അധികൃതര്‍ കടയിലെ സ്റ്റോക്ക് പിന്‍വലിക്കുകയും പുഴുക്കള്‍ നിറഞ്ഞ ചോക്ലേറ്റിന്‍റെ സാമ്പിള്‍ ശേഖരിക്കുകയും ചെയ്‌തു.
പരാതിയെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് കൊടുവള്ളി സര്‍ക്കിള്‍ ഉദ്യോഗസ്ഥർ പരിശോധന ആരംഭിച്ചു. കഴിഞ്ഞ ഒക്ടോബറിലാണ് മില്‍മ പുതിയ ഉത്പ്പന്നമായി ചോക്ലേറ്റ് ഉത്‌പാദനം ആരംഭിച്ചത്. സമാനമായ പരാതി മറ്റു ഭാഗങ്ങളില്‍ നിന്നും ഉണ്ടായതായും ഈ ബാച്ചിലെ ഉത്‌പ്പന്നം പൂര്‍ണമായും വിപണിയില്‍ നിന്നും പിന്‍വലിക്കുമെന്നും മില്‍മ അധികൃതര്‍ വ്യക്തമാക്കി.
Also Read: വീണ്ടും വില്ലനായി ഷവർമ; 19കാരൻ ഭക്ഷ്യ വിഷബാധയേറ്റ് മരിച്ചു, 12 പേർ ചികിത്സയിൽ