കോഴിക്കോട് : ഹോട്ടല്‍ മാലിന്യ ടാങ്കില്‍ തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ച സംഭവത്തില്‍ ഉടമയ്‌ക്കെതിരെ കേസെടുത്ത് ചേവായൂർ പൊലീസ്. ഹോട്ടല്‍ ഉടമയുടെയും കെട്ടിട ഉടമയുടെയും മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. ഐപിസി 304 (a) വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
കോഴിക്കോട് ഇരിങ്ങാടൻ പള്ളിയിലെ കാളാണ്ടിതാഴത്തെ അമ്മാസ് ഹോട്ടലിന്‍റെ അടുക്കള മാലിന്യ ടാങ്ക് ശുചീകരിക്കാനിറങ്ങിയ കോഴിക്കോട് കിനാലൂർ സ്വദേശി അശോകൻ (55), കൂട്ടാലിട നടുവണ്ണൂർ ചേലാറ്റിൻമേല്‍ വീട്ടില്‍ റിനീഷ് (50) എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്‌ച (മെയ് 31) വൈകുന്നേരം നാലോടെ ആയിരുന്നു സംഭവം. അടച്ചിട്ടിരുന്ന ഹോട്ടലിന്‍റെ പത്ത് അടി താഴ്‌ചയുളള മാലിന്യ ടാങ്കിലാണ് ദുരന്തമുണ്ടായത്.
രണ്ട് അടിയോളം മലിന ജലമുണ്ടായിരുന്ന ടാങ്കിലേക്ക് ഇറങ്ങാൻ കഷ്‌ടിച്ച് ഒന്നര അടി മാത്രം വ്യാസമുള്ള മാൻഹോളായിരുന്നു ഉണ്ടായിരുന്നത്. ഇതിലൂടെ ഇറങ്ങിയ ആദ്യ ആള്‍ ബോധരഹിതനായി മലിന ജലത്തില്‍ വീണു. ഇയാളെ രക്ഷിക്കാൻ ഇറങ്ങിയ രണ്ടാമത്തെ ആളും ബോധരഹിതനാവുകയായിരുന്നു. തുടർന്ന് മാൻഹോളിലിറങ്ങിയവർക്ക് അനക്കമില്ലാതായതറിഞ്ഞ് ഹോട്ടല്‍ നടത്തിപ്പുകാരി ജുബീന പരിസരവാസികളെ വിവരമറിയിച്ചു.
സ്ഥലത്തെത്തിയ അഗ്നി രക്ഷാസേന ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. ഓക്‌സിജൻ സിലിണ്ടർ ഘടിപ്പിച്ച ബ്രീത്തിങ് അപ്പാരറ്റസുമായി ഇടുങ്ങിയ മാൻഹോളിലൂടെ അഗ്നിരക്ഷ സേന ഓഫിസർ മനുപ്രസാദാണ് മാലിന്യ ടാങ്കിലിറങ്ങിയത്. മലിന ജലത്തില്‍ ബോധരഹിതരായി വീണു കിടക്കുകയായിരുന്ന രണ്ടു തൊഴിലാളികളെയും കയർകെട്ടിയാണ് മാൻഹോളിലൂടെ ഏറെ ദുഷ്‌കരമായി പുറത്തെടുത്തത്. ഈ സമയം രണ്ടുപേർക്കും അനക്കമുണ്ടായിരുന്നില്ല. ഉടൻ തന്നെ ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ALSO READ: കാറിനുളളിൽ സ്വിമ്മിംഗ് പൂൾ: നേരിട്ട് ഇടപെട്ട് ഹൈക്കോടതി; കര്‍ശന നടപടിക്ക് നിര്‍ദ്ദേശം