വയനാട്: തന്നെ ജയിപ്പിച്ച വയനാട്ടിലെ ജനതയ്ക്ക് നന്ദി പറഞ്ഞ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും എംപിയുമായ പ്രിയങ്കാ ഗാന്ധി വാദ്ര. വയനാടന്‍ ജനതയെ താന്‍ ഒരിക്കലും നിരാശപ്പെടുത്തില്ലെന്നും പ്രിയങ്ക ഉറപ്പ് നല്‍കി. തന്നെ പാര്‍ലമെന്‍റംഗമാക്കിയ എല്ലാവര്‍ക്കും ഹൃദയത്തില്‍ നിന്ന് നന്ദി പറഞ്ഞ് കൊണ്ടാണ് പ്രിയങ്ക മുക്കത്തെ പ്രസംഗം ആരംഭിച്ചത്.
യഥാര്‍ഥ മൂല്യം നിങ്ങളുടെ സ്‌നേഹത്തിലും വിശ്വാസത്തിലുമാണ്. നിങ്ങളുടെ പ്രതിനിധി എന്ന നിലയില്‍ പാര്‍ലമെന്‍റില്‍ നിങ്ങളുടെ ശബ്‌ദമുയര്‍ത്തും. നിങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അക്ഷീണം പ്രവര്‍ത്തിക്കുമെന്നും പ്രിയങ്ക ഉറപ്പ് നല്‍കി. നിങ്ങളുടെ വിശ്വാസങ്ങളും മൂല്യങ്ങളും പ്രതീക്ഷകളും ആഗ്രഹങ്ങളും ഓരോ ദിവസവും താന്‍ ഉയര്‍ത്തിപ്പിടിക്കും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
കഴിഞ്ഞ അഞ്ച് വര്‍ഷമായി വയനാടന്‍ ജനതയ്ക്ക് വേണ്ടി അവിശ്രമം പ്രവര്‍ത്തിക്കുന്ന തന്‍റെ സഹോദരന്‍ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക നന്ദി പറഞ്ഞു. അദ്ദേഹത്തിലുള്ള വിശ്വാസമാണ് നിങ്ങള്‍ എന്നിലും അര്‍പ്പിച്ചതെന്ന് തനിക്ക് മനസിലാകുന്നുണ്ട്. തനിക്ക് നല്‍കിയ സ്‌നേഹത്തിന് നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും നന്ദി പറയുന്നു. താന്‍ വയനാടിനെക്കുറിച്ച് പഠിച്ചെന്നും നിങ്ങളുടെ ഓരോ പ്രശ്‌നങ്ങളെക്കുറിച്ചും പൂര്‍ണ ബോധ്യമുണ്ടെന്നും പ്രിയങ്ക വ്യക്തമാക്കി. ഇപ്പോള്‍ താന്‍ ഇവിടെയെത്തിയിരിക്കുന്നത് നിങ്ങളില്‍ നിന്ന് കൂടുതല്‍ അറിയാനാണ്.
നിങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ച് ആഴത്തില്‍ അറിയേണ്ടതുണ്ട്. രാത്രിയാത്രാ നിരോധനവും മനുഷ്യ വന്യമൃഗ സംഘര്‍ഷവും എല്ലാം തനിക്കറിയാം. ആരോഗ്യസേവനങ്ങളുടെ പരിമിതിയും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആവശ്യകതയും സംബന്ധിച്ചും തനിക്ക് മനസിലായിട്ടുണ്ട്. ഇതിനെല്ലാം വേണ്ടി പോരാടാനാണ് താന്‍ ഇപ്പോള്‍ ഇവിടെയുള്ളത്. നിങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ച് ഇതേക്കുറിച്ചെല്ലാം മനസിലാക്കും. നിങ്ങളുടെ വീടുകളിലേക്ക് ഞാനെത്തും. നിങ്ങളെ ഓരോരുത്തരെയും നേരിട്ട് കാണും. തന്‍റെ ഓഫിസിന്‍റെ വാതിലുകള്‍ എപ്പോഴും നിങ്ങള്‍ക്ക് വേണ്ടി തുറന്നിരിക്കും. ആരെയും നിരാശപ്പെടുത്തില്ലെന്നും പ്രിയങ്ക ആവര്‍ത്തിച്ച് വ്യക്തമാക്കി.
മുപ്പത്തിയഞ്ച് വര്‍ഷമായി താന്‍ തെരഞ്ഞെടുപ്പുകളില്‍ പ്രചാരണം നടത്തുന്നു. ഈ തെരഞ്ഞെടുപ്പിലാണ് തനിക്ക് വേണ്ടി പ്രചാരണം നടത്തിയത്. ഈ മുപ്പത്തിയഞ്ച് വര്‍ഷത്തിനിടെ ലക്ഷക്കണക്കിന് ജനങ്ങളെ താന്‍ കണ്ടു. തനിക്ക് വേണ്ടി കാത്ത് നിന്ന ഓരോ വയനാട്ടുകാരെയും തനിക്ക് ഓര്‍മ്മയുണ്ട്. ഓരോ അമ്മമാരെയും കുഞ്ഞുങ്ങളെയും ഓര്‍ക്കുന്നു. നിങ്ങളുടെ ആലിംഗനങ്ങളും ചുംബനങ്ങളും നിങ്ങള്‍ തന്നെ പൂക്കളും എല്ലാം എന്‍റെ ഓര്‍മ്മയിലുണ്ടെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
'ബിജെപി ജനാധിപത്യ മൂല്യങ്ങള്‍ പിന്തുടരുന്നില്ല', വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
ബിജെപിക്കെതിരെയും തന്‍റെ നന്ദി പറയല്‍ പ്രസംഗത്തില്‍ പ്രിയങ്ക ആഞ്ഞടിച്ചു. രാഷ്‌ട്രീയ എതിരാളികളെ ആക്രമിക്കുമ്പോള്‍ ബിജെപി നിയമങ്ങളും ജനാധിപത്യ രീതികളും പിന്തുടരുന്നില്ലെന്നായിരുന്നു പ്രിയങ്കയുടെ ആക്ഷേപം. വയനാട് ദുരന്തത്തില്‍ നടപടികളെടുക്കുന്നതില്‍ ബിജെപി യാതൊരു ജനാധിപത്യ മര്യാദകളും പാലിച്ചില്ല. യാതൊരു വിശദീകരണവും നല്‍കാനും അവര്‍ തയാറായില്ല. ഭരണഘടനാ സ്ഥാപനങ്ങള്‍ അവര്‍ അട്ടിമറിക്കുന്നു. ജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പില്‍ പോലും ഉള്ള വിശ്വാസം നഷ്‌ടമായിരിക്കുന്നുവെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി. എല്ലാം നശിപ്പിക്കുക എന്ന അജണ്ടയാണ് ബിജെപിക്ക് ഉള്ളതെന്നും മലപ്പുറത്തെ നിലമ്പൂര്‍ നിയമസഭ മണ്ഡലത്തിലുള്ള കരുളായിലെ പ്രസംഗത്തില്‍ പ്രിയങ്ക ആരോപിച്ചു.
കോണ്‍ഗ്രസും പ്രതിപക്ഷവും ചില കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് ഭയന്ന് ഒരാഴ്‌ചയോളം ലോക്‌സഭാ നടപടികള്‍ അവര്‍ റദ്ദാക്കിയെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി. നമുക്ക് മുന്നില്‍ വലിയ പോരാട്ടമാണ് ഉള്ളത്. ഭരണഘടന സംരക്ഷിക്കാനായി കനത്ത പോരാട്ടം ആവശ്യമാണ്. യാതൊരു സമ്മര്‍ദങ്ങള്‍ക്കും വഴങ്ങാത്ത ഒരു നീതിന്യായ സംവിധാനം നമുക്ക് ആവശ്യമുണ്ട്. തന്‍റെ സഹോദരന് നല്‍കിയ അതേ സ്‌നേഹവും വാത്സല്യവും വയനാട്ടുകാര്‍ തനിക്ക് നല്‍കുന്നതില്‍ താന്‍ വലിയ നന്ദിയുള്ളവളാണെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
കഠിനമായ ചൂടിനെ വകവയ്ക്കാതെ ആയിരങ്ങളാണ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും സ്വീകരിക്കാൻ ഒഴുകിയെത്തിയത്. എംപിയായതിന് ശേഷം ആദ്യമായി വയനാട് മണ്ഡലത്തിലെത്തിയ പ്രിയങ്ക ഗാന്ധിക്ക് സ്നേഹവും ആവേശവും നിറഞ്ഞ ഉജ്ജ്വല സ്വീകരണമാണ് പ്രവർത്തകർ നൽകിയത്. രാവിലെ മുതൽ തന്നെ മലയോര മേഖലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും സ്ത്രീകളും കുട്ടികളും യുവതികളും യുവാക്കളും പ്രായമായവരും ഉൾപ്പെടെ വൻ ജനാവലിയായിരുന്നു മുക്കത്തേക്ക് ഒഴുകിയെത്തിയത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് പ്രിയങ്ക വയനാട്ടില്‍ എത്തിയത്.
കനത്ത ചൂടിനെ അവഗണിച്ച് റോഡിലും റോഡരികിലും കെട്ടിടങ്ങൾക്ക് മുകളിലുമായി കാത്തിരുന്ന ആയിരങ്ങളെ ഇരുവരും അഭിവാദ്യം ചെയ്‌തു. ചരിത്രപരമായ ഭൂരിപക്ഷം നൽകി വയനാടിന്‍റെ ശബ്‌ദമാകാൻ പാർലമെൻ്റിലെത്തിച്ച ജനതയോട് നന്ദി പറഞ്ഞു കൊണ്ടാണ് ഇരുവരും പ്രസംഗം തുടങ്ങിയത്.
ഈ മാസം 28നാണ് പ്രിയങ്ക ലോക്‌സഭാംഗമായി സത്യപ്രതിജ്ഞ ചെയ്‌ത് ചുമതലയേറ്റത്. കയ്യില്‍ ഭരണഘടനയുമായാണ് പ്രിയങ്ക സത്യപ്രതിജ്ഞ ചെയ്‌തത്. കേരള കസവ് സാരി അണിഞ്ഞായിരുന്നു പ്രിയങ്ക സത്യപ്രതിജ്ഞയ്ക്ക് എത്തിയത്.
നാല് ലക്ഷത്തില്‍പ്പരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പ്രിയങ്ക ഗാന്ധി സിപിഐയുടെ സത്യന്‍ മൊകേരിയെ വയനാട്ടില്‍ പരാജയപ്പെടുത്തിയത്. ഉത്തര്‍പ്രദേശിലെ റായ്‌ബറേലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനാല്‍ രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തിലെ എംപി സ്ഥാനം ഒഴിഞ്ഞതോടെയാണ് വീണ്ടും മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
Also Read: പൈതൃകത്തോടുള്ള ആദരവ്; കേരളാ സാരിയിൽ പ്രിയങ്ക ഗാന്ധി