ന്യൂഡൽഹി : കേരളത്തിന്‍റെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമായി 5000 കോടി രൂപ കടമെടുക്കാന്‍ അനുവദിക്കാമെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍. എന്നാല്‍ 5000 കോടി കൊണ്ട് ഒന്നുമാവില്ലെന്ന് അറിയിച്ച കേരളം കുറഞ്ഞത് 10,000 കോടിയെങ്കിലും കടമെടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. സാമ്പത്തിക പ്രതിസന്ധി നേരിടാൻ മാർച്ച് 31നകം കേരളത്തിന് പണം നല്‍കുന്ന കാര്യം പരിഗണിക്കണമെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥൻ എന്നിവരുടെ ബെഞ്ച് ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് കേന്ദ്രത്തിന്‍റെ പ്രസ്‌താവന.
കടമെടുക്കുന്നതിന് പരിധി ഏർപ്പെടുത്തിക്കൊണ്ട്, സംസ്ഥാനത്തിന്‍റെ ധനകാര്യ അധികാരങ്ങള്‍ വിനിയോഗിക്കുന്നതില്‍ കേന്ദ്രം ഇടപെടുന്നുവെന്ന് ആരോപിച്ച് സർക്കാർ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. കോടതിയുടെ നിർദ്ദേശം പരിഗണിച്ച്, വളരെ അസാധാരണമായ നടപടിയായി കടമെടുക്കാന്‍ അനുവദിക്കാമെന്നാണ് അഡീഷണൽ സോളിസിറ്റർ ജനറൽ എൻ വെങ്കിട്ടരാമൻ കോടതിയില്‍ പറഞ്ഞത്.
2024-25 സാമ്പത്തിക വർഷത്തിലെ ആദ്യ ഒമ്പത് മാസത്തേക്ക് 5,000 കോടി രൂപ കേരളത്തിന്‍റെ വായ്‌പ പരിധിയിൽ നിന്ന് കുറയ്ക്കുമെന്നും കേരളത്തിന് അഡ്-ഹോക് കടമെടുക്കാനാകില്ലെന്നുമുള്ള നിബന്ധനയോടെയാണ് ഇത് അനുവദിക്കുന്നതെന്ന് എഎസ്‌ജി കോടതിയില്‍ അറിയിച്ചു. കേരള സർക്കാരിൽ നിന്ന് നിശ്ചിത വിവരങ്ങളും രേഖകളും ലഭിച്ചാൽ മാത്രമേ 2024-25ൽ വായ്പയെടുക്കുന്നതിനുള്ള സമ്മതപത്രം നൽകൂവെന്നും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന് സംസ്ഥാനം ബജറ്റിൽ പ്രഖ്യാപിച്ച പ്ലാൻ ബി സമർപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
2024-25 ലെ അവസാന പാദത്തിൽ വായ്പയെടുക്കാനുള്ള സമ്മതം നൽകുന്നതിന് മുമ്പ് സംസ്ഥാനം പദ്ധതി നടപ്പിലാക്കണമെന്നും എഎസ്‌ജി പറഞ്ഞു. എന്നാല്‍ ഇത് ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് കേരളത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ പറഞ്ഞു. സംസ്ഥാനത്തിന് കടമെടുക്കാൻ അർഹതയില്ലെന്ന തരത്തിലാണ് എഎസ്‌ജി നിര്‍ദേശങ്ങള്‍വച്ചിരിക്കുന്നതെന്ന് കപില്‍ സിബല്‍ വാദിച്ചു.
'ഞങ്ങളുടെ ഹര്‍ജി തള്ളണം എന്ന ഉദ്ദേശത്തിലാണ് എഎസ്‌ജിയുടെ നിര്‍ദേശം. അതുകൊണ്ടാണ് അടുത്ത സാമ്പത്തിക വർഷത്തിലെ ചില വായ്പകൾ തടഞ്ഞ് ഞങ്ങളുടെ ചെലവുകൾ നിയന്ത്രിക്കുന്നത്. 5,000 കോടി രൂപ ഞങ്ങൾക്ക് ഒന്നുമാകില്ല. യാതൊരു നിബന്ധനയുമില്ലാതെ ഏറ്റവും കുറഞ്ഞത് 10,000 കോടി രൂപയാണ് ഞങ്ങള്‍ക്ക് ആവശ്യം' - അദ്ദേഹം പറഞ്ഞു.
എഎസ്‌ജി സമർപ്പിച്ച നിബന്ധനകളില്‍ കഴമ്പുണ്ടെന്ന് പറഞ്ഞ കോടതി,കേന്ദ്ര നിര്‍ദേശങ്ങളെ അഭിനന്ദിച്ചു. നിലവിലുള്ള വ്യവസ്ഥകളനുസരിച്ച് 5,000 കോടി എന്നത് 10,000 കോടി രൂപ ആക്കാന്‍ ആവശ്യപ്പെടാന്‍ മാത്രമേ കഴിയൂ എന്ന് സുപ്രീം കോടതി അറിയിച്ചു. ഇത് സംബന്ധിച്ച ചർച്ചകൾ നിങ്ങൾക്ക് തുടരാമെന്നും ഇപ്പോള്‍ 5,000 കോടി രൂപ സ്വീകരിക്കൂ എന്നും കോടതി അറിയിച്ചു. വിഷയത്തില്‍ വാദം കേള്‍ക്കുന്നത് അടുത്തയാഴ്‌ചയിലേക്ക് നീട്ടണമെന്ന് ബെഞ്ചിനോട് കപില്‍ സിബല്‍ ആവശ്യപ്പെട്ടു. തുടർന്ന് കോടതി മാർച്ച് 21 ലേക്ക് ഹര്‍ജി മാറ്റിവച്ചു.