ഇടുക്കി: മനുഷ്യ വന്യമൃഗ ശല്യം ലഘൂകരിക്കാൻ വനം വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികളോട് വിയോജിപ്പ് പ്രകടിപ്പിച്ച് ചിന്നക്കനാലിലെ ഗോത്രസമൂഹം. തങ്ങളുടെ കുടികൾക്ക് മാത്രമായി സംരക്ഷണം വേണ്ട. കൃഷി ഭൂമിയും സംരക്ഷിക്കണമെന്ന് ചിന്നക്കനാലിലെ ഗോത്ര ജനത പറയുന്നു.
കാട്ടാന ആക്രമണം തടയുന്നതിനായി വനം വകുപ്പ് വിഭാവനം ചെയ്‌ത ഫെൻസിങ്ങ് പദ്ധതി കുടികളിൽ മാത്രമായി നടപ്പാക്കേണ്ടെന്നാണ് ആദിവാസി ജനതയുടെ നിലപാട്. 301 കോളനിയെ മുൻപേ തന്നെ പദ്ധതിയിൽ നിന്ന് ഒഴിവാക്കിയിരുന്നു.
ചിന്നക്കനാൽ ചെമ്പകത്തൊഴു കുടി നിവാസികളാണ് വനം വകുപ്പ് പ്രഖ്യാപിച്ച ഹാങ്ങിങ് ഫെൻസിങ്ങ് പദ്ധതിയോട് എതിർപ്പ് പ്രകടിപ്പിച്ചിരിക്കുന്നത്. തങ്ങൾ താമസിക്കുന്ന കുടികൾക്ക് ചുറ്റുമായി മാത്രം ഫെൻസിങ് വേണ്ടെന്നാണ് ഇവരുടെ നിലപാട്. കൃഷി ഭൂമിയും സംരക്ഷിയ്ക്കണമെന്ന് ഇവർ ആവശ്യപെടുന്നു.
കുടിയില്‍ ഇതുവരെ കാട്ടാന ആക്രമണം ഉണ്ടായിട്ടില്ല. കൃഷിഭൂമി പതിവായി കാട്ടാന കൂട്ടം നശിപ്പിക്കാറുണ്ട്. കുടിയില്‍ മാത്രമായി വേലി, ഒരുക്കാതെ തങ്ങളുടെ ജീവിത മാര്‍ഗവും സംരക്ഷിയ്ക്കപെടണമെന്നാണ് ഇവരുടെ ആവശ്യം.
2003 ല്‍ ആദിവാസി പുനരധിവാസ പദ്ധതി നടപ്പിലാക്കിയ ശേഷം മാത്രം, മതികെട്ടാന്‍ ചോലയോട് ചേര്‍ന്ന് കിടക്കുന്ന ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളില്‍ 47 ജീവനുകള്‍ കാട്ടാന ആക്രമണത്തില്‍ നഷ്‌ടപെട്ടു. ഹെക്‌ടറുകണക്കിന് കൃഷി ഭൂമിയും നിരവധി വീടുകളും നശിപ്പിക്കപെട്ടു. കാട്ടാന ശല്യം കുറയ്ക്കുന്നതിനായാണ് ചിന്നക്കനാലിലെ പന്തടിക്കളം, ചെമ്പകത്തൊഴു കുടി, സിങ്കുകണ്ടം, ബിഎല്‍ റാം മേഖലകളില്‍ ഹാങ്ങിങ് ഫെന്‍സിങ്ങ് ഒരുക്കാന്‍ വനം വകുപ്പ് പദ്ധതി ഒരുക്കിയത്.
പന്തടികളത്ത് അഞ്ചും, ബിഎല്‍റാമില്‍ മൂന്നും, സിങ്കുകണ്ടത്ത് എട്ടും കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് ഫെന്‍സിങ്ങ് ഒരുക്കുക. കാട്ടാന ശല്യം ഏറ്റവും രൂക്ഷമായ 301 കോളനിയെ മുന്‍പെ തന്നെ പദ്ധതിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇതോടൊപ്പമാണ്, കൃഷി ഭൂമി സംരക്ഷിക്കാത്ത പദ്ധതിക്കെതിരെ എതിര്‍പ്പുമായി ചെമ്പകത്തൊഴു കുടിനിവാസികളും രംഗത്ത് എത്തിയിരിക്കുന്നത്.