ഇടുക്കി: ഏറെനേരം നാടിനെ മുൾമുനയിൽ നിർത്തി മുറിവാലൻ കൊമ്പൻ. പൂപ്പാറ ടൗണിന് സമീപം വൈകീട്ട് നാലരയോടെയാണ് കൊമ്പൻ എത്തിയത്. ടൗണിലെ ഒരു ഹോട്ടലിന് 100 മീറ്റർ അകലെയെത്തിയ ഒറ്റയാനെ കാണാൻ വാഹനങ്ങൾ നിർത്തി യാത്രക്കാർ കൂട്ടത്തോടെ റോഡിൽ ഇറങ്ങിയതും പരിഭ്രാന്തി സൃഷ്‌ടിച്ചു.
ചിന്നക്കനാൽ സ്പെഷ്യൽ ആർആർടി യൂണിറ്റ് അംഗങ്ങൾ ആനയെ കാട്ടിലേക്ക് തുരത്താൻ ശ്രമിക്കുന്നതിനിടെ ആന ദേശീയ പാതയിലിറങ്ങി. സ്ഥലത്തെത്തിയ ശാന്തൻപാറ പൊലീസിന് ആളുകളെ നിയന്ത്രിക്കാൻ ഏറെ പാടുപെടേണ്ടി വന്നു. ചിലർ ആന നിന്നിരുന്ന തേയില തോട്ടത്തിലേക്ക് ഇറങ്ങിയതും ആളുകൾ ബഹളം വച്ചതും ആനയെ പ്രകോപിപ്പിച്ചു.
വനപാലകരും ആർആർടി അംഗങ്ങളും ഏറെ പണിപ്പെട്ടാണ് ആനയെ ഇവിടെ നിന്ന് തുരത്തിയത്. എസ്റ്റേറ്റ് പൂപ്പാറ ചെമ്പാല ഭാഗത്തേക്കാണ് ഒറ്റയാൻ പോയത്. ജനവാസ മേഖലയായ ഇവിടെ ആളുകളോട് ജാഗ്രത പാലിക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
ALSO READ: ഇടുക്കിയില്‍ കനാലിലെ ഗ്രില്ലില്‍ കുടുങ്ങി ആന; ഷട്ടർ അടച്ച് രക്ഷപ്പെടുത്തി