പത്തനംതിട്ട: തുലാപ്പള്ളിയില്‍ വീട്ടു മുറ്റത്തെത്തിയ കാട്ടാനയെ തുരത്താനുള്ള ശ്രമത്തിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ ഗൃഹനാഥൻ കൊല്ലപ്പെട്ടു. പുളിക്കുന്നത്ത് മലയില്‍ കുടിലില്‍ ബിജു (50) ആണ് വീടിന് സമീപം ഇറങ്ങിയ കാട്ടാനയെ ഓടിക്കാനുള്ള ശ്രമത്തിനിടെ ആനയുടെ ആക്രമണത്തില്‍ മരിച്ചത്. ഓട്ടോഡ്രൈവറാണ് ബിജു.
ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. വീടിന്‍റെ മുറ്റത്ത് ആന കൃഷികള്‍ നശിപ്പിക്കുന്ന ശബ്‌ദം കേട്ടാണ് ബിജു എഴുന്നേറ്റത്. കൃഷി നശിപ്പിക്കുന്നത് തടയാനായി ആനയെ ഓടിക്കാൻ ഇറങ്ങിയതായിരുന്നു. ഇതിനിടെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.
തുടർന്നു വീട്ടില്‍ നിന്നും 50 മീറ്ററോളം അകലെയായി ബിജുവിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞ് പമ്പ പൊലീസും കണമല ഫോറസ്‌റ്റ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. രാവിലെ 8 മണിക്കാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ മൃതദേഹം മെഡിക്കൽ കോളജിലേക്ക് എത്തിച്ചത്.
കളക്‌ടർ ഉൾപ്പെടെ അധികൃതർ സ്ഥലത്തെത്തണമെന്നാവശ്യപ്പെട്ട് മൃതദേഹം സ്ഥലത്തു നിന്ന് മാറ്റാൻ പൊലീസിനെ അനുവദിക്കാതെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് ജില്ല കളക്‌ടർ സ്ഥലത്തെത്തി നാട്ടുകാരായി ചർച്ച നടത്തി.
ബിജുവിന്‍റെ കുടുംബത്തിന് നഷ്‌ട പരിഹാരം നൽകുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാമെന്ന കളക്‌ടറുടെ ഉറപ്പിലാണ് മൃതദേഹം സ്ഥലത്തു നിന്നും മാറ്റാൻ നാട്ടുകാർ അനുവദിച്ചത്. ഡെയ്‌സിയാണ് ബിജുവിന്‍റെ ഭാര്യ. ജിൻസണ്‍, ബിജോ എന്നിവര്‍ മക്കളാണ്.