ഇടുക്കി: മാങ്കുളത്ത് ജനവാസ മേഖലയില്‍ കാട്ടാനയുടെ സാന്നിധ്യം. മാങ്കുളം ഗ്രാമപഞ്ചായത്തിലെ അമ്പതാംമൈല്‍ അന്തോണിപുരം ഭാഗത്താണ് ആന ഇറങ്ങിയത്. പ്രദേശവാസികൾ ശബ്‌ദമുണ്ടാക്കിയതോടെ ആന വനത്തിലേക്ക് തിരികെ കയറി.
മേഖലയിൽ ആദിവാസി കുടുംബങ്ങളടക്കം താമസിക്കുന്നുണ്ട്. കാട്ടാന കൃഷിയിടത്തിൽ ഇറങ്ങിയതോടെ കാര്‍ഷിക വൃത്തിയിലൂടെ ഉപജീവനം നയിക്കുന്ന പ്രദേശവാസികൾ ഭീതിയിലാണ്. ആന താല്‍ക്കാലികമായി പിന്‍വാങ്ങിയെങ്കിലും വീണ്ടും വരുമോ എന്ന ആശങ്കയിലാണെന്ന് പ്രദേശവാസികൾ പറഞ്ഞു.
സാധാരണക്കാരായ ആളുകള്‍ താമസിക്കുന്ന പ്രദേശമായതിനാല്‍ വേണ്ട രീതിയില്‍ അറച്ചുറപ്പില്ലാത്ത വീടുകളും ഈ ഭാഗത്തുണ്ട്. ആന താല്‍ക്കാലികമായി ഇവിടെ നിന്നും പിന്‍വാങ്ങിയെങ്കിലും തിരികെയെത്തി നാശം വരുത്തുമോയെന്ന ആശങ്ക ആളുകള്‍ക്കിടയിലുണ്ട്. കാട്ടാനയ്‌ക്ക് പുറമെ കാട്ടുപന്നി അടക്കമുള്ള മൃഗങ്ങലുടെ ശല്യവും പ്രദേശത്തുണ്ട്.
മാങ്കുളം ടൗണിന് സമീപം പള്ളിക്കുന്ന് മേഖലയില്‍ കാട്ടാനകളുടെ സാന്നിധ്യമുള്ളതായി പ്രദേശവാസികള്‍ പറഞ്ഞിരുന്നു. ഈ പ്രദേശത്തടക്കം കാട്ടാനകള്‍ ജനവാസ മേഖലയില്‍ ഇറങ്ങുന്നത് തടയാന്‍ വനംവകുപ്പ് ഫലപ്രദമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.