കോഴിക്കോട് : വിനോദ സഞ്ചാരികൾക്ക് നേരെ കാട്ടുപോത്തിന്റെ ആക്രമണമുണ്ടായ കക്കയം ഡാം സൈറ്റിലെ വിനോദ സഞ്ചാരകേന്ദ്രങ്ങൾ അടച്ചു (Wild Buffalo Attack). ഡാംസൈറ്റിലെ ഹൈഡൽ ടൂറിസം, ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ ബുധനാഴ്ച വരെ സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തിയതായി പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫീസർ കെ.വി. ബിജു അറിയിച്ചു.
വിനോദസഞ്ചാരികളെ ആക്രമിച്ച കാട്ടുപോത്തിനെ കാട്ടിനുള്ളിലേക്ക് തുരത്താനായി ഫോറസ്റ്റ് ആർആർടി സംഘം കക്കയം ഡാംസൈറ്റിലെത്തി പരിശോധന തുടരുകയാണ്. ഇന്നലെ ഉച്ചയോടെ പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ചിന്റെയും കക്കയം വൈൽഡ് ലൈഫ് സെക്ഷന്റെയും കീഴിലുള്ള ഉദ്യോഗസ്ഥ സംഘവും താമരശ്ശേരി റേഞ്ചിൽനിന്നെത്തിയ അഞ്ചംഗ ആർആർടി സംഘവുമാണ് കാട്ടുപോത്തിനായി തിരച്ചിൽ ആരംഭിച്ചത്. എന്നാൽ ഇതുവരെയും ആക്രമണകാരിയായ കാട്ടുപോത്തിനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
കക്കയം ഡാംസൈറ്റ് ചിൽഡ്രൻസ് പാർക്കിന് സമീപം ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് വിനോദസഞ്ചാര സംഘത്തിൽപ്പെട്ട അമ്മയെയും മകളെയും കാട്ടുപോത്ത് ആക്രമിച്ചത്. പരിക്കേറ്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഐസിയുവിലുള്ള യുവതിയെയും മകളെയും വനംവകുപ്പ് ഉദ്യോഗസ്ഥ സംഘം സന്ദർശിച്ചു. യുവതിയുടെ വാരിയെല്ലിന് പൊട്ടലും തലയ്ക്ക് ക്ഷതവുമുണ്ട്. അമ്മയും മകളും അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.
അതിനിടെ കക്കയത്തെ ജനവാസ മേഖലയിലേക്ക് വന്യമൃഗങ്ങൾ പ്രവേശിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് 'വിഫാം' പ്രവർത്തകർ കക്കയം അങ്ങാടിയിൽ പ്രകടനം നടത്തി.