തിരുവനന്തപുരം : സംസ്ഥാനത്തെ വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനായ ഉന്നതാധികാര സമിതി യോഗം ഇന്ന് ചേരും (Wild animal attack in Kerala official meeting of ministers). രാവിലെ 11.30ന് ഓൺലൈന്‍ ആയാണ് യോഗം ചേരുക. യോഗത്തിൽ മന്ത്രിമാരും ചീഫ് സെക്രട്ടറിയും പങ്കെടുക്കും.
വകുപ്പുകളുടെ പ്രവർത്തന പുരോഗതിയും യോഗം വിലയിരുത്തും. മന്ത്രിസഭ യോഗത്തിൽ രൂപം നൽകിയ മൂന്ന് സമിതികളുടെ പ്രവർത്തനവും യോഗത്തിൽ വിലയിരുത്തും. പ്രശ്‌നബാധിത മേഖലകളിൽ കൂടുതൽ വാച്ചർമാരെ നിയോഗിക്കുക, നിലവിലുള്ള റാപ്പിഡ് റെസ്പോൺസ് ടീമുകളെ ശാക്തീകരിക്കുക, വനത്തിനുള്ളിൽ മൃഗങ്ങൾക്ക് വെള്ളം ഉറപ്പാക്കുക തുടങ്ങി മന്ത്രിസഭ യോഗം നിർദേശിച്ച പരിഹാര നടപടികളുടെ പ്രവർത്തന പുരോഗതിയും ഇന്ന് ചേരുന്ന ഉന്നതതല യോഗം വിലയിരുത്തും.
മാത്രമല്ല വന്യജീവി പ്രശ്‌നത്തിൽ പുതിയ പദ്ധതികൾ തയ്യാറാക്കാൻ അന്തർദേശീയ വിദഗ്‌ധരെ ഉൾപ്പെടുത്തി സമിതി രൂപീകരിക്കുമെന്നും മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. ഇക്കാര്യത്തിലും ഇന്ന് തീരുമാനം ഉണ്ടാകാനാണ് സാധ്യത.